മുംബൈ: ഇത്തവണത്തെ ഐപിഎല്‍ താരലേലം ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നിരാശ മാത്രമാണ് നല്‍കിയത്. ഒരു ടീമും താരത്തെ വാങ്ങാന്‍ മുന്നോട്ടുവന്നില്ല. ഇതോടെ പൃഥ്വി ഷായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

To advertise here,

ഇതിന് പിന്നാലെ താരത്തിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ ട്രോളുന്നതെന്ന് മനസിലാകുന്നില്ലെന്നും അത് പലപ്പോഴും വേദനിപ്പിക്കാറുണ്ടെന്നും താരം വീഡിയോയില്‍ പറയുന്നു. ഒരിക്കല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തതിനും ട്രോളുകള്‍ നേരിട്ടെന്നും താരം പറയുന്നു. തന്നെ എപ്പോഴും ആളുകള്‍ ശ്രദ്ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ സംസാരവിഷയമാകുന്നതെന്ന് അറിയാമെന്നും തന്നെ കുറിച്ച് വരുന്ന എല്ലാ ട്രോളുകളും മീമുകളും താന്‍ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ അണ്ടര്‍-19 കിരീടം നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2018 മുതല്‍ ഏഴ് ഐപിഎല്‍ സീസണുകളില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനായി കളിച്ചു. എന്നാല്‍ ഇത്തവണ താരത്തെ എല്ലാവരും കൈയൊഴിഞ്ഞു. അടിസ്ഥാന വില രണ്ട് കോടിയില്‍ നിന്ന് 75 ലക്ഷം രൂപയായി കുറച്ചിട്ടും ആരും വാങ്ങിയില്ല. നേരത്തെ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍നിന്നും പൃഥ്വി ഷായെ പുറത്താക്കിയിരുന്നു.