നടൻ രൺവീർ സിങ് കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കിയേക്കുമെന്ന സൂചന നൽകി കർണാടക ഹൈക്കോടതി. നടന്റെ ക്ഷമാപണത്തെക്കുറിച്ച് ഉയർന്ന എതിർപ്പുകൾ പരിഗണിച്ചശേഷം ഹർജി തീർപ്പാക്കുമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബഞ്ച് ശനിയാഴ്ച വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിൽ ദൈവക്കോലത്തെ അപമാനിച്ചെന്ന കേസിൽ രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് രൺവീർ മാപ്പ് പറയുകയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു.

To advertise here,

നടൻ ഖേദിക്കുന്നുവെന്നും ക്ഷമാപണത്തിന്റെ ഭാഗമായി ചമുണ്ഡി ഹിൽ ക്ഷേത്രം സന്ദർശിക്കുമെന്നും രൺവീറിന്റെ അഭിഭാഷകൻ ആവർത്തിച്ച് വ്യക്തമാക്കി. രൺവീർ ക്ഷേത്രദർശനം ഉചിതമായ സമയത്ത് നടത്തുമെന്നാണ് കോടതിയെ അറിയിച്ചത്. തിരക്ക് കാരണം നിശ്ചിത തീയതി നിശ്ചയിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളുണ്ടെന്നും നടൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ സത്യവാങ്മൂലത്തിലെ വാചകങ്ങൾ അവ്യക്തമാണെന്നും ക്ഷേത്രദർശനത്തിന് സമയപരിധി നിശ്ചയിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. ഇതോടെ സമയപരിധി നിശ്ചയിക്കുമെന്ന് ജസ്റ്റിസ് നാഗപ്രസന്ന ഉറപ്പുനൽകിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. 'കേസ് തീർപ്പാക്കുമ്പോൾ, അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ രേഖപ്പെടുത്തും,'-അദ്ദേഹം പറഞ്ഞു.

ഇത്തരം പരാമർശങ്ങളിൽ നിന്ന് സെലിബ്രിറ്റികളെ പിന്തിരിപ്പിക്കാൻ വിധിയിൽ മുന്നറിയിപ്പ് നൽകണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് മെത്തൽ കോടതിയിൽ അഭ്യർത്ഥിച്ചു. നടന്റെ പെരുമാറ്റം ശാസനയ്ക്ക് അർഹതയുള്ളതാണെന്നും കേസ് തീർപ്പാക്കുമ്പോൾ അങ്ങനെ ചെയ്യുമെന്നും ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.

ഗോവ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ കാന്താര ചാപ്റ്റർ 1-ൽ അഭിനയിച്ച നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയെ രൺവീർ സിങ് പ്രശംസിച്ചിരുന്നു. സിനിമയിലെ ദൈവത്തെ 'ഭൂതം' എന്ന് പരാമർശ നടൻ സിനിമയിലെ റിഷഭിന്റെ മുഖഭാവം അനുകരിക്കുകയും ചെയ്തു. ഈ പ്രവൃത്തി വിമർശനത്തിന് ഇടയാക്കി. തുടർന്നാണ് ബംഗളൂരുവിലെ ഒരു അഭിഭാഭാഷകൻ തന്റെ മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.