
കോട്ടയം: കേരളത്തിന്റെ മുന്നണിരാഷ്‌ട്രീയത്തിൽ എക്കാലത്തും നിർണായക പങ്കുവഹിച്ചിരുന്ന കേരള കോൺഗ്രസ് എമ്മിന് മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. ഇതാദ്യമായി നിയമസഭയിൽ മാണി ഗ്രൂപ്പിന് പ്രാതിനിധ്യമില്ല.
കേരള കോൺഗ്രസ് (എം) രൂപംകൊണ്ടശേഷം 1965 മുതൽ കെ.എം. മാണി എന്ന അതികായൻ നിയമസഭയിൽ നിർണായക സാന്നിധ്യമായിരുന്നു. മാണിയുടെ കാലശേഷംനടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് എമ്മിന് അഞ്ച് എം.എൽ.എ.മാരുണ്ടായിരുന്നു. എന്നാൽ, ചെയർമാന്റെ തട്ടകമടക്കം എല്ലാ സീറ്റുകളും ഇത്തവണ ഒലിച്ചുപോയി. ഇത്രവലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സത്യം.
ഭരണവിരുദ്ധ തരംഗമാണ് വൻപരാജയത്തിലേക്ക് നയിച്ചതെന്ന നിലപാടിലാണ് ഒരുവിഭാഗം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുണ്ടായ മുന്നണിമാറ്റ വിവാദവും റോഷി അഗസ്റ്റിന്റെയും പ്രമോദ് നാരായണന്റെയും നിലപാട് സൃഷ്ടിച്ച പ്രതിസന്ധിയും കാരണമായി ചൂണ്ടിക്കാണിക്കുന്നു. പാർട്ടി ചെയർമാൻ തീരുമാനം പറയുംമുൻപ് അവർ ഈ വിഷയം സാമൂഹികമാധ്യമങ്ങളിലിട്ട് ചർച്ചയാക്കിയതോടെയാണ് മുന്നണിമാറ്റം മുടങ്ങിയത്.
ഉറച്ച തീരുമാനമെടുത്ത് യു.ഡി.എഫിനൊപ്പം പോയിരുന്നെങ്കിൽ പാർട്ടിക്ക് നേട്ടമായേനെയെന്നു കരുതുന്ന പ്രവർത്തകരും ഒട്ടേറെയാണ്.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അടിസ്ഥാനവോട്ടുകൾ അധികം നഷ്ടമായിട്ടില്ലെന്നും ഇടത് അനുഭാവ വോട്ടുകളാണ് കൈമോശം വന്നതെന്നുമുള്ള വാദവും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. റോഷി അഗസ്റ്റിൻ ഒഴിച്ചുള്ള എം.എൽ.എ.മാർ പതിനായിരത്തിൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്ന വാദമാണ് ഇതിനു പിൻബലമായി ചൂണ്ടിക്കാട്ടുന്നത്.
പ്രമോദ് നാരായണൻ 4344 വോട്ടിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ 6693 വോട്ടിനും ജോബ് മൈക്കിൾ 8368 വോട്ടിനും എൻ. ജയരാജ് 5772 വോട്ടിനുമാണ് പരാജയപ്പെട്ടത്. ചെയർമാൻ ജോസ് കെ. മാണി തോറ്റത് 2991 വോട്ടിന്.
മുന്നണിമാറ്റമെന്ന സാധ്യത പൂർണമായും അടഞ്ഞിരിക്കേ, അധികാരമില്ലാതെയുള്ള നിലനിൽപ്പ് പാർട്ടിക്ക് തീർത്തും പ്രയാസമാകും. മൂന്നുവർഷത്തിനുശേഷം ചെയർമാൻ ജോസ് കെ. മാണിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും. രാജ്യസഭാസീറ്റ് തുടർന്ന് ലഭിക്കുമോ എന്നതിലും ഉറപ്പില്ല.
െകാഴിഞ്ഞുപോക്കില്ലാതെ പാർട്ടിയെ നയിക്കുകയെന്നതാണ് ഇപ്പോൾ നേതൃത്വത്തിനുമുന്നിലുള്ള വെല്ലുവിളി. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒൻപതിനുചേരുന്ന സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിലയിരുത്തുമെന്ന് നേതാക്കളായ എൻ. ജയരാജും ലോപ്പസ് മാത്യുവും പറഞ്ഞു.
Content Highlights: First time in history Kerala Congress (M) has zero representation in the Kerala Legislative Assembly., Internal disputes regarding alliance shifts negatively impacted voter perception., Key leaders lost seats by narrow margins, indicating a loss of swing votes., The party faces an uncertain future with Jose K. Mani's Rajya Sabha term ending in three years., Steering committee meeting scheduled to evaluate the catastrophic electoral performance.
Published: 07 May 2026, 08:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented