കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി പുകയുന്നു. പാർട്ടിക്കുണ്ടായ തോൽവിക്ക് കാരണം റോഷി അഗസ്റ്റിനാണെന്നാണ് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്തിന്റെ വിമർശനം. മുന്നണി മാറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ലെന്നും റോഷി പാർട്ടിയെ ഒറ്റുകൊടുത്തു എന്നുള്ള വികാരം പാർട്ടി അണികൾക്കിടയിലുണ്ട്.

To advertise here,

റോഷി അഗസ്റ്റിനെതിരേ കടുത്ത അമർഷമാണ് ഒരുവിഭാഗം പാർട്ടി അണികൾക്കിടയിലുള്ളത്. മുന്നണിമാറ്റം സംഭവിച്ചിരുന്നെങ്കിൽ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധമുള്ള പരാജയം നേരിടേണ്ടിവരില്ലായിരുന്നു എന്നുള്ളതാണ് ഉയരുന്ന വിമർശനം. സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്ത് കടുത്ത ആരോപണങ്ങളടക്കം ഉന്നയിച്ചു. അഴിമതിയടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാണ് റോഷിയെ മുന്നണിയിൽ നിർത്തിയത് എന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. പ്രമോദ് നാരായണനെതിരേയും വികാരമുണ്ട്. യുഡിഎഫുമായി ഒരു ചർച്ച നടക്കുന്ന ഘട്ടത്തിൽ അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. അങ്ങനെ മുഖ്യമന്ത്രി വിവരമറിഞ്ഞെന്നും റോഷിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് കേരള കോൺഗ്രസ് എമ്മിന് നേരിടേണ്ടി വന്നത്. മത്സരിച്ച 12 സീറ്റുകളിലും തോറ്റു. സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരം ശക്തമാകുകയും യു.ഡി.എഫ് തരംഗം പ്രകടമാവുകയും ചെയ്തതോടെ അതിന്റെ ഏറ്റവും വലിയ ഇരയായി കേരള കോൺഗ്രസ് (എം) മാറി. പാലായിൽ പാർട്ടി ചെയർമാൻ ജോസ്. കെ. മാണി തോറ്റപ്പോൾ ഇടുക്കിയിലാണ് റോഷി പരാജയമേറ്റുവാങ്ങിയത്.

പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ൽ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാർട്ടി വിജയിച്ചത്.