വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നൊരു പ്രസ്ഥാനം. കേരള കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന കെ.എം മാണി തന്നെ ഒരിക്കൽ പാർട്ടിക്ക് നൽകിയ വിശേഷണം. ഇപ്പോഴിതാ കേരള കോൺഗ്രസ് വീണ്ടും പിളരുമോ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 1964 ഒക്ടോബർ ഒമ്പതിന് തിരുനക്കര മൈതാനത്ത് പിറന്ന കേരളാ കോൺഗ്രസ് എത്രയെണ്ണമുണ്ട് എന്നു ചോദിച്ചാൽ ഒറ്റ ചിന്തയിൽ ഉത്തരം പറയാനായെന്ന് വരില്ല. അത്രക്കുണ്ട് ആ പിളർപ്പിന്റെ വ്യാപ്തി. ഇപ്പോൾ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാൻ കേരള കേൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി ഒരുങ്ങുന്നതായാണ് സൂചനകൾ. പക്ഷേ മന്ത്രി റോഷി അഗസ്റ്റിനും കൂട്ടരും എതിരഭിപ്രായക്കാരാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കേരള കോൺഗ്രസിന്റെ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കപ്പെടുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

To advertise here,

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ കേരള കോൺഗ്രസിലുണ്ടായ പിളർപ്പിന്റേയും ലയനത്തിന്റേയും ചരിത്രമൊന്ന് നോക്കാം. 1964 ഒക്ടോബർ ഒമ്പതിനായിരുന്നു കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിക്കൊണ്ട് കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോൺഗ്രസിന്റെ പിറവി എന്ന് പറഞ്ഞല്ലോ. അന്നത്തെ ആർ ശങ്കർ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചാക്കോയുടെ രാജിയും തുടർന്നുണ്ടായ ചാക്കോയുടെ മരണവുമാണ് പാർട്ടിയുടെ പിറവിക്ക് കാരണമായത്. പിടി ചാക്കോയ്ക്കെതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് അന്ന് കോൺഗ്രസ് വിട്ട കെഎം ജോർജും ആർ ബാലകൃഷ്ണപ്പിള്ളയും അടക്കമുള്ളവർ ചേർന്ന് കേരള കോൺഗ്രസ് രൂപീകരിച്ചു. തൊട്ടടുത്തവർഷം, 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ നേടി പാർട്ടി ശക്തി തെളിയിച്ചു. പിന്നീട് ദീർഘനാൾ പ്രതിപക്ഷത്തായിരുന്ന കേരള കോൺഗ്രസ് ആദ്യമായി ഭരണത്തിൽ പങ്കാളിയാകുന്നത് 1975 അച്യുതമേനോൻ മന്ത്രിസഭയിലാണ്. അന്ന് മുതൽ തുടങ്ങി പാർട്ടിയിലെ അധികാര തർക്കങ്ങൾ. കെഎം ജോർജിനെ മന്ത്രിസ്ഥാനത്തുനിന്ന് വെട്ടി കെഎം മാണിയും ആർ ബാലകൃഷ്ണപ്പിള്ളയും മന്ത്രിയായി.

പിന്നീട് 1977ൽ കെഎം ജോർജിന്റെ മരണശേഷം മാണിയുമായി തെറ്റിപ്പിരിഞ്ഞ് ആർ ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് ബി-ക്ക് രൂപംനൽകി. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യ പിളർപ്പായിരുന്നു അത്. പിന്നീട് കണ്ടത് പിളർപ്പുകളുടെ ഘോഷയാത്ര. 1979-ൽ മാണിയും ജോസഫും രണ്ട് വഴിക്കായി. പിജെ ജോസഫുമായുള്ള അഭിപ്രായ ഭിന്നതയിൽ കെഎം മാണി പാർട്ടി പിളർത്തി കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രൂപം നൽകി. പിജെ ജോസഫിന്റെ നേതൃത്വത്തിൽ ജോസഫ് വിഭാവുമുണ്ടായി. പിന്നീട് 1982ൽ കെഎം മാണിയും ബാലകൃഷ്ണപ്പിള്ളയും ഒരുമിച്ചു. 1985ൽ പിജെ ജോസഫുമെത്തി. പക്ഷേ ഒന്നിച്ചവർ 89ൽ വീണ്ടും പിരിഞ്ഞു.

1993ൽ ടിഎം ജേക്കബ് കെഎം മാണിയോട് ഇടഞ്ഞ് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് രൂപീകരിച്ചു. 95ൽ പിള്ള ഗ്രൂപ്പിൽനിന്ന് ജോസഫ് എം പുതുശേരി പിളർന്ന് പുതിയ പാർട്ടിയുണ്ടാക്കി. പിന്നീട് പുതുശേരി മാണിയുടെ പാർട്ടിയിലെത്തി. 2003ൽ പിസി തോമസിന്റെ കേരള കോൺഗ്രസും പിറവികൊണ്ടു. അതേവർഷം ജോസഫ് ഗ്രൂപ്പുമായി തെറ്റിയ പിസി ജോർജ് സെക്യുലർ കേരള കോൺഗ്രസിന് രൂപംനൽകി. 2010ൽ മാണിയും ജോസഫും വീണ്ടും ലയിച്ചു. ഒമ്പത് വർഷം നീണ്ട ആ ബന്ധം 2019ൽ പതിവുപോലെ വീണ്ടും തെറ്റിപ്പിരിഞ്ഞു. ഇതിനിടെ ജനാധിപത്യ കേരള കോൺഗ്രസും പിസി ജോർജിന്റെ ജനപക്ഷം എന്ന പാർട്ടിയും സ്‌കറിയ തോമസിന്റെ പാർട്ടിയും രൂപംകൊണ്ടു.

2020ൽ ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം തിരിച്ചെത്തി. 2021ൽ ജോസഫ് വിഭാഗം പിസി തോമസുമായി ചേർന്ന് കേരള കോൺഗ്രസ് എന്ന അവിഭക്ത പാർട്ടിക്കും രൂപംനൽകി. 2023ൽ ജോണി നെല്ലൂർ നാഷണൽ പ്രോഗ്രസീവ് പാർട്ടിയും രൂപീകരിച്ചു. ഏറ്റവും ഒടുവിൽ 2024ൽ ജോസഫ് വിഭാഗംവിട്ട് സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുണ്ടാക്കി. അങ്ങനെ 62 വർഷത്തിനിടെ രണ്ട് ഡസനോളം പിളർപ്പുകൾ. ഇക്കൂട്ടത്തിലേക്കുള്ള പുതിയൊരു പിളർപ്പിന് 2026 സാക്ഷ്യംവഹിക്കുമോ എന്നാണിനി അറിയേണ്ടത്.

അടുത്ത വിസ്മയം ജോസ് കെ മാണിയോ?

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ വീടിരിക്കുന്ന സ്ഥലത്തടക്കം എൽഡിഎഫ് പരാജയപ്പെട്ടിരുന്നു. കേരള കോൺഗ്രസിന് പാലാ മുനിസിപ്പാലിറ്റിയിൽ വലിയ തിരിച്ചടിയേറ്റു. കോട്ടയത്തേയും ഇടുക്കിയിലേയും ഉറച്ച കോട്ടകളായ പലയിടത്തും പാർട്ടി പിന്നിൽപ്പോയി. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ ഈ തിരിച്ചടിയുടെ രാഷ്ട്രീയ സൂചന മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നാണ് ജോസിനൊപ്പമുള്ളവരുടെ വാദമെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭയിൽ അഞ്ച് എംഎൽഎമാരാണ് നിലവിൽ കേരള കോൺഗ്രസ് എമ്മിനുള്ളത്. ഇതിൽ യുഡിഎഫിലേക്ക് മടങ്ങാമെന്ന ജോസ് കെ മാണിയുടെ നിലപാടിനൊപ്പം നിൽക്കുന്നവർ രണ്ടുപേരാണെന്നാണ് സൂചന. സെബാസ്റ്റ്യൻ കുളത്തിങ്കലും ജോബ് മൈക്കിളും. മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഇടതിനൊപ്പം തുടരാമെന്ന് താത്പര്യപ്പെടുന്നവരാണെന്നാണ് വിവരം. ഇവരെ അനുനയിപ്പിക്കാൻ ജോസ് കെ മാണിക്ക് സാധിച്ചില്ലെങ്കിൽ പാർട്ടിയുടെ പിളർപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. മുന്നണി മാറ്റ വാർത്തകൾ കേരള കോൺഗ്രസ് നേതാക്കൾ നിഷേധിക്കുന്നുണ്ടെങ്കിലും അണിറയിൽ ഇതിനുള്ള നീക്കങ്ങൾ സജീവമാണെന്നാണ് വിവരം.

ഇടതുമുന്നണിയുടെ കഴിഞ്ഞ രണ്ട് യോഗങ്ങളിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരേ നടന്ന സത്യാഗ്രഹത്തിലും ജോസ് കെ മാണിയുടെ അഭാവം വാർത്തയായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിലെ മുന്നണി മാറ്റത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നും ആ വിസ്മയം എന്തെന്നറിയാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി എന്നുമുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ കൂടി ഇതിനോട് ചേർത്തുവായിക്കാം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനും ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ്. പിവി അൻവർ, സികെ ജാനു, ഏറ്റവും ഒടുവിൽ സിപിഎം മുൻ എംഎൽഎ ആയിഷ പോറ്റിയേയും സ്വന്തം പാളയത്തിലെത്തിച്ച കോൺഗ്രസിന്റെ അടുത്ത വിസ്മയം ജോസ് കെ മാണിയാകുമോ എന്നറിയാൻ അൽപംകൂടി കാത്തിരിക്കാം.