Video | കഷായത്തിൽ തുടങ്ങിയ സംശയം, മൊഴിയിലെ വൈരുധ്യം; ഗ്രീഷ്മയ്ക്ക് കുരുക്കുമുറുകിയത് ഇങ്ങനെ
പ്രാണന് തുല്യം സ്നേഹിച്ച പ്രണയിതാവിനെ വിഷം കൊടുത്തുകൊന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അന്നുവരെ തേപ്പ്, ചതി എന്നൊക്കെ സ്നേഹനഷ്ടങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തിലേക്ക് നമ്മളൊരു വാക്ക് കൂടി ചേര്‍ത്തു- കഷായം. തേച്ചിട്ട് പോയപ്പോള്‍ കഷായം തരാഞ്ഞ കാമുകിയെ നന്ദിയോടെ ഓര്‍ത്ത കാമുകന്മാരുടെ കമന്റുകളും വാര്‍ത്തയ്ക്കടിയില്‍ നിറഞ്ഞു. ത്രില്ലര്‍ സിനിമകളെ നാണിപ്പിക്കുന്ന തിരക്കഥയൊരുക്കിയ ഗ്രീഷ്മയെന്ന ക്രിമിനല്‍ മൈന്‍ഡിന് പ്രായം വെറും 22. പഠിക്കാന്‍ മിടുക്കി, തികഞ്ഞ കലാകാരി, റാങ്ക് ജേതാവ്. ഇത്ര ചെറിയ പ്രായത്തില്‍ കൊടും ക്രൂരത ചെയ്ത പെണ്‍കുട്ടി ഒരുപക്ഷേ കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്ഥിരമായി കാണുന്ന രണ്ട് പേര്. ഗ്രീഷ്മയും ഷാരോണും. ഗ്രീഷ്മ കന്യാകുമാരി ജില്ലയിലെ അഴകിയ മണ്ഡപം മുസ്ലിംകോളേജിലെ രണ്ടാംവര്‍ഷ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനി. ഷാരോണ്‍ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.എസ്സി. റേഡിയോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥി. പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ബസ്സ് അഴകിയമണ്ഡപമെത്തിയാല് ഗ്രീഷ്മയ്ക്കൊപ്പം ഷാരോണും ഇറങ്ങും. ഷാരോണിന് നെയ്യൂരിലേക്കുള്ള അടുത്ത ബസ് വരും വരെ ഇരുവരും സംസാരിച്ചിരിക്കും. പ്രണയം വളര്‍ന്നതോടെ യാത്രകള്‍ പിന്നീട് ബൈക്കിലായി. അതിനിടെ സ്വന്തം വീട്ടില്‍വെച്ചും വെട്ടുകാട് പള്ളിയില്‍വച്ചും ഷാരോണ്‍ ഗ്രീഷ്മയ്ക്ക് താലിചാര്‍ത്തി. ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ഷാരോണ്‍ സ്വന്തം മൊബൈലില്‍ സൂക്ഷിച്ചുവെച്ചു. താലികെട്ടിയതും തൃപ്പരപ്പിലെ ഹോട്ടല്‍മുറിയിലെ നിമിഷങ്ങളുമെല്ലാം. ഡിഗ്രിക്ക് റാങ്ക് വാങ്ങിയിരുന്ന മകള്‍ പഠനത്തില്‍ പിന്നാക്കം പോവുന്നത് ശ്രദ്ധിച്ചപ്പോഴാണ് പ്രണയം വീട്ടില്‍ അറിയുന്നത്. എതിര്‍പ്പിന് പതിവുപോലെ കാരണങ്ങള്‍ നിരത്തപ്പെട്ടു. ജാതി, മതം, സാമ്പത്തികം...എല്ലാം അവസാനിപ്പിച്ചുവെന്ന് ഗ്രീഷ്മ വീട്ടുകാരെ വിശ്വസിപ്പിച്ചു. ആയിടയ്ക്കാണ് മറ്റൊരു വിവാഹാലോചന വരുന്നത്. ഫെബ്രുവരിയിലെ വിവാഹനിശ്ചയത്തോടെ ഗ്രീഷ്മയും ഷാരോണും തമ്മില്‍ പിണങ്ങിയെങ്കിലും മേയ് മുതല്‍ കൂടുതലടുത്തു.
2022 ഒക്ടോബര്‍ 14...അന്നാണ് രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോണ്‍ ചെല്ലുന്നത്. തലേദിവസം 'സെക്സ്റ്റിങ്ങി'നിടെ വീട്ടില്‍ മറ്റാരും ഉണ്ടാവില്ലെന്നും വരണമെന്നും പറഞ്ഞ് ഷാരോണിനെ ക്ഷണിച്ചത് ഗ്രീഷ്മ തന്നെയാണ്. മുന്‍പും പോയിട്ടുള്ളതിനാല്‍ ഷാരോണിന് വീടറിയാം. റെക്കോര്‍ഡ് ബുക്ക് വാങ്ങാനെന്ന പേരില്‍ കൂട്ടുകാരന് റെജിനൊപ്പം ബൈക്കില്‍ ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി. വീട്ടിലെത്തുന്നതിന് തൊട്ടുമുന്‍പ് ഗ്രീഷ്മയുടെ അമ്മയും മറ്റൊരാളും പുറത്തേക്ക് പോവുന്നതും ഇരുവരും കണ്ടു. ഷാരോണ്‍ മാത്രം വീട്ടിലേക്ക് പോയി. റിജിന്‍ വഴിയില്‍ കാത്തിരുന്നു. സംസാരത്തിനിടെ വീട്ടുകാരുടെ എതിര്‍പ്പിനെപ്പറ്റിയും പിരിയുന്നതിനെപ്പറ്റിയും ഗ്രീഷ്മ ഷാരോണിനോട് സൂചിപ്പിച്ചു. പലതവണ ആവര്‍ത്തിച്ച മറ്റൊരു ആവശ്യവും. കയ്യിലുള്ള ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യണം. പക്ഷേ, തന്റെ പ്രണയത്തില്‍നിന്ന് ഒരടി പിന്നോട്ട്പോവില്ലെന്ന് ഷാരോണ്‍ തറപ്പിച്ചു പറഞ്ഞതോടെ ഗ്രീഷ്മ വിഷയം മാറ്റി ഷാരോണിനോട് അടുപ്പം കൂടി.
വയറുവേദനയ്ക്ക് കഴിക്കുന്ന കയ്പുള്ളൊരു കഷായത്തെക്കുറിച്ച് ഗ്രീഷ്മ മുന്‍പ് ഷാരോണിനോട് പറഞ്ഞിരുന്നു. അതേക്കുറിച്ചായി പിന്നെ സംസാരം. ഗ്രീഷ്മ വാശിപിടിച്ചതോടെ ഷാരോണ്‍ ആ കഷായം വാങ്ങിക്കുടിച്ചതും ഷാരോണ്‍ ഛര്‍ദിച്ചു. കയ്പ് കൊണ്ടാണെന്ന് പറഞ്ഞ് ഗ്രീഷ്മ മാങ്ങാ ജ്യൂസും കൊടുത്തു. പക്ഷേ വീണ്ടും ഛര്‍ദിച്ചു. ഏതാണ്ട് 15 മിനിറ്റിന് ശേഷം ക്ഷീണിതനായി പുറത്തേക്ക് വരുന്ന ഷാരോണിനെയാണ് റെജിന്‍ കാണുന്നത്. എന്തുപറ്റിയെന്ന് റെജിന്‍ ചോദ്യത്തിന് 'തീരെവയ്യ ഛര്‍ദ്ദി'യാണെന്ന് പറഞ്ഞാണ് ഷാരോണ്‍ ബൈക്കില്‍ കയറുന്നത്. കുറച്ച് ദൂരമെത്തിയപ്പോഴേക്കും വീണ്ടും ഛര്‍ദിച്ചു. നീലനിറം കണ്ട് കാര്യം തിരക്കിയ റെജിനോട് ഷാരോണ്‍ കഷായമാണെന്ന് മാത്രം പറഞ്ഞ് ഷാരോണ്‍ തോളിലേക്ക് ചാഞ്ഞു. തീര്‍ത്തും അവശനായിക്കഴിഞ്ഞ ഷാരോണിനെ വീട്ടിലാക്കിയാണ് റെജിന്‍ മടങ്ങിയത്. രാത്രിയോടെ ഒട്ടും വയ്യാതായ ഷാരോണിനെ വീട്ടുകാര്‍ പാറശാല ആശുപത്രിയില്‍ ചികിത്സതേടി. അതിനിടയില്‍ താന്‍ കുടിച്ച കഷായത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു ഷാരോണ്‍. എന്നാല്‍ കഷായത്തിനായിരിക്കില്ല ജ്യൂസിനായിരിക്കും പ്രശ്നമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറി. വീട്ടിലെത്തിയ ഓട്ടോഡ്രൈവര്‍ക്കും ജ്യൂസ് കുടിച്ച് പ്രശ്നമുണ്ടായതായി പറഞ്ഞു
വീട്ടിലേക്ക് തിരികെയെത്തിയെങ്കിലും അടുത്ത ദിവസത്തേക്ക് ഷാരോണിന്റെ ആരോഗ്യം വീണ്ടും മോശമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും രാത്രിയോടെ വലിയതുറയിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം വായ്ക്കുള്ളിലെ വ്രണങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തന്നെ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സതേടി. ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയെങ്കിലും അവയിലൊന്ന് പോലും കഴിക്കാന്‍ ഷാരോണിനായില്ല. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാവുകയും ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്തതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് ഷാരോണിന് ഡയാലിസിസ് തുടങ്ങി. വേദനയില്‍ പുളയുമ്പോഴും ആ ദിവസങ്ങളിലൊന്നും ഗ്രീഷ്മയെക്കുറിച്ചോ കഷായത്തെക്കുറിച്ചോ ഷാരോണ്‍ മിണ്ടിയിരുന്നില്ല. മറ്റെന്തെങ്കിലും കഴിച്ചോയെന്ന് ഡയാലിസിസ് ചെയ്യുമ്പോള്‍ സമീപത്തുണ്ടായിരുന്ന നഴ്സ് നിരന്തരം ചോദിച്ചതോടെയാണ് കഷായം കുടിച്ച കാര്യം ഒക്ടോബര്‍ 18ന് ഷാരോണ്‍ പറയുന്നത്. എന്ത് കഷായമാണ് ഷാരോണ്‍ കഴിച്ചതെന്നും, ഏത് ഡോക്ടറാണ് മരുന്ന് കുറിച്ചതെന്നും ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന് ഷിമോന്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഗ്രീഷ്മ ഒഴിഞ്ഞുമാറി. കുപ്പിയിലെ സ്റ്റിക്കറും അടപ്പിന്റെ ചിത്രവുമെല്ലാം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയില്‍ ഒഴിച്ചാണ് അമ്മ മരുന്ന് നല്‍കിയതെന്നും സ്റ്റിക്കര്‍ ഇളക്കി മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പറഞ്ഞത്. നുണകളുടെ കൊട്ടാരം തന്നെ ഗ്രീഷ്മ കെട്ടിപ്പൊക്കി. ഇന്റര്‍നെറ്റില്‍നിന്നെടുത്ത കഷായത്തിന്റെ ഒരു ഫോട്ടോയും ഷാരോണിന്റെ സഹാദരന് അയച്ചുകൊടുത്തു. ഷാരോണിന് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നും ഗ്രീഷ്മ പറഞ്ഞു
കുടിച്ച കഷായത്തിന്റെ വിവരമറിയാന്‍ ഷാരോണിന്റെ ഫോണിലെ വീഡിയോകളും ചാറ്റും വീട്ടുകാര്‍ പരിശോധിക്കുന്നതും അപ്പോഴാണ്. ഗ്രീഷ്മയുമായി നടത്തിയ ചാറ്റില്‍ ജ്യൂസ് കുടിച്ചതിനെക്കുറിച്ചും കഷായം കുടിച്ചതിനേക്കുറിച്ചും അതേത്തുടര്‍ന്നുണ്ടായ ഛര്ദിയെക്കുറിച്ചുമെല്ലാം ഷാരോണ്‍ പറയുന്നുണ്ടായിരുന്നു. അതിനു കുറച്ച് ദിവസം മുന്‍പ് ഇരുവരും നടത്തിയ ജ്യൂസ് ചലഞ്ചും ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടു. രണ്ടുകുപ്പിയുമായി നില്ക്കുന്ന ഗ്രീഷ്മയുടെ വീഡിയോയും ഫോണിലുണ്ടായിരുന്നു. ചലഞ്ച് എന്താണെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഗ്രീഷ്മയിലേക്ക് സംശയം നീണ്ടതും അന്നുതന്നെ വീട്ടുകാര്‍ പാറശാല പോലീസില്‍ പരാതി നല്കി. ഷാരോണിന് താന്‍ വിഷം നല്‍കിയിട്ടില്ലെന്ന് ഗ്രീഷ്മ ആണയിട്ടുപറഞ്ഞു. എന്നാല്‍ പലതവണ ചലഞ്ചിന്റെ പേരില്‍ ഗ്രീഷ്മ ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണ്‍ അമ്മയോടും അനുജനോടും പറഞ്ഞത് വീട്ടുകാര്‍ ഓര്‍ത്തു. ഷാരോണിന്റെ ആന്തരികാവയവങ്ങള്‍ ഓരോന്നായി അപ്പോഴേക്കും നിലച്ചുതുടങ്ങിയിരുന്നു. ഒക്ടോബര്‍ 20ന് മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവില്‍ നേരിട്ടെത്തി മജിസ്ട്രേറ്റ് മൊഴിയെടുത്തു. അതുവരെ നിസ്സാരമായി കണ്ട കേസ് പോലീസ് ഗൗരവത്തിലെടുക്കുന്നതും ആ സമയത്താണ്. 21ന് പോലീസെത്തി മൊഴി രേഖപ്പെടുത്തി.
പതിനൊന്നാം ദിവസം രാവിലെ... ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ചിരുന്നിരിക്കണം ഷാരോണ്‍. അതീവ ഗുരുതരാവസ്ഥയിലായ ഷാരോണിനെ കാണാന്‍ അച്ഛന് വെന്റിലേറ്ററില്‍ കയറിയതും അവന് എല്ലാം തുറന്നുപറഞ്ഞു. ഗ്രീഷ്മയുടെ വീട്ടില്‍ പോയതുള്‍പ്പടെ. അന്ന് ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി. സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഷാരോണിന്റെ വീട്ടുകാര്‍ ഒക്ടോബര്‍ 26ന് പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. ഒക്ടോബര്‍ 27ന് പോലീസന്വേഷണത്തില്‍ ഷാരോണിന്റെ കുടുംബം സംശയമുയര്‍ത്തി. ഗ്രീഷ്മ പറയുന്നത് മാത്രം പോലീസ് വിശ്വാസത്തിലെടുക്കുന്നുവെന്നായിരുന്നു കുടുംബമുന്നയിച്ചത്. 28ന് പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തു. എന്നാല്‍ അവിടേയും ഗ്രീഷ്മ കഥകള്‍ മെനഞ്ഞു.
സംശയമുണ്ടോ സാറേ എന്ന് ഗ്രീഷ്മ, ഇല്ലെന്ന് പോലീസ്
പോലീസിന് മുന്നില്‍ ഗ്രീഷ്മ കരഞ്ഞും വിറച്ചും ബോധമറ്റ് വീണു. എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി വരെമുഴക്കി. 'ഞാനാണ് കുറ്റക്കാരിയെന്ന് കരുതുന്നുണ്ടോ സാറേ? അങ്ങനെയുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യും' എന്നായിരുന്നു ഗ്രീഷ്മ എസ്.ഐ ആയ സജിയോട് പറഞ്ഞത്. പിന്നീട് ഗ്രീഷ്മ വിളിച്ചപ്പോഴൊക്കെ തിരക്കാണെന്ന് പറഞ്ഞ് എസ്.ഐ ഒഴിഞ്ഞുമാറി. ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു അവര്‍. ഗ്രീഷ്മയുടെ അച്ഛന്, അമ്മ, അമ്മാവന് നിര്‍മല്‍, അമ്മയുടെ സഹോദരിയുടെ മകള്‍ പ്രശാന്തിനി എന്നിവരുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസ് ശ്രദ്ധിച്ചു. പ്രശാന്തിനിയാണ് കോകിലാക്ഷം കഷായം വാങ്ങിനല്‍കിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞിരുന്നു. ആ കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. എന്നാല്‍ പാറശ്ശാലയിലെ കടയില്‍ നിന്ന് വാങ്ങിയ കദളീകല്പ്പമെന്ന മരുന്നാണ് നല്‍കിയതെന്ന് പ്രശാന്തിനി മൊഴി നല്കി. മരുന്നുകുപ്പിയില്‍ അമ്മാവന് ജോലിസ്ഥലത്തേക്ക് കറി കൊണ്ടുപോയെന്നും പറഞ്ഞു. ആ കുപ്പി ശേഖരിച്ച് പോലീസ്
പ്രശാന്തിനി പറഞ്ഞ കടയിലെത്തി. കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നും ഈ രസായനം തന്റെ മെഡിക്കല്‍ സ്റ്റോറില്‍ വില്‍ക്കാറില്ലെന്നും കടക്കാരന് ഉറപ്പിച്ച് പറഞ്ഞു. അതോടെ കന്നുമാമ്മൂട്ടിലെ കടയില്‍ നിന്നാണ് മരുന്ന് വാങ്ങിയതെന്ന് പ്രശാന്തിനി മൊഴി മാറ്റി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ മറ്റൊരു മെഡിക്കല്‍ സ്റ്റോറിന്റെ പേര് പറഞ്ഞു. കദളീകല്‍പ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയതല്ല ഷാരോണിന് നല്കിയ കഷായത്തിന്റെ കുപ്പിയെന്ന് അപ്പോഴേക്കും മനസിലാക്കിയിരുന്നു. പിടിമുറുകിയെന്ന് ഉറപ്പായപ്പോള്‍ ഇങ്ങനെയൊക്കെ പറയണമെന്ന് ഗ്രീഷ്മയാണ് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നല്കി.
കഷായം കുറിച്ചുനല്‍കിയെന്ന് പറയുന്ന ആയുര്‍വേദ ഡോക്ടറും വാദം തള്ളി. അമ്മയ്ക്കൊപ്പം വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ക്കും ഇതേ ജ്യൂസ് നല്‍കിയെന്നും അവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. ഒക്ടോബര്‍ 29ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സനും പാറശ്ശാല സി.ഐ.യും എസ്.ഐ.യുമടക്കം പത്ത് ഉദ്യോഗസ്ഥരായിരുന്നു ടീമില്‍. ഒക്ടോബര്‍ 30ന് ഗ്രീഷ്മയെ ചോദ്യം ചെയ്യലിനായി റൂറല്‍ എസ്.പി ഓഫിസിലേക്ക് വീണ്ടും വിളിച്ചുവരുത്തി. പ്രധാനമായും നാല് കാര്യങ്ങളിലൂന്നിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍
1.മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിന് ഷാരോണിനെ വിളിച്ചുവരുത്തി
2.ഷാരോണിന് കൂള്‍ഡ്രിങ്ക്സ് അടക്കം എന്തെല്ലാം നല്കി
3.കഷായം നല്‍കാനുണ്ടായ സാഹചര്യം എന്താണ്
4.ഷാരോണ്‍ എത്തുന്ന സമയത്ത് വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നു
ബന്ധുക്കളോട് പറഞ്ഞ അതേ നുണകള്‍ ആവര്‍ത്തിച്ചെങ്കിലും മൊഴികളിലെ വൈരുധ്യം ഗ്രീഷ്മയ്ക്ക് തന്നെ കുരുക്കായി. സഹോദരനോട് കഷായത്തിന്റെ പേര് വെളിപ്പെടുത്താത്തതിന്റെ കാരണവും വെളിപ്പെടുത്താനായില്ല. നുണകളോരോന്നായി പൊളിഞ്ഞതോടെ ഷാരോണിന് നല്‍കിയത് കളനാശിനിയാണെന്ന് ഗ്രീഷ്മ സമ്മതിച്ചു. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് കളനാശിനി നല്‍കിയതെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി. നവംബറില്‍ ഗ്രീഷ്മ ഷാരോണിനൊപ്പം ഇറങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെന്നും 14-ാം തിയ്യതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും പറഞ്ഞ് ഷാരോണിനെ ഗ്രീഷ്മ വിളിച്ചുവരുത്തിയതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 13 ന് രാത്രിയും ഒരു മണിക്കൂര്‍ ഏഴ് മിനിറ്റ് ഇരുവരും ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചിരുന്നു. 14ന്് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചതായും കുറ്റപത്രത്തിലുണ്ട്. വാട്സ്ആപ് ചാറ്റുകള്‍ തെളിവായി. വീട്ടിലെത്തിയ ഷാരോണിനോട് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞിരുന്നുവെന്നും അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കിയെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായും അത് പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ ഷാരോണ്‍ ബാത്ത്റൂമില്‍ പോയപ്പോള്‍ കഷായത്തില്‍ വിഷംചേര്ക്കുകയായിരുന്നുവെന്നുംകുറ്റപത്രത്തില് പറയുന്നു. കളനാശിനി ഉണ്ടായിരുന്ന കുപ്പിയുടെ ലേബല്‍ ഇളക്കിയ ശേഷം കുപ്പി വലിച്ചെറിഞ്ഞു. അത് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് നിന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഒക്ടോബര്‍ 31-ന് കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമവും നടത്തി ഗ്രീഷ്മ. സുരക്ഷയില്‍ വീഴ്ചവരുത്തിയതിന് രണ്ട് വനിതാ പൊലീസുകാരെ സസ്പെന്‍ഡും ചെയ്തു. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അമ്മാവനാണു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ അമ്മ സിന്ധുവിനെയും അമ്മാവന് നിര്‍മല്‍കുമാറിനെയും അറസ്റ്റുചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ മൂവരും കുറ്റംസമ്മതിച്ചു.
ഷാരോണിനെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും അഴിയാക്കുരുക്കായി. ഷാരോണിന്റെ ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഛര്‍ദിയിലോ മൂത്രത്തിലോ ഇരുണ്ട നിറം വരണമെങ്കില്‍ വൃക്ക, കരള്‍ എന്നിവയെ ബാധിക്കുന്ന എന്തെങ്കിലും ഉള്ളില്‍ ചെന്നിരിക്കണമെന്ന സംശയവും പരിശോധിച്ചു. നിറത്തിന്റെ അടിസ്ഥാനത്തില്‍ അത് കോപ്പര്‍ സള്ഫേറ്റാണോയെന്ന് പരിശോധിച്ചെങ്കിലും അതല്ലെന്ന് മനസ്സില്ലായി. വീടിനു പുറത്തുനിന്ന് കാപികിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെ കുരുക്ക് വീണ്ടും മുറുകി
ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിനല്‍കിയ പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന വിഷം ഉള്ളില്‍ച്ചെന്നാണ് ഷാരോണ്‍രാജ് മരിച്ചതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗം മേധാവി കോടതിയില്‍ മൊഴിനല്‍കി. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവ തകരാറിലായാണ് മരണം സംഭവിച്ചതെന്നായിരുന്നു പതോളജി വിഭാഗം മേധാവി ഡോ. ജെയ്മി ആനന്ദന്റെ മൊഴി. ഷാരോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജിലെ പോലീസ് ഫൊറന്‍സിക് സര്ജന് ഡോ. ധന്യ രവീന്ദ്രന്റെ മൊഴിയും നിര്‍ണായകമായി.
ചികിത്സയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ മരിച്ച ഷാരോണ്‍രാജിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പതോളജി ലാബിലാണ് പരിശോധിച്ചത്. തലച്ചോറിന്റേതുള്പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധിച്ചു. പാരക്വിറ്റ് ഡൈക്ലോറൈഡ് ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയതാണ് മരണകാരണമെന്ന് ഇന്ഫക്ഷന് ഡിസീസ് വിഭാഗം മേധാവി ഡോ. ആര്.അരവിന്ദും മൊഴിനല്‍കി. വെട്ടുകാട് പള്ളിയിലെത്തി ഗ്രീഷ്മയെ ഷാരോണ്‍ താലിചാര്‍ത്തിയതും കുങ്കുമംതൊട്ടതും കണ്ട സാക്ഷികളുടെ മൊഴിയും കുരുക്കായി. ഗ്രീഷ്മയുടെ അമ്മാവന് നിര്മലകുമാരന്നായരുടെ വീട്ടിലെത്തി ഇരുവരുമെടുത്ത ഫോട്ടോകളും തെളിവായി
ഗ്രീഷ്മയുടെ ജാതകദോഷം തീരുമെന്ന അന്ധവിശ്വാസത്തില്‍ മകനെ കൊന്നുവെന്നാണ് ഷാരോണിന്റെ അമ്മയും ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് നവംബറിനുമുമ്പ് മരിച്ച് പോകുമെന്ന് ജോത്സ്യന് പറഞ്ഞിരുന്നു. ഷാരോണും ഗ്രീഷ്മയും ആറുമാസംമുമ്പ് രഹസ്യമായി വിവാഹിതരായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം തീരുമാനിച്ചു. ജോത്സ്യന്റെ പ്രവചനം സാധ്യമാക്കാനാണ് ആദ്യ ഭര്‍ത്താവെന്ന നിലയ്ക്ക് ഷാരോണിനെ ഗ്രീഷ്മ കൊന്നതെന്നായിരുന്നു ഷാരോണിന്റെ അമ്മ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ജാതക ദോഷത്തിന്റെ കഥ ഷാരോണിനെ ഒഴിവാക്കാന്‍ ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മയുടെ മൊഴിയില്‍ പറയുന്നു. ഇതിന് മുന്‍പ് ജ്യൂസില്‍ ഗുളിക കലര്‍ത്തിയും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച് ചെയ്തത് തെളിവായി.ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസം ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
- 2023 ജനുവരി 25 -നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
- 2023 ജൂണ്‍ 02 -ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തളളി.
- 2023 സെപ്റ്റംബര്‍ 15- സഹതടവുകാരുടെ പരാതിയേത്തുടര്‍ന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി.
- 2023 സെപ്റ്റംബര്‍ 15- ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്കി.
- 2023 ഒക്ടോബര്‍ 13- വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യം തള്ളി. സംഭവം നടന്നതും പ്രതികളുടെ വീടും തമിഴ്നാട്ടിലായതിനാല്‍ അവിടേക്ക് വിചാരണ മാറ്റണമെന്ന ആവശ്യമാണ് തള്ളിയത്.
- 2024 ഒക്ടോബര്‍ 15- വിചാരണ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
- 2025 ജനുവരി 03 -കേസില്‍ അന്തിമവാദം പൂര്‍ത്തിയായി.
- 2025 ജനുവരി 17- ഗ്രീഷ്മയും അമ്മാവന് നിര്‍മല്‍കുമാറും കുറ്റക്കാരെന്ന് കോടതി വിധിച്ചു. അമ്മ സിന്ധുവിനെ വെറുതെവിട്ടു
വിധി പറയുമ്പോള്‍ പ്രായം പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമമില്ലെന്ന് നിരീക്ഷിച്ച കോടതി ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. നേരത്തെയും വധശ്രമം നടത്തിയ ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളേയും കോടതി വിളിച്ചുവരുത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ ശിക്ഷാവിധി കേട്ടത്. മാറിയ കാലത്തിനു അനുസരിച്ച് അന്വേഷണ രീതിയിലും മാറ്റം കൊണ്ടുവന്ന കേരള പോലീസിനെയും കോടതി അഭിനന്ദിച്ചു. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പറഞ്ഞ കോടതി ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ലെന്നും വ്യക്തമാക്കി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. മരണക്കിടക്കിലും ഷാരോണ്‍ ഗ്രീഷ്മയെ വാവ എന്നാണ് വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ഷാരോണിന്റെ കുടുംബം തുടക്കം മുതല്‍ ഉന്നയിച്ച സംശയങ്ങളും ചോദ്യങ്ങളുമാണ് കേസിന്റെ ഗതി നിര്‍ണയിച്ചത്. അവര്‍ നടത്തിയ പോരാട്ടമാണ് ഗ്രീഷ്മയെ നിയമത്തിന് മുന്നില്‍ മുട്ടുകുത്തിച്ചത്. അസ്വഭാവികതകളോരോന്നും അവര്‍ എണ്ണിയെണ്ണി പറഞ്ഞു. ഗ്രീഷ്മയോളം കുറ്റക്കാരിയാണ് അമ്മയെന്ന് ഇന്നും വിശ്വസിക്കുന്നുണ്ട് ആ കുടുംബം. അമ്മ സിന്ധുവിനെ വെറുതെവിട്ടതിലെ വേദനയും മറച്ചു വെയ്ക്കുന്നില്ല അവര്‍. ഉദ്വേഗഭരിതമായ കഥ മാത്രമാണ് നമുക്ക് ഷാരോണ്‍വധം. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഷാരോണിന്റെ കുടുംബമനുഭവിക്കുന്ന നോവ് മായ്ക്കാന്‍ ഏത് ശിക്ഷയ്ക്കാകും?
Content Highlights: Gruesome Crime: sharon raj murder case
Published: 20 Jan 2025, 03:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented