'ഈ ശിക്ഷയൊന്നും നടപ്പാവാൻ പോകുന്നില്ല. സത്യത്തിൽ വിധിക്കപ്പെട്ട വധശിക്ഷയിൽ എത്രയെണ്ണം നടപ്പായിട്ടുണ്ട്?' ഷാരോൺരാജ് വധക്കേസിൽ വധശിക്ഷ വിധി വന്നപ്പോൾ പലരും പറഞ്ഞത് ഇക്കാര്യമാണ്‌. ഇന്ത്യയിൽ പ്രതിവർഷം വധശിക്ഷക്ക് വിധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. വധശിക്ഷ പ്രാകൃത ശിക്ഷാവിധിയാണെന്ന വാദം ആഗോള തലത്തിൽ ശക്തമാകുമ്പോൾ, നമ്മൾ ആ ശിക്ഷാവിധിയെ നോക്കിക്കാണുന്നത് എങ്ങനെയാണ്?കേരളത്തിൽ വധശിക്ഷ കാത്ത് എത്രപേരാണ് നിലവിൽ ജയിലിൽ കഴിയുന്നത്?

To advertise here,

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കേരളത്തിലെ അഞ്ച് ജയിലുകളിലായി കഴിയുന്നത് 40 തടവുകാർ. അതിൽ, ഗ്രീഷ്മയടക്കം രണ്ട് സ്ത്രീകൾ. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏറ്റവുമധികം തടവുകാരുള്ളത് . ആലപ്പുഴയിൽ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 15 പേർ ഉൾപ്പെടെ 23 പേരാണ് ഇവിടെയുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിലും തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലുമായി നിലവിൽ നാല് വധശിക്ഷാ തടവുകാർ വീതമുണ്ട്. പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം, ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലം എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലുണ്ട്. വിയ്യൂർ അതിസുരക്ഷാ ജയിലിലും രണ്ടുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായിയുണ്ട്.

ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിച്ച ബംഗ്ലാദേശി പൗരന്‍ ലബലു ഹസന്‍, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂര്‍ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാര്‍, മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജന്‍, കോളിയൂര്‍ കൊലക്കേസ് പ്രതി അനില്‍കുമാര്‍ എന്നിവരും വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരാണ്. മുൻ പോലീസ് ഉദ്യോഗസ്ഥരും വധശിക്ഷ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. പോലീസുകാർ പ്രതിയായ ഫോർട്ട് പോലീസ് സ്റ്റേഷൻ ഉരുട്ടി കൊലക്കേസിലാണ് എ.എസ്.ഐ ജിതകുമാർ ശിക്ഷിക്കപ്പെട്ടത്. ഇതേകേസിൽ വധശിക്ഷ ലഭിച്ച സിപിഒ ശ്രീകുമാർ ജയിൽ വാസത്തിനിടെ കാൻസർ ബാധിച്ച് മരിച്ചു.

ശിക്ഷ നടപ്പാക്കുന്നത് അപൂർവം

വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂർവമാണ്. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 വർഷങ്ങൾക്ക് മുൻപാണ്. 1991ജൂലായ് 6-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനായിരുന്നു കുറ്റവാളി. വധശിക്ഷയ്ക്ക് എതിരെ ചന്ദ്രന്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും, ശിക്ഷ ശരിവെച്ചു. പിന്നീട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതും തള്ളി. 1974-നായിരുന്നു തിരുവനന്തപുരം സെൻട്രൽ ജയിലിൽ അവസാനമായി ഒരാളെ വധശിക്ഷയ്ക്കു വിധേയനാക്കിയത്. കളിയിക്കാവിള സ്വദേശിയായ അഴകേശനെയായിരുന്നു തൂക്കിലേറ്റിയത്. മിക്ക കേസുകളിലും മേൽകോടതി വധശിക്ഷ ഇളവ് ചെയ്യും. അല്ലെങ്കിൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകി വധശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കും.

വനിതാ തടവുകാർ

ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസില്‍ 2006ല്‍ ഭാര്യ ബിനിതയ്ക്ക് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. നിലവിൽ വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയെ മോഷണത്തിനായി കൊന്ന് ചാക്കിൽകെട്ടി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ പ്രതി റഫീക്കയാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ഉള്ള ഏക വനിത. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇവർ തടവുകാരിയായി കഴിയുന്നത്.

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ, സെൻട്രൽ ജയിലിൽ വനിതാ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യമില്ലാത്തതിനാൽ അട്ടക്കുളങ്ങര ജയിലിലാകും പാർപ്പിക്കുക. എന്തായാലും നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗ്രീഷ്മ. നിലവിൽ ജയിലിൽ കഴിയുന്ന രണ്ട് പേരേയും, അതായത് റഫീക്ക ബീബിയേയും ഗ്രീഷ്മേയും ശിക്ഷിച്ചത് ഒരേ ന്യായാധിപനാണ് എന്നതും ശ്രദ്ധേയമാണ്.

വധശിക്ഷ വിധിച്ചാൽ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് പരോളിന് അർഹതയുണ്ടാകില്ല. ജാമ്യത്തിനും സാധ്യത കുറവാണ്. അടിയന്തര ചികിത്സ വേണ്ട സാഹചര്യത്തിൽ മാത്രമാണ് വധശിക്ഷ ലഭിച്ചവർക്ക് ജാമ്യം കിട്ടുക. നിലവിലെ സാഹചര്യത്തിൽ ആറുവർഷം കഴിയാതെ ഹൈക്കോടതി അപ്പീൽ പരിഗണിക്കാനിടയില്ല. ജയിലിലെ മറ്റു സ്ഥിരം തടവുകാരെപ്പോലെയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. തടവുകാരുടെ സ്ഥിരംവസ്ത്രവും തിരിച്ചറിയിൽ നമ്പരും നൽകും. ജോലിയും ഉണ്ടാകും. അപ്പീലുകളെല്ലാം തള്ളി, വധശിക്ഷ ഉറപ്പായാൽ മാത്രമേ പ്രത്യേക സെല്ലിലേക്കു മാറ്റാറുള്ളു. ഇങ്ങനെ മാറ്റിയിട്ടുള്ള പ്രതികളാരും കേരളത്തിലെ ജയിലുകളിലില്ല.

സുപ്രീംകോടതിയുടെ വിധി

വധശിക്ഷ നിയന്ത്രിക്കാൻ വേണ്ടി ’അപൂർവങ്ങളിൽ അപൂർവം’ എന്ന നിയമതത്ത്വം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ബച്ചൻ സിങ്ങും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിലായിരുന്നു ഈ വിധിപ്രസ്താവം. അപൂർവങ്ങളിൽ അപൂർവമായ കേസുകൾ നിർണയിക്കുന്നതെങ്ങനെയെന്ന നിർവചനവും അന്ന് കോടതി നൽകി. കൊലപാതകം നടത്തിയ രീതി, കൊലപാതകിയുടെ ലക്ഷ്യം, കുറ്റകൃത്യത്തിന്റെ ഭീകരതയും സമൂഹവിരുദ്ധ സ്വഭാവവും, കുറ്റകൃത്യത്തിന്റെ വ്യാപ്തി, കൊലപാതകിയുടെ സ്വഭാവസവിശേഷതകൾ എന്നീ അഞ്ചു ഘടകങ്ങൾ പരിഗണിച്ചുവേണം വധശിക്ഷ പുറപ്പെടുവിക്കാനെന്നാണ് സുപ്രീംകോടതിയുടെ വിധി. ഇതനുസരിച്ച്, ഗ്രീഷ്മയുടെ കേസിൽ വധശിക്ഷ നിലനിൽക്കുമോയെന്നതിൽ സൂക്ഷ്മമായ നിയമപരിശോധന അനിവാര്യമാവും. സാഹചര്യത്തെളിവുകൾ മാത്രമാണ് ഗ്രീഷ്മയുടെ വധശിക്ഷാവിധിയിൽ അടിസ്ഥാനമാക്കിയത്. അതിനാൽ, ഈ പരിഗണനകൾ മേൽക്കോടതികളിൽ വാദങ്ങളായി ഉയർന്നുവരും.

ശരിവെക്കേണ്ടത് സുപ്രീംകോടതി

കീഴ്‌ക്കോടതികൾ വ്യാപകമായി വിധി പുറപ്പെടുവിക്കുമെങ്കിലും കേസുകളുടെ സൂക്ഷ്മപരിശോധനയിൽ സുപ്രീംകോടതി പലപ്പോഴും വധശിക്ഷ ശരിവെക്കാറില്ല. ദേശീയ നിയമ സർവകലാശാല കഴിഞ്ഞവർഷം പുറത്തിറക്കിയ റിപ്പോർട്ട്‌ അനുസരിച്ച് രാജ്യത്ത് വധശിക്ഷ കാത്തുകിടക്കുന്നത് 561 പേരാണ്. 2023 ഡിസംബർ 31വരെയുള്ള നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളും വിവിധ സംസ്ഥാനങ്ങളിലെ കേസുകളും വിലയിരുത്തി പുറത്തുവിട്ടതാണ് ഈ വിവരം. എന്നാൽ, കീഴ്‌ക്കോടതികൾ വിധിച്ച ഏഴു വധശിക്ഷാ കേസുകൾ മാത്രമേ കഴിഞ്ഞ 15 വർഷത്തിനിടയിൽ സുപ്രീംകോടതി ശരിവെച്ചിട്ടുള്ളൂ. 2023ൽ ആറുപേരെ വിട്ടയക്കാനും സുപ്രീംകോടതി വിധിച്ചിരുന്നു.

വധശിക്ഷാ കേസുകളിൽ രണ്ടു ദശകങ്ങൾക്കിടയിലെ രാജ്യത്തെ ഏറ്റവും വലിയ കണക്കാണ് ദേശീയ നിയമ സർവകലാശാല പുറത്തുവിട്ടത്. അഞ്ചുവർഷമായി വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ 378, 2020ൽ 404, 2021ൽ 490, 2022ൽ 541, 2023ൽ 561 എന്നിങ്ങനെയാണ് അഞ്ചുവർഷത്തെ കണക്ക്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ-119 പേർ. ഗുജറാത്ത്-72, മഹാരാഷ്ട്ര-41, ഝാർഖണ്ഡ്-39, മധ്യപ്രദേശ്-30, ഹരിയാണ-28, കർണാടക-25 എന്നിങ്ങനെയാണ് തൂക്കുകയർ കാത്തുകഴിയുന്നവർ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. 2023 വരെയുള്ള ഔദ്യോഗിക കണക്കിൽ കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവർ 23 പേരാണെങ്കിലും ഇപ്പോഴത് 40 ആയി ഉയർന്നു.

Inshort: 40 convicts await death penalty in Kerala prisons.  Learn about the rare implementation of capital punishment in India and the legal challenges involved.