കാന്താരയെന്ന സിനിമയിലൂടെ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയുടെ തന്നെ തലവരമാറ്റാന്‍ തനിക്കാകുമെന്ന് ഋഷഭ് ഷെട്ടിപോലും കരുതിക്കാണില്ല. 2008-ല്‍ മുംബൈയിലെ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ഓഫീസ് ബോയിയും നിര്‍മാതാവിന്റെ ഡ്രൈവറുമായിരുന്നു ഋഷഭ് ഷെട്ടി. അന്ന് വടാപ്പാവ് തിന്ന് വിശപ്പകറ്റിയ ചെറുപ്പക്കാരന്റെ മനസില്‍ നിറയെ സിനിമയായിരുന്നു. തട്ടുപ്പൊളിപ്പന്‍ കൊണ്ടന്റ് എന്ന കന്നഡ സിനിമയുടെ ടാഗിനെ തിരുത്തിയെഴുതി ഓസ്‌കാര്‍ നോമിനേഷനില്‍ വരെയെത്തിക്കാന്‍ അയാളുടെ സ്വപ്‌നങ്ങള്‍ക്ക് കഴിഞ്ഞു. സിനിമയിലെത്തും മുന്‍പ് ഋഷഭ് ഷെട്ടിയുടെ കഥയിങ്ങനെയാണ്.

To advertise here,

കര്‍ണാടകയിലെ ഉടുപ്പി സ്വദേശിയാണ് ഋഷഭ് ഷെട്ടി. പ്രശാന്ത് ഷെട്ടിയെന്ന് പേര് പിന്നീടാണ് ഋഷഭ് ഷെട്ടിയായി മാറിയത്. ബികോം പഠനകാലത്ത് കുന്ദാപുരയില്‍ യക്ഷഗാന നാടകങ്ങള്‍ ചെയ്തുകൊണ്ടാണ് അയാള്‍ അഭിനയത്തിലേയ്ക്ക് പിച്ചവെച്ചത്. സിനിമയിലെത്താനാണ് ഋഷഭ് നാടകങ്ങളില്‍ സജീവമായത്. പഠിക്കാന്‍ മിടുക്കനായിരുന്നുവെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. അയാള്‍ ഹോട്ടലില്‍ മേശതുടപ്പുകാരനായി. വാട്ടര്‍ ക്യാന്‍ വില്‍പ്പനയും റിയല്‍ എസ്റ്റേറ്റ് ജോലിയും ചെയ്തു. ഇതിനിടെ ബെംഗളൂരുവിലെ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡയറക്ഷനില്‍ ഡിപ്ലോമ എടുത്തു. പഠനശേഷം ഡ്രൈവറായും ഓഫീസ് ബോയിയായും അയാള്‍ പണിയെടുത്തു. സിനിമയിലേയ്ക്കുള്ള അരങ്ങേറ്റവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രദ്ധേയമായി ഒന്നും ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കന്നടയിലെ മൂന്നാം നിര ചലചിത്രപ്രവര്‍ത്തകരുടെ പേരുകള്‍ക്കിടയില്‍ ഋഷഭ് ഷെട്ടിയെന്ന പേരും ആരുമറിയാതെ പോയി.

ക്ലാപ്പ് ബോയ്, സ്പോട്ട് ബോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ സിനിമയുടെ പല മേഖലയില്‍ അയാള്‍ പ്രവര്‍ത്തിച്ചു. ഈ കാലത്താണ് ഋഷഭ് രക്ഷിത് ഷെട്ടിയുമായി പരിചയത്തിലാകുന്നത്. പവന്‍ കുമാറിന്റെ ലൂസിയ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി വേഷം ലഭിച്ചു.അതില്‍ നിന്നും തുഗ്ലക് എന്ന ചിത്രത്തില്‍ പ്രധാനവേഷം ചെയ്യാന്‍ അവസരം ലഭിച്ചു. അവിടെ നിന്നാണ് രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്റെ എന്ന ചിത്രത്തിലേയ്ക്ക് എത്തിപ്പെടുന്നത്. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് 2016-ല്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി ഋഷഭ് റിക്കി' എന്ന സിനിമ സംവിധാനം ചെയ്തു അത് ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി. അതേവര്‍ഷം തന്നെ കിരിക് പാര്‍ട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. അത് കോമേഷ്യല്‍ ഹിറ്റായി. തുടര്‍ന്നും സംവിധാനം അദ്ദേഹം തുടര്‍ന്നു. 2019-ല്‍ കന്നഡ കോമഡിചിത്രമായ ബെല്‍ ബോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ സജീവമായെങ്കിലും തരംഗം സൃഷ്ടിക്കുന്ന നടനാകാന്‍ അയാള്‍ക്ക് അന്ന് കഴിഞ്ഞില്ല.

എന്നാല്‍ അയാളുടെ സ്വപ്‌ന ചിത്രമെന്നത് സ്വയമെഴുതി സംവിധാനം ചെയ്യുന്ന ഒന്നായിരുന്നു. 2022-ലാണ് ഋഷഭ് ഷെട്ടി ഹോംബാലെ ഫിലിംസുമായി തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നത്. അവര്‍ സിനിമയുടെ സാധ്യത തിരിച്ചറിഞ്ഞു. അങ്ങനെ താന്‍ രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ നായകവേഷവും അവതരിപ്പിക്കാന്‍ ഋഷഭിനു കഴിഞ്ഞു. മണ്ണും മനുഷ്യനും മിത്തില്‍ ചേര്‍ന്ന മാന്ത്രിക അനുഭവമായി കാന്താര മാറി. 14 കോടി മുടക്കിയ കാന്താര 450 കോടി കളക്ഷന്‍ നേടി. ചിത്രം വന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയതോടെ മറ്റ് നാല് ഭാഷകളിലും കൂടി ചിത്രം പുറത്തിറക്കി. അതിനൊപ്പം ഋഷഭ് ഷെട്ടിയെന്ന പേരും ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു.

 

കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1 വരുന്നു എന്ന പ്രഖ്യാപനം വന്നിട്ട് മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഏകദേശം 125 കോടി രൂപ ചെലവഴിച്ചാണ് രണ്ടാം ഭാഗം നിര്‍മ്മിച്ചത്.മൂന്നു വര്‍ഷവും 250 ദിവസങ്ങളും കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണകാലത്ത് ദുരന്തവും അപകടങ്ങളും വേട്ടയാടിയ സിനിമ കൂടിയാണ് കാന്താര.

രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ച രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരിച്ചു. മലയാളിയായ കലാഭവന്‍ നിജോയും ഷൂട്ടിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. നടനായ എം.എഫ്. കബില്‍ സൗപര്‍ണ്ണികാ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് വന്ന മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ കോടികള്‍ ചിലവിട്ട് പടുത്തുയര്‍ത്തിയ കൂറ്റന്‍ സെറ്റ് തകര്‍ന്നു വീണു. ഋഷഭ് ഷെട്ടിയുള്‍പ്പെടെ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഉപകരണങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. ഷെട്ടിയും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഷൂട്ടിംഗിനായി വനത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടായി. റിലീസിന് മുന്‍പ്, സിനിമ കാണാനായി മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് തുടങ്ങിയ നിബന്ധനകള്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് അയാളുടെ സിനിമയിന്ന് തീയേറ്റുകളില്‍ ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിന്റെ ആദ്യദിന കലക്ഷന്‍ 60 കോടിയാണ്. 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ 12,80,000 ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. സിനിമ പോസ്റ്റീവ് റെസ്‌പോണ്‍സ് നേടി മുന്നേറുമ്പോള്‍ ഋഷഭ് ഷെട്ടിയ്ക്ക് അഹങ്കരിയ്്ക്കാം ഈ സൂപ്പര്‍താരപദവി താന്‍ സ്വയം സൃഷ്ടിച്ചെടുത്തതാണെന്ന്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താന്‍ യഥാര്‍ഥ ഹീറോയാണെന്ന്.

inshort-This is the unbelievable real-life journey of Rishab Shetty, the man behind Kantara.
Once a production assistant and driver, Rishab’s passion for storytelling transformed him into one of India’s most admired filmmakers. His creation Kantara not only redefined regional cinema but also became a worldwide cultural phenomenon.