ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം സീസണ് മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത്. CSK ഒപ്പുവെച്ച ഏറ്റവും വലിയ ട്രേഡ് ഡീൽ കൂടിയാണ് ഇത്. ഒരു വ്യാഴവട്ടക്കാലം ചെന്നെെയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രവീന്ദ്ര ജഡേജയെ വിട്ടുനൽകിക്കൊണ്ടാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയതെന്നുള്ളതും ശ്രദ്ധേയമാണ്.
മൂന്ന് കളിക്കാർ, 18 കോടി രൂപ
മൂന്ന്-കളിക്കാർ ഉൾപ്പെട്ട ട്രേഡ് ഡീലായിരുന്നു സഞ്ജുവിന്റെ കൈമാറ്റം. നിലവിലെ കരാർ തുകയായ 18 കോടി രൂപയ്ക്ക് തന്നെയാണ് സഞ്ജു ചെന്നെെ സൂപ്പർ കിങ്സിലേക്ക് പോകുന്നത്. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ പ്രധാന ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകിയത് എന്നുള്ളത് ഫാൻസിന് അത്ഭുതമായിരുന്നു. പ്രത്യേകിച്ച് ചെന്നെെയുടെ ഐപിഎൽ വിജയങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന ജഡേജയെ വിട്ടുകൊടുക്കാൻ തയ്യാറായത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു.
ട്രേഡ് കരാറിൻ്റെ ഭാഗമായി, രവീന്ദ്ര ജഡേജയുടെ നിലവിലെ കരാർ ഫീസ് 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി രാജസ്ഥാനിലേക്ക് പോകുമ്പോൾ കുറയും. കൂടാതെ, ചെന്നെെ 2.4 കോടി രൂപയ്ക്ക് വാങ്ങിയ സാം കറനെയും രാജസ്ഥാൻ ട്രേഡിൽ ഉൾപ്പെടുത്തി. ബിസിസിഐയുടെ അംഗീകാരത്തോടെയാണ് ഈ ഇടപാട് ഔദ്യോഗികമായി ഇരു ഫ്രാഞ്ചൈസികളും ശനിയാഴ്ച സ്ഥിരീകരിച്ചത്.
CSK-യുടെ ലക്ഷ്യം
ഈ ട്രേഡ് CSK-ക്ക് എടുക്കേണ്ടി വന്ന ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു എന്ന് മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ വ്യക്തമാക്കയിരുന്നു. ടീമിൻ്റെ ഘടനയും ഭാവിയും കണക്കിലെടുത്താണ് ഈ വെല്ലുവിളി നിറഞ്ഞ തീരുമാനം ചെന്നെെ എടുത്തത്. അതെന്തൊക്കെയാണെനന്ന് നമുക്ക് നോക്കാം.
ചെന്നെെയ്ക്ക് ഒരു മുൻനിര ഇന്ത്യൻ ബാറ്ററുടെ ആവശ്യകതയുണ്ടായിരുന്നു. വരാനിരിക്കുന്ന മിനി-ലേലത്തിൽ മികച്ച ഇന്ത്യൻ ബാറ്റർമാരെ ലഭിക്കാൻ സാധ്യത കുറവായതിനാൽ, ട്രേഡ് വിൻഡോ ഉപയോഗിച്ച് ഈ കുറവ് പരിഹരിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. നിലവിൽ ചെന്നെെയിലെ ചില കളിക്കാർ അവരുടെ കരിയറിൻ്റെ അവസാന ഘട്ടത്തിലായതുകൊണ്ടുതന്നെ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഒരു ടീമിനെ വാർത്തെടുക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് മാനേജ്‌മെൻ്റ് വിലയിരുത്തി.
മാത്രമല്ല സഞ്ജു സാംസണെ അവരുടെ ലെജന്ററി ക്യാപ്റ്റനായിട്ടുള്ള എം.എസ്. ധോണിയുടെ ദീർഘകാല പിൻഗാമിയായാണ് CSK കാണുന്നത്. 44 വയസ്സുള്ള ധോണി ഒരു സീസണിൽ കൂടിയേ കളിക്കാൻ സാധ്യതയുള്ളു എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നിരുന്നാലും ഉടനെ റുതുരാജ് ഗെയ്ക്വാദിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത കുറവാണ്.
4,500-ൽ അധികം റൺസ് നേടിയിട്ടുള്ള സഞ്ജു IPL-ലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ ബാറ്റർമാരിൽ ഒരാളാണ്. രാജസ്ഥാനെ നയിച്ചതിലൂടെ അദ്ദേഹത്തിന് നേതൃപരിചയവുമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന് ഏകദേശം 31 വയസ്സ് മാത്രം പ്രായമുള്ള സഞ്ജു ടീമിന് അടുത്ത് 7-8 കൊല്ലത്തേക്കുള്ള ഗ്യാരൻഡി പ്ലയറാണ്. ടോപ് ഓർഡർ പ്രശ്‌നങ്ങൾ പരിഹരിക്കാനും, വിക്കറ്റ് കീപ്പറാകാനും, ഭാവിയിൽ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് പരിഗണിക്കാനും കഴിയുന്ന ഓൾ-ഇൻ-വൺ ക്രിക്കറ്റർ ആണ് സഞ്ജു.
ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്‌മാനെ ടോപ് ഓർഡറിൽ കൊണ്ടുവരുന്നതിനായി ചെന്നെെ കഴിഞ്ഞ മൂന്ന് വർഷമായി ശ്രമങ്ങൾ നടത്തിയിരുന്നു. ഒരുഘട്ടത്തിൽ റിഷഭ് പന്തിനെ ചെന്നിയിലേക്ക് കൊണ്ടുവരുന്നതായും റൂമറുകളുണ്ടായിരുന്നു.
സഞ്ജു സാംസൺ എന്തിന് രാജസ്ഥാൻ വിട്ടു?
വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മുഖവുമായിരുന്നിട്ടും സഞ്ജു സാംസൺ ഫ്രാഞ്ചൈസി വിടാനുള്ള തീരുമാനം എടുത്തത് രണ്ട് സീസണുകളിലായി നടന്ന ടില സംഭവങ്ങളിലെ അതൃപ്തി കാരണമാണെന്നാണ് വിലയിരുത്തൽ.
IPL 2025-ന് മുന്നോടിയായി രാജസ്ഥാൻ മാനേജ്‌മെൻ്റ് എടുത്ത വിവാദപരമായ ചില തീരുമാനങ്ങളാണ് സഞ്ജുവിൻ്റെ അതൃപ്തിക്ക് പ്രധാന കാരണം. ജോസ് ബട്ട്ലറെ ഒഴിവാക്കിയത് സഞ്ജുവിന് ആദ്യത്തെ തിരിച്ചടിയായിരുന്നു. ബട്ട്ലർ, സഞ്ജു, ജയ്‌സ്വാൾ എന്നിവരടങ്ങിയ ടോപ് ഓർഡർ സഖ്യം പൊളിക്കുന്നതിൽ സഞ്ജുവിന് താൽപര്യമുണ്ടായിരുന്നില്ലെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന കളിക്കാരെയും പ്രധാന നേതൃനിരയിലെ അംഗങ്ങളെ ഒഴിവാക്കിയതും സഞ്ജുവിന്റെ താൽപര്യപ്രകാരമായിരുന്നില്ല. ക്യാപ്റ്റൻ്റെ അഭിപ്രായങ്ങൾക്ക് മതിയായ വില നൽകാതെ ഫ്രാഞ്ചൈസി ഒരു ടീം റീവാമ്പിലേക്ക് കടന്നതും അതൃപ്തിക്ക് കാരണമായിരുന്നിരിക്കണം. കൂടാതെ മുൻ കോച്ചായ രാഹുൽ ദ്രാവിഡുമായി സഞ്ജു സാംസണ് അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളായി സഞ്ജുവിന് രാജസ്ഥാനിൽ തുടരാൻ അതൃപ്തി അറിയിച്ചതായും ട്രേഡ് സംബന്ധിച്ച് ഡൽഹിയുമായും ചെന്നെയുമായും ചർച്ചകൾ നടന്നതായുമൊക്കെ വാർത്തകളുണ്ടായിരുന്നു. എന്തായാലും ധോനിക്കൊപ്പമുള്ള സഞ്ജുവിന്റെ എഐ വീഡിയോ പങ്കുവെച്ചാണ് ചെന്നെെ സൂപ്പർകിങ്സ് ട്രേഡ് വിവരം ഫാൻസിനെ അറിയിച്ചത്.
2013-ൽ ആണ് സഞ്ജു സാംസൺ IPL-ൽ അരങ്ങേറ്റം കുറിച്ചത്. 177 ഐപിഎൽ മത്സരങ്ങൾ സഞ്‍ജു കളിച്ചിട്ടുണ്ട്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ഭാഗമായാണ് സഞ്ജു ആദ്യം ഐപിഎല്ലിൽ എത്തിയത്. എന്നാൽ കൊൽക്കത്തയ്ക്ക് വേണ്ടി ഒരിക്കൽ പോലും കളത്തിലിറങ്ങിയിട്ടില്ല. ഡൽഹി ക്യാപിറ്റൽസിനൊപ്പം 2016ലും 2017ലും കളിച്ചതൊഴിച്ചാൽ അദ്ദേഹം പ്രധാനമായും രാജസ്ഥാന് വേണ്ടിയാണ് കളിച്ചിരുന്നത്. സഞ്ജുനിന്റെ ഐപിഎൽ കരിയറിലെ നാലാമത്തെ ഫ്രാഞ്ചൈസിയാണ് CSK.
Content Highlights: CSK lands Sanju Samson in IPL’s BIGGEST trade ever!
Published: 15 Nov 2025, 10:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented