ന്യൂഡൽഹി: സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. തുടർന്ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് ബിജെപി. പത്തു വർഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഡൽഹി ഭരണം പിടിച്ചെങ്കിലും ഫലപ്രഖ്യാപനം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരെന്നതിൽ വ്യക്തത വന്നിട്ടില്ല. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ പ്രധാനമായും ആറുപേരാണുള്ളത്.
പർവേഷ് വർമ: ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ ഏറ്റവും കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആശിഷ് സൂദ്: മുതിർന്ന ബിജെപി നേതാവും സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ മുൻ ചുമതലക്കാരനുമായ ആശിഷ് സൂദാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ. ജനക്പുരി മണ്ഡലത്തിൽ നിന്ന് 68,986 വോട്ടുകൾക്കാണ് സൂദ് വിജയിച്ചത്.
വിജേന്ദർ ഗുപ്ത: ഡൽഹി മുൻ ബിജെപി അധ്യക്ഷൻ വിജേന്ദർ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. രോഹിണിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയിച്ച ഗുപ്തയ്ക്ക് കാര്യമായ നിയമസഭാ പരിചയമുണ്ട്. മുമ്പ് ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച അദ്ദേഹം അരവിന്ദ് കെജ്‌രിവാളിൻ്റെ എഎപിയുടെ നയങ്ങൾക്കെതിരെ ശക്തമായി പ്രതിരോധം തീർത്തിരുന്നു
സതീഷ് ഉപാധ്യായ: ആർഎസ്എസ് അനുയായിയായ സതീഷ് ഉപാധ്യായയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ (എൻഡിഎംസി) വൈസ് ചെയർമാനായും ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിൻ്റെ കോ-ഇൻചാർജായും പ്രവർത്തിച്ചിട്ടുള്ള ഉപാധ്യായയെ വിശ്വസ്തനായ പാർട്ടി തന്ത്രജ്ഞനായാണ് കാണുന്നത്.
ശിഖ റോയ്: ഒരു വനിത മുഖ്യമന്ത്രിയെയും ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുന്ന ശിഖ റോയിക്കാണ്. അവർ ദക്ഷിണ ഡൽഹിയിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
രേഖാ ഗുപ്ത: ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000 വോട്ടുകൾക്ക് വിജയിച്ച രേഖ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളിൽ വിജയിച്ചു. ഇത്തവണയും കോൺഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.
Content Highlights: Delhi`s BJP set to announce its Chief Minister. Top contenders
Published: 19 Feb 2025, 10:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented