സിവില്‍ സര്‍വീസില്‍ തുടക്കം, ജനപ്രിയ മുഖ്യമന്ത്രി, ഉദയംപോലെ വീഴ്ചയും അതിവേഗം; പിഴച്ചതെവിടെ? Kejriwal
അധികാര രാഷ്ട്രീയം ക്രൂരമാണ്. അഴിമതിക്കെതിരെ പോരാടാന്‍ ഉദിച്ച ആം ആദ്മി പാര്‍ട്ടി, അതേ അഴിമതിയില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതിവ് ചേരുവകളല്ല, ജനസേവനമാണ് മുഖ്യമെന്ന് എപ്പോഴൊക്കെയോ അരവിന്ദ് കെജ്‌രിവാളും ആപ്പ് നേതാക്കളും മറന്നു പോയിരുന്നു. കെജ്രിവാളിന്റെ തോല്‍വിക്ക് പലതും പറയാനുണ്ട്. മോദിക്ക് എതിരാളിയായി രാഹുലിനോളം ഇന്ത്യ മുന്നണി ഉയര്‍ത്തിക്കാട്ടിയ നേതാവ്. ഡിജിറ്റലിടങ്ങളിലെ ജനപ്രീതിയിലൂടെ ഡല്‍ഹിയുടെ മുഖ്യമന്ത്രിപദം വരെ എത്തിയ കെജ്‌രിവാളിന്റെ അസൂയാവഹമായ വളര്‍ച്ച കണ്ട് കണ്ണ് തള്ളിപ്പോയവരുണ്ട്. അഴിമതിക്കെതിരെ നയിച്ച ന്യൂജെന്‍ വിപ്ലവം തിരുത്തിയെഴുതിയത് ഇന്ത്യന്‍ രാഷ്ട്രീയ ജാതകം കൂടിയായിരുന്നു.
അഴിമതി വിരുദ്ധ മുന്നേറ്റം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ എന്ന ചോദ്യം അന്ന് പലവുരു കേട്ടു. അതിന്റെ പേരില്‍ അണ്ണാ ഹസാരേ പോലും ഇടഞ്ഞു. ഒടുവില്‍ ആം ആദ്മി പാര്‍ട്ടി പിറന്നു. സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു പോന്ന, മാരുതി വാഗണ്‍ ആര്‍ കാറില്‍ മാത്രം സഞ്ചരിക്കുന്ന, കഴുത്തില്‍ മഫ്‌ളറിട്ട സിംപിളായ മനുഷ്യന്‍ എന്ന ഇമേജ് കെജ്‌രിവാളിന് രാഷ്ട്രീയ രംഗത്ത് വലിയ മൈലേജുണ്ടാക്കി. അഴിമതിക്കെതിരെ സംസാരിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ആരാധ്യപുരുഷനായി കെജ്രിവാള്‍.
ജന്‍ലോക്പാല്‍ ബില്ലും അണ്ണാഹസാരെയും പിന്നെ കെജ്‌രിവാളും
2010 -11...പത്രമാധ്യമങ്ങള്‍ക്കപ്പുറം അഭിപ്രായ രൂപീകരണത്തില്‍ ചാനലുകള്‍ നിര്‍ണായക ശക്തിയാവുന്ന, രാജ്യത്ത് സോഷ്യല്‍മീഡിയ പ്രത്യേകിച്ച് ഫേസ്ബുക്കും ട്വിറ്ററും വ്യാപകമാകുന്ന കാലം. കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ്, കല്‍ക്കരി കുംഭകോണം, ടുജി സ്പെക്ട്രം തുടങ്ങി അധികാരക്കസേര അത്രയും അഴിമതിയില്‍ മുങ്ങിക്കുളിച്ച കാലം. അറബ് വസന്തം ആഞ്ഞടിച്ച ആ കാലത്താണ്, അഴിമതിക്കെതിരെ ജന്‍ ലോക്പാല്‍ എന്ന ആവശ്യവുമായി അണ്ണാ ഹസാരേ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിരാഹാര സമരമിരിക്കുന്നത്. മുന്നില്‍ ഹസാരേ ആയിരുന്നെങ്കിലും അത് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടനയായിരുന്നു.
ഹസാരേക്ക് പിന്തുണയുമായി, മുല്ലപ്പൂ വിപ്ലവം അനുസ്മരിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ രാജ്യമെങ്ങും ആസൂത്രണം ചെയ്തു നടപ്പാക്കിയ ആ സംഘടനയുടെ മുന്‍ നിര പ്രവര്‍ത്തകനായി ഒരു മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് അരവിന്ദ് കെജ്‌രിവാള്‍. അണ്ണാ ഹസാരെ സമരം രാംലീലാ മൈതാനത്തും ജന്തര്‍മന്തറിലും രാജ്യത്തിന്റെ പലയിടത്തും കോലാഹലങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് കാലയവനികയില്‍ മറഞ്ഞു. പക്ഷേ ഒരു പേരുമാത്രം ഉയര്‍ന്നു കേട്ടു- അരവിന്ദ് കെജ്‌രിവാള്‍. ആ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കിരണ്‍ബേദിയും പ്രശാന്ത് ഭൂഷണുമടക്കം നിരവധി അതികായരുടെ സാന്നിധ്യം മാഞ്ഞുപോയെങ്കിലും കെജ്‌രിവാള്‍ രാജ്യത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ നായകനായി അവരോധിക്കപ്പെട്ടു, ഈയടുത്ത കാലം വരെ. പിന്നെ ട്വിസ്റ്റുകളായിരുന്നു, കെജ്‌രിവാളിന്റെ ജീവിതത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും...
സന്നദ്ധ സേവകനില്‍ നിന്നും ജനപ്രിയ നേതാവിലേക്ക്
ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന ഗോവിന്ദ് റാം കെജ്‌രിവാളിന്റേയും ഗീതാദേവിയുടേയും മകനായി 1968-ല്‍ ഹരിയാണയിലെ ഇടത്തരം കുടുംബത്തിലായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ജനനം. പഠിക്കാന്‍ മിടുക്കന്‍. 1985-ല്‍ അഖിലേന്ത്യാ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ 516-ാം റാങ്കോടെയാണ് ഐഐടി ഖരഗ്പൂരില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് കെജ്‌രിവാള്‍ പ്രവേശനം നേടുന്നത്. 89-ല്‍ ടാറ്റാ സ്റ്റീലില്‍ ആദ്യ ജോലി നേടിയെങ്കിലും അവധിയെടുത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിനത്തിനിറങ്ങി. അങ്ങനെ 1992 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണറായിരിക്കെ 2006-ല്‍ സ്വയം വിരമിച്ചു.
അതിനിടെയാണ് വിവരാകാശപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തന്‍ എന്ന എന്‍ജിഒ അദ്ദേഹം സ്ഥാപിക്കുന്നത്. ആദായനികുതി, വൈദ്യുതി, ഭക്ഷ്യ റേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കൈക്കൂലി പ്രശ്നങ്ങള്‍ക്കെതിരെ സജീവമായി ഇടപെട്ട ചഏഛ. 2006ല്‍ എമര്‍ജന്റ് ലീഡര്‍ഷിപ്പിനുള്ള രമണ്‍ മഗ്‌സസെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2011-ലാണ് അണ്ണാ ഹസാരെ കിരണ്‍ ബേദിയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന രൂപീകരിക്കുന്നത്. സമാനാശയം പിന്തുടരുന്നവരെന്ന നിലയ്ക്ക് സ്വാഭാവികമായും അക്കൂട്ടത്തിലേക്ക് കെജ്രിവാളുമെത്തി. സമാധാനപരമായ സമരങ്ങളായിരുന്നു തീര്‍ത്തും ഗാന്ധിയനായ ഹസാരെ ചൂണ്ടിക്കാട്ടിയ വഴിയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു കെജ്‌രിവാളിന്റെ നിലപാട്. അവിടെ വെച്ച് ഹസാരെയും കെജിരിവാളും തെറ്റിപ്പിരിഞ്ഞു. അധികാരക്കസേരയോട് വ്യക്തമായ എതിര്‍പ്പ് കാട്ടിയിരുന്ന, അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ചവര്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നു എന്ന് കേട്ടപ്പോള്‍ അണ്ണാഹസാരെയുടേയും സംഘത്തിന്റേയും ഉദ്ദേശ്യശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടു.
2012 ഒക്ടോബര്‍ 12 ന് കെജ്‌രിവാള്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നടത്തി. 2012 നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടി പിറന്നു. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്ത അതേ തിയ്യതി. വലിയ വലിയ വാഗ്ദാനങ്ങളേക്കാള്‍ ജനങ്ങളെ ഏറ്റവും ബാധിച്ച അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതിലായിരുന്നു കെജ്‌രിവാളിന്റെ ശ്രദ്ധ.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വരവറിയിച്ചു. 15 വര്‍ഷം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കെജ്‌രിവാളിന്റെ എന്‍ട്രി. പക്ഷേ ഫലം വന്നപ്പോള്‍ ദില്ലിയില്‍ തൂക്കു മന്ത്രിസഭ. ബിജെപിക്ക് 21 എഎപിക്ക് 28 സീറ്റ്. കോണ്‍ഗ്രസിന് എട്ട് സീറ്റ്. സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പറഞ്ഞ് ബിജെപി പിന്‍വാങ്ങി. എഎപിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ജനതാദള്‍ എം.എല്‍.എയും ഒരു സ്വതന്ത്രനും. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി. 2013 ഡിസംബര്‍ 28-ന് കെജ്രിവാള്‍ ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ 49 ദിവസത്തിന് ശേഷം കെജ്‌രിവാള്‍ മുഖ്യമന്ത്രി പദം രാജിവെച്ചു. 2014 ഫെബ്രുവരി 14-ന് ഡല്‍ഹി നിയമസഭയില്‍ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിലായിരുന്നു രാജി. നിയമസഭ പിരിച്ചുവിടുന്നതിനെ അനുകൂലിച്ച് അദ്ദേഹം വാദിച്ചു. അഴിമതി വിരുദ്ധ നിയമം പാസാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കോണ്‍ഗ്രസിനെയും ബിജെപിയെയും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങളോട് അങ്ങനെ ചെയ്യാനുള്ള കാരണം വെളിപ്പെടുത്താതെ സ്ഥാനം ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്നും പിന്നീട് 2014 ഏപ്രിലില്‍ അദ്ദേഹം കുറ്റസമ്മതം നടത്തി. അതേവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരേ വാരാണസി മണ്ഡലത്തില്‍ കെജ്‌രിവാള്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഒന്‍പത് മാസത്തെ ഗവര്‍ണര്‍ ഭരണത്തിന് ശേഷം ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടു. 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റിലും ആം ആദ്മി പാര്‍ട്ടി ജയിച്ചുകയറി. മൂന്നരപതിറ്റാണ്ട് കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ബിജെപിക്ക് ലഭിച്ചതാകട്ടെ മൂന്ന് സീറ്റ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ ഓരോ കാര്യവും ചെയ്തു കാണിക്കുന്നതിലായിരുന്നു പിന്നീട് കെജ്‌രിവാളിന്റെ ശ്രദ്ധ
മിഡില്‍ക്ലാസിന്റെ പള്‍സറിഞ്ഞ ജനനായകന്‍
അത്യാധുനിക സര്‍ക്കാര്‍ സ്‌കൂളുകള്‍. മാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് സൗജന്യവൈദ്യുതി. 31 ലക്ഷം പേരായിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍. 200-നും 400 നും ഇടയിലാണ് ഉപഭോഗമെങ്കില്‍ വൈദ്യുതി ബില്‍ പകുതി. ഇതും 12 ലക്ഷത്തിലധികം പേര്‍ക്ക് സഹായമായി. ഒരുമാസം 20,000 യൂണിറ്റ് വരെ സൗജന്യമായി കുടിവെള്ളം, മെട്രോ ട്രെയിനിലടക്കം വനിതകള്‍ക്ക് സൗജന്യ യാത്ര, മികച്ച ആശുപത്രി സൗകര്യം, സൗജന്യ വൈഫൈ...ഡല്‍ഹിയില്‍ അസാധ്യമെന്ന് കരുതിയ പലതും കെജ്‌രിവാള്‍ സര്‍ക്കാര്‍ സാധ്യമാക്കി. പൊതുവിദ്യാലയങ്ങളെ മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റി പൊതുവിദ്യാഭ്യാസത്തിലും സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അധ്യാപക പരിശീലനത്തിലുമടക്കം മാറ്റങ്ങളും വരുത്തി. ഡല്‍ഹിയില്‍ അവതരിപ്പിക്കപ്പെട്ട സര്‍ക്കാര്‍ മൊഹല്ല ക്ലിനിക്കുകള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, സൗജന്യ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയും ഡല്‍ഹിക്ക് പുത്തനുണര്‍വ് നല്‍കി. മലിനീകരണത്തില്‍ ഏറെ പഴികേള്‍ക്കുന്ന നഗരം കൂടിയാണ് ഡല്‍ഹി. വാഹനനിയന്ത്രണം അടക്കമുള്ള നിരവധി പരിഷ്‌കരണങ്ങളും കെജ്‌രിവാളിനെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാക്കി. അങ്ങനെ ഡല്‍ഹിയില്‍ മാത്രം ഒതുങ്ങാനൊരുക്കമല്ലെന്ന് പ്രഖ്യാപിച്ച് ദേശീയ രാഷ്ട്രീയത്തിലും കെജ്‌രിവാള്‍ പരീക്ഷണത്തിനിറങ്ങി. പഞ്ചാബ്, ഹരിയാന,പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍, ഗോവ, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആപ് മത്സരിച്ചു. എന്നാല്‍ പ്രാദേശിക പ്രശ്നങ്ങളിലൂന്നി വളര്‍ന്ന ആപ്പിന് പഞ്ചാബിലൊഴികെ മറ്റൊരു സംസ്ഥാനത്തും കാര്യമായി നേട്ടമുണ്ടാക്കാനായില്ല. ബിജെപിക്കെതിരേ പ്രതിപക്ഷം അണിനിരന്ന ഇന്ത്യ സഖ്യത്തിലും കെജ്‌രിവാള്‍ നിര്‍ണായകശക്തിയായി
മദ്യനയത്തില്‍ നിറം മങ്ങിപ്പോയ 'ജനപ്രിയന്‍'
ജനഹൃദയങ്ങളിലേറിയ ആദ്യ രണ്ട് ഘട്ടം പോലെയായിരുന്നില്ല കെജ്‌രിവാളിന്റെ മൂന്നാം വരവ്. 2021ല്‍ നടപ്പാക്കിയ മദ്യനയമായിരുന്നു ആദ്യ പ്രഹരം. വിവാദങ്ങള്‍ക്കൊടുവില്‍ നയം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും പാര്‍ട്ടിയിലെ ഒന്നാമനായ കെജ്‌രിവാള്‍, രണ്ടാമന്‍ മനീഷ് സിസോദിയ, മൂന്നാമന്‍ സഞ്ജയ് സിങ്ങും അറസ്റ്റിലായത് ആപ്പിനെ നിലനില്‍പ് മാത്രമല്ല നേതാക്കളുടെ ജനപ്രീതികൂടി കുത്തനെ ഇടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്യുന്നത്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി ഇതോടെ കെജ്‌രിവാള്‍. ജയിലിലായെങ്കിലും രാജിവെക്കാന്‍ തയ്യാറായില്ല. അതും സമരമുറയായി അദ്ദേഹം വ്യാഖ്യാനിച്ചു. പിന്നീട് അദ്ദേഹത്തെ ജയിലില്‍വെച്ച് സിബിഐയും അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 13-നാണ് 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കെജ്‌രിവാള്‍ പുറത്തിറങ്ങുന്നത്. ജയിലില്‍ പോകുന്ന വരെ ഉണ്ടായിരുന്ന മൈലേജോ ഇമേജോ ആയിരുന്നില്ല തിരികെയെത്തിയ കെജ്‌രിവാളിന്. പ്രസംഗവേദികളില്‍ കത്തിക്കയറിയ കെജ്‌രിവാള്‍ ഇന്ത്യ സഖ്യത്തിന്റെ ഫയര്‍ ബ്രാന്റായി. ഇന്ത്യാ മുന്നണിയുടെ മിന്നും പെര്‍ഫോമന്‍സിന് കരുത്തുപകരാന്‍ കെജ്‌രിവാളിനായി.
ജയില്‍വാസത്തിനിടെയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്ന കെജ്‌രിവാള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം രാജി പ്രഖ്യാപിച്ചു. പിന്‍ഗാമിയായി അതിഷിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇനി തിരഞ്ഞെടുപ്പില്‍ അഗ്‌നിശുദ്ധി വരുത്തിയേ മുഖ്യമന്ത്രിക്കസേരയിലേക്കുള്ളൂ എന്ന പ്രതിജ്ഞയായിരുന്നു പിന്നില്‍. അഴിമതി വിരുദ്ധ പോരാട്ടമാണ് എഎപി എന്ന പാര്‍ട്ടിയുടെ ഉദയത്തിന് കാരണം. എന്നാല്‍ മദ്യനിരോധന അഴിമതിക്കേസില്‍ അതേ പാര്‍ട്ടിയിലെ പ്രധാന നേതാക്കളെല്ലാം ജയിലിലായത് എഎപിയെ കനത്ത പ്രതിരോധത്തിലാക്കി. എഎപിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയ സ്തംഭനം ബിജെപി നന്നായി ഉപയോഗിച്ചു. കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജിയും അതിഷിയുടെ കടന്നുവരവും വെറും രാഷ്ട്രീയ നാടകവും പി.ആര്‍ സ്റ്റണ്ടുമാണെന്നും ബിജെപിയുടെ ആക്ഷേപിച്ചു. ഉപാധികള്‍പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറാനോ സ്വതന്ത്രമായി പേപ്പറുകളില്‍ ഒപ്പിടാനോ പോലും കഴിയാത്ത റബര്‍ സ്റ്റാമ്പ് മുഖ്യമന്ത്രിയായിരുന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് കെജ്‌രിവാളിന്റെ രാജിയെന്നും ബിജെപി വിമര്‍ശിച്ചു. എന്നാല്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അവമതിപ്പിനുള്ള മറുമരുന്നായാണ് കെജ്‌രിവാള്‍ ഈ രാജിയെ കണ്ടത്. രാമായണത്തിലെ ശ്രീരാമന്റെ ആദര്‍ശധീരതയോട് പോലും ആപ് നേതാക്കള്‍ കെജ്‌രിവാളിന്റെ രാജിയെ ഉപമിച്ചുകളഞ്ഞു
ദേശീയതലത്തിലേക്ക് വളര്‍ച്ച വ്യാപിപ്പിക്കാന്‍ ശ്രമിച്ച കെജ്‌രിവാള്‍ പക്ഷേ കാല്‍ച്ചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് ശ്രദ്ധിച്ചതേയില്ല. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ തന്നെ കെജ്‌രിവാളിന്റെ പി.എ ആക്രമിച്ചുവെന്നും ആ സമയം കെജ്‌രിവാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നുമുള്ള സ്വാതിമലിവാളിന്റെ പരാതിയെ പാളയത്തിലെ പട മാത്രമായി കണ്ടതും വീഴ്ചയായി. പാര്‍ട്ടിക്കകത്തെ അസ്വാരസ്യങ്ങളും കെജ്‌രിവാളിന്റെ ആഡംബര വീടുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. 2014-ല്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴുണ്ടായിരുന്ന കറകളഞ്ഞ ഇമേജിന് കുറച്ചെങ്കിലും പരിക്ക് പറ്റിപ്പോയ കാര്യവും കെജ്‌രിവാള്‍ ഇത്തവണ മറന്നു. പൊതുജനം കഴുതയല്ല എന്ന ഓര്‍മ്മിക്കലാണ് കെജ്‌രിവാളിന്റെ ഈ തിരഞ്ഞടുപ്പ് പരാജയം.
27വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍ തിരികെയെത്തുമ്പോള്‍ മോഹഭംഗങ്ങളത്രയും കെജ്‌രിവാളിനാണ്. ആം ആദ്മി പാര്‍ട്ടി പലപ്പോഴും വണ്‍മാന്‍ ഷോ ആയതിന് ജനങ്ങള്‍ നല്‍കിയ മറുപടി. എന്തിനാണ് അധികാരത്തിലേറിയതെന്ന് കെജ്‌രിവാള്‍, താങ്കളത് മറന്നുവെന്ന ജനങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് പരാജയം ഒരു രാഷ്ട്രീയക്കാരന്റേയും അവസാനമല്ല. അങ്ങനെ കരുതാന്‍ ജനങ്ങള്‍ മണ്ടന്മാരുമല്ല. തിരുത്താനുള്ള അവസരമായി കണക്കാക്കിയാല്‍ പരാജയം പോലും രാഷ്ട്രീയക്കാരന്റെ വിജയമാക്കാം. അതാണ് ചരിത്രം പഠിപ്പിച്ചിട്ടുള്ളതും.
Inshort | Arvind Kejriwal`s journey from anti-corruption activist to Delhi CM, his achievements, controversies, and recent electoral setbacks.
Content Highlights: Kejriwal`s rise & fall: A political story
Published: 08 Feb 2025, 09:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented