ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 80 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും (555 പേര്‍) കെട്ടിവെച്ച കാശ് പോയി. തുടര്‍ച്ചയായി മൂന്നാം തിരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനാവാത്ത കോണ്‍ഗ്രസിന്റെ കാര്യമാണ് കൂടുതല്‍ കഷ്ടമായത്. അവരുടെ 70 സ്ഥാനാര്‍ഥികളില്‍ 67 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി.

To advertise here,

അതേസമയം, ബി.ജെ.പി., എ.എ.പി., ജനതാദള്‍ (യു.), എല്‍.ജെ.പി. (രാംവിലാസ്) പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും സെക്യൂരിറ്റി തുക നഷ്ടമാവില്ല. രണ്ടിടത്ത് മത്സരിച്ച അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിക്കും കെട്ടിവെച്ച തുക പോയിട്ടില്ല.

കസ്തൂര്‍ബാ നഗറിലെ അഭിഷേക് ദത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെത്തിയ ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ദത്തിനു പുറമേ നാംഗ്ലോയി ജാട്ടില്‍ മത്സരിച്ച രോഹിത് ചൗധരി, ബാദ്ലിയിലെ ദേവേന്ദ്ര യാദവ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും പണം നഷ്ടമാവില്ല.

ജനറല്‍ വിഭാഗത്തില്‍ വരുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ 5000 രൂപയുമാണ് കെട്ടിവെക്കേണ്ടത്. ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറിലൊന്നെങ്കിലും ലഭിച്ചില്ലെങ്കില്‍ ഈ തുക നഷ്ടമാകും.