തൊടുപുഴ: മുടിയനായ പുത്രൻ പരാമർശത്തിൽ വിശദീകരണവുമായി തൊടുപുഴ എംഎൽഎയും കേരളാ കോൺഗ്രസ് സംസ്ഥാന കോഡിനേറ്ററുമായ അപു ജോൺ ജോസഫ്. കേരളാ കോൺഗ്രസ് എം തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞത് ആത്മാർഥതയോടെ തന്നെയാണെന്നെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

നേരത്തെ അവരെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ ഒരു പ്രസ്താവനയിൽ ബൈബിളിലെ ഉപമ പ്രയോഗിച്ചു. അത് കേരളാ കോൺഗ്രസ് എമ്മിന് വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുകയാണ്. അവരെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. പറഞ്ഞപ്പോൾ അങ്ങനെ വന്നുപോയതാണെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചുവന്നാൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞത് ആത്മാർഥമായിട്ടാണെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. കേരളാകോൺഗ്രസ് എന്നത് ഒരു വികാരമാണ്. കേരളാ കോൺഗ്രസ് എന്ന വികാരം മനസ്സിൽ പേറുന്നവർക്ക്, അത് അവരുടെ മനസ്സിലുമുണ്ട്. ആ പാർട്ടി നശിച്ചുപോകുന്നത് നമ്മുടെ രാഷ്ട്രീയസന്തുലിതാവസ്ഥയ്ക്ക് ചേർന്നതല്ല. ആ പാർട്ടിയും ശക്തമാണ്. സിപിഎമ്മൊക്കെ തിരിച്ചുവരണം. അല്ലെങ്കിൽ ഇതൊരു ഒറ്റക്കക്ഷി ഭരണത്തിലേക്ക് പോയിക്കഴിഞ്ഞാൽ രാഷ്ട്രീയസമവാക്യങ്ങൾ മാറിപ്പോകും. സാമൂഹികസന്തുലിതാവസ്ഥയ്ക്ക് മാറ്റംവരും, അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ ഒരു രാഷ്ട്രീയപരിസ്ഥിതി കേരളത്തിലുണ്ടാകണമെങ്കിൽ തുല്യശക്തികൾ എതിർത്തുനിൽക്കുന്നതിലേക്ക് തിരിച്ചുവരണമെന്നും അപു പറഞ്ഞു. അടുത്ത അഞ്ചുവർഷം കേരളത്തിൽ ഉജ്വലഭരണം തന്നെ കേരളത്തിലുണ്ടാകും. പ്രത്യേകിച്ച് ഇടുക്കി ജില്ലയിലേതുൾപ്പെടെ കാർഷിക-ഭൂവിഷയങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ്(എം) തിരിച്ചെത്തിയാൽ, മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്നായിരുന്നു അപുവിന്റെ കഴിഞ്ഞദിവസത്തെ പരാമർശം.