EXPLAINED | എണ്ണവിപണിയുടെ ജീവനാഡി, ഇറാന്റെ തുറുപ്പുചീട്ട്; ഹോർമൂസ് അടച്ചാൽ ഇന്ത്യയെ ബാധിക്കുമോ ?
ഒരു ദിവസം ഗൾഫ് രാജ്യങ്ങളിൽ നിന്ന് കടലുവഴി പുറം ലോകത്തേക്കുള്ള എണ്ണ വ്യാപാരം നിലച്ചുപോയാൽ എന്തു സംഭവിക്കും. ആ ഉത്തരത്തിന്റെ വില ഇറാന് നന്നായി അറിയാം. ഭീഷണി മുഴക്കുന്ന ഏത് ലോക നേതാവിനേയും രണ്ടാമതൊന്ന് ചിന്തിപ്പിക്കാനുള്ള ഇറാന്റെ തുറുപ്പു ചീട്ടാണ് ഹോർമുസ് കടലിടുക്ക്. മാപ്പിൽ ഹോർമുസ് കടലിടുക്കിലേക്ക് കണ്ണോടിച്ചാൽ അറിയാം ആ ഭീഷണിയുടെ കടുപ്പം. ഇറാഖ്, കുവൈത്ത്, ബഹറൈൻ, ഖത്തർ, യുഎഇ - എണ്ണ ഖനനം കൊണ്ട് ഉയർന്നുവന്ന ഈ രാജ്യങ്ങളിൽ നിന്നെല്ലാം എണ്ണ കടലുവഴി പുറം രാജ്യങ്ങളിലേക്ക് പോകുന്നത് വെറും 39 കിലോമീറ്റർ മാത്രം വീതിയുള്ള ഈ കടലിടുക്കിലൂടെയാണ്. രണ്ടു മൈൽ വീതിയുള്ള രണ്ട് കപ്പൽചാലുകൾ, അതിനിടക്ക് രണ്ടുമൈൽ ബഫർ സോൺ. കൂട്ടിയിടി സാധ്യതകൾ കൂടുതലുള്ള മേഖല. വടക്കു ഭാഗത്ത് ഇറാൻ പരന്നു കിടക്കുന്നു, മറുഭാഗത്ത് എണ്ണപ്പെട്ട മറ്റ് ഗൾഫ് രാജ്യങ്ങളും.
അയവില്ലാതെ ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ മുന്നോട്ടു പോകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഈ കടലിടുക്കിലേക്കാണ്. സംഘർഷം തുടർന്നാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാൻ ഇസ്രയേലിനു നേരെ ഉയർത്തിയ ഭീഷണി. അതിന് പിന്നാലെ ഈ മേഖലയിൽ രണ്ട് ഓയിൽ ടാങ്കർ കപ്പലുകൾ കൂട്ടിയിടിച്ച് കത്തിയത് വലിയ ചർച്ചയായി. ആശയവിനിമയ സംവിധാനങ്ങൾ നിലച്ചുപോയതാണ് അപകട കാരണമെന്ന റിപ്പോർട്ട് ആ അപകടത്തെ സംശയ നിലഴലിലുമാക്കി. അതിന് കാരണവുമുണ്ട്. എന്താണ് ഇറാന്റെ തുറുപ്പുചീട്ടായ ഹോർമൂസ് കടലിടുക്ക്? എന്താണ് ഈ ജലപാതയുടെ പ്രാധാന്യം ? ഹോർമൂസ് അടച്ചാൽ അത് ഇന്ത്യയെ എങ്ങനെ ബാധിക്കും?
ആഗോള ഊർജ വിപണിയുടെ ജീവനാഡിയാണ് ഈ സ്ട്രെയിറ്റ് ഓഫ് ഹോർമൂസ്. സംഘർഷം തുടർന്ന് ഇതുവരെ ഏതാണ്ട് 13 ശതമാനമാണ് എണ്ണവില ഉയർന്നത്. അതിൽ നിന്നുതന്നെ അറിയാമല്ലോ, ഈ മേഖലയുടെ പ്രധാന്യം. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായി ഹോർമൂസ് കടലിടുക്ക് മാറുന്നത് അങ്ങനെയാണ്. പേർഷ്യൻ ഗൾഫിലേക്കുള്ള ഏക സമുദ്ര പ്രവേശന പാതയായ ഈ വഴിയാണ് ലോകത്തിലെ എണ്ണവിതരണം 20 ശതമാനവും നടക്കുന്നത്. കടലിലൂടെ മാത്രമുള്ള എണ്ണ വിതരണത്തിന്റെ 30 ശതമാനം.
പേർഷ്യൻ ഗൾഫിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾക്ക് ഈ പാതയിലൂടെയല്ലാതെ സമുദ്രത്തിലേക്ക് പ്രവേശിക്കാനാവില്ല എന്നതാണ് ഇറാന്റെ ബലം. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ് അഥവാ ഒപെകിൽ അംഗങ്ങളായ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ അവരുടെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. പ്രധാനമായും ഏഷ്യയിലേക്ക്. ദിവസേന 17 മുതൽ 20.8 ദശലക്ഷം ബാരൽ എണ്ണ ഈ പാതയിലൂടെ കടന്നുപോകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകത്തിലെ മൂന്നിലൊന്ന് എൽ എൻ ജിയും ഹോർമൂസ് വഴിയാണ് കടന്നുപോകുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ എൽ എൻ ജി കയറ്റുമതി ചെയ്യുന്ന രാജ്യമായ ഖത്തർ അവരുടെ ഭൂരിഭാഗം കയറ്റുമതിയും നടത്തുന്നത് ഹോർമൂസ് വഴിയാണ്.
ഹോർമൂസ് കടലിടുക്കിനുമേൽ ഇറാന് നിയന്ത്രണമുണ്ട്. സ്വഭാവികമായി അതുവഴി പോകുന്ന കപ്പലുകളുടെ മേലെയും. ഹോർമൂസ് അടയ്ക്കുക എന്ന സമ്മർദ തന്ത്രം ഇറാൻ സ്വീകരിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വലുതായിരിക്കും. ഈ ജലപാതയിലുണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുകയും എണ്ണ വില കുത്തനെ ഉയർത്തുകയും ചെയ്യും. ഇത് ലോകത്താകമാനമുള്ള എണ്ണ വിതരണം പ്രതിസന്ധിയിലാക്കും. മനപ്പൂർവ്വം ആ കപ്പൽ ചാൽ തടസ്സപ്പെടുത്തിയാൽ, ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ഇറാന് കഴിയും.
1980-കളിലെ ഇറാൻ-ഇറാഖ് സംഘർഷകാലത്ത് 'ടാങ്കർ യുദ്ധം' എന്നറിയപ്പെട്ട യുദ്ധത്തിൽ, ഇരു രാജ്യങ്ങളും പേർഷ്യൻ ഗൾഫിലെ വാണിജ്യ കപ്പലുകളെ ആക്രമിച്ചിരുന്നു. ഇരു രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. അന്ന് അയൽ രാജ്യങ്ങളുടെ മേലാണ് ഈ തന്ത്രം ഉപയോഗിച്ചതെങ്കിൽ, ഇസ്രയേൽ ആക്രമണത്തിന് ബദലായി സഖ്യ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ഈ മാർഗ്ഗം വീണ്ടും തിരഞ്ഞെടുക്കുമോ എന്നാണ് ആശങ്ക ഉയരുന്നത്. ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിയുടെ വേരുകൾ ഇവിടെയാണ്. 2019-ൽ, അമേരിക്കയും ഇറാനും തമ്മിൽ ആണവക്കരാറിന്റെ പേരിൽ പൊരുത്തക്കേടുകളുണ്ടായ കാലത്ത് യുഎഇയിലെ ഫുജൈറയ്ക്ക് സമീപം നാല് കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സമ്മർദ്ദ തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അന്നും ചർച്ചയായി.
കഴിഞ്ഞ ദിവസം ഇറാന്റെ ആണവകേന്ദ്രങ്ങൾക്കു നേരെയും യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾക്ക് നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തൊട്ടുപിന്നാലെ എണ്ണവിലയിൽ 13 ശതമാനം വർധനവാണ് ഉണ്ടായത് എന്ന് ഓയിൽ പ്രൈസ് ഡോട്ട് കോം ഡേറ്റ പറയുന്നു. ഹോർമൂസിലുണ്ടാകുന്ന തടസ്സങ്ങൾ എണ്ണവില ഒരു ബാരലിന് 100 ഡോളറിൽ അധികമെങ്കിലുമായി ഉയർത്തുമെന്നാണ് ഊർജ വിദഗ്ധരുടെ നിരീക്ഷണം.
ഇനി ഇന്ത്യയുടെ കാര്യമെടുക്കാം. ആഭ്യന്തര എണ്ണ ഉപയോഗത്തിന്റെ 90 ശതമാനത്തിനും പുറം നാടുകളെ ആശ്രയിക്കുന്ന ഇന്ത്യയെ ഇങ്ങനെയൊരു പ്രതിസന്ധി വന്നാൽ അത് ബാധിച്ചേക്കാം. എന്നാൽ ഗൾഫ് മേഖലയെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളുടേതുപോലെ അത്ര രൂക്ഷമാവില്ല. നമ്മുടെ റിഫൈനറികൾ കൂടുതലും ഗൾഫിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ റഷ്യൻ എണ്ണ ഇറക്കുമതി ഏകദേശം 35ശതമാനമാണ്, ഗൾഫ് രാജ്യങ്ങളാണ് 40% ത്തിലധികം അസംസ്കൃത എണ്ണ സംഭാവന ചെയ്യുന്നത്, അതേസമയം ആഫ്രിക്കയടക്കമുള്ള മറ്റ് സ്രോതസ്സുകൾ വഴിയാണ് ബാക്കി. ആഫ്രിക്കൻ ഇറക്കുമതി ഏപ്രിലിൽ 12% ആയിരുന്നത് മെയ് മാസത്തിൽ 5% ആയി കുറഞ്ഞിരുന്നു. 2024 ലെ കണക്കുകൾ പ്രകാരം ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ത്യയുടെ എൽഎൻജി ഇറക്കുമതി 54 ശതമാനമാണ്. ഇതിൽ 80 ശതമാനവും ഖത്തറിൽ നിന്നാണ്.
പ്രതിസന്ധി രൂക്ഷമായാൽ ദീർഘകാലാടിസ്ഥാനത്തിൽ എൽ എൻജി വില ഉയർന്നേക്കാം. ഇന്ത്യയുടെ കരാറുകളിൽ 60 ശതമാനവും അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ടാണ്. അപ്പോൾ ആഗോള എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. രാജ്യത്തിന്റെ വ്യാപാര കമ്മി, വിദേശനാണ്യ കരുതൽ ശേഖരം, രൂപയുടെ വിനിമയ നിരക്ക്, പണപ്പെരുപ്പ നിരക്ക് എന്നിവയിലും ഇത് സ്വാധീനം ചെലുത്തും. എണ്ണ വില കൂടുന്നതിനനുസരിച്ച് രൂപയും സമ്മർദ്ദത്തിലാകും. രൂപ ദുർബലമായാൽ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും റിസർവ് ബാങ്കിന്റെ ധനനയം പുനഃപരിശോധിക്കാൻ നിർബന്ധിതമാക്കുകയും ചെയ്‌തേക്കാം, പ്രത്യേകിച്ച് പണപ്പെരുപ്പം ഉയരുന്ന സാഹചര്യമുണ്ടായാൽ.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇറാൻ ഹോർമൂസ് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അറ്റകൈ പ്രയോഗമായി ഇറാൻ അതിനു മുതിർന്നാൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം. അതുകൊണ്ടാണ് അവിടെയുണ്ടാകുന്ന കപ്പലപകടത്തിനു പോലും വലിയ പ്രാധാന്യം കൈവരുന്നത്.
In Short: Iran's threat to close the Strait of Hormuz—through which 20% of the world's oil flows—amid escalating tensions with Israel, could destabilize global energy markets. With major Gulf exporters reliant on this narrow chokepoint, the impact on oil prices, India's energy security, and LNG supplies could be severe.
Content Highlights: Iran's oil weapon: Strait of Hormuz
Published: 19 Jun 2025, 11:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented