എം.ടി. തിരക്കഥ എഴുതിത്തുടങ്ങിയ സമയംതൊട്ടുള്ള സിനിമകളാണ് തന്നിലെ സിനിമയോടുള്ള ഇഷ്ടത്തെയും താത്‌പര്യത്തെയും ഉണർത്തിയതെന്ന് സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തിരക്കഥയിൽ സിനിമ എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും അതിനുള്ള യോഗ്യത എനിക്കുണ്ടോ എന്ന ചോദ്യമായിരുന്നു ഉള്ളിൽ. ഉള്ളിലെ ആഗ്രഹമടക്കി നടക്കുമ്പോൾ വളരെ യാദൃച്ഛികമായാണ് അങ്ങനെ ഒരവസരം ലഭിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും ഉൾപ്പെടുത്തി ജൂലിയസ് സീസർ എന്ന ബിഗ് ബജറ്റ് സിനിമ ചെയ്യാമെന്നാണ് എം.ടി. പറഞ്ഞത്. അതിനായി ദക്ഷിണ കർണാടക മുഴുവൻ ഞാനും എം.ടി.യും യാത്രചെയ്തു. വലിയ ബജറ്റ് മുടക്കിയിട്ട് തിരിച്ചുകിട്ടാത്ത സിനിമയാണെന്ന് മനസ്സിലാക്കിയപ്പോൾ അത് ഒഴിവാക്കി. മനസ്സിലുണ്ടായിരുന്ന സ്വപ്നം ഇല്ലാതായിത്തീരുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് മനസ്സിലാക്കിയിട്ടാവാം അദ്ദേഹം എന്നോട് മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞതും സദയത്തിലേക്ക് എത്തിയതെന്നും സിബി മലയിൽ പറഞ്ഞു. 

To advertise here,

കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ കണ്ടുവരുന്ന പുതിയ ഉണർവിന്റെ ആധാരശിലയിട്ടത് എം.ടി.യാണെന്ന് സംവിധായകൻ ശ്യാമപ്രസാദും പറഞ്ഞു. ജീവിതത്തെയും മനുഷ്യനെയും സമൂഹത്തെയും കുറേക്കൂടെ സത്യസന്ധമായി കാണാനും അവതരിപ്പിക്കാനുമുള്ള ശ്രമം ഒരു ചലച്ചിത്രകാരനിൽ ആദ്യമായി മലയാള സിനിമയിലുണ്ടായത് എം.ടി.യിലാണ്. കലാപരവും ദാർശനികവുമായുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തുകൊണ്ടാണ് എം.ടി. സിനിമ ചെയ്തത്. അല്ലാതെ, അതിൽ പങ്കാളിയാവുക മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.