കോഴിക്കോട്: കൊലപാതകക്കേസുകൾ ഉൾപ്പെടെ സങ്കീർണമായ കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ ഏറെ വൈദഗ്‌ധ്യമുള്ള പോലീസ് ഓഫീസറായിരുന്നു ശനിയാഴ്ച അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. ജോൺസൺ.

To advertise here,

പാറശ്ശാല ഷാരോൺ വധക്കേസ് അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ പൊൻതൂവൽ ചാർത്തി. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി യുവാവിനെ വകവരുത്തിയ കേസ് തുടക്കത്തിൽ സാധാരണ മരണമെന്നാണ് കരുതപ്പെട്ടത്. എന്നാൽ, മൊഴികളിലെ വൈരുധ്യവും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയമായ വിശകലനവും നടത്തിയാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.

‘പാത്തൂട്ടി’യുടെ ആത്മാവെന്ന പേരിൽ നാടിനെ ഭയപ്പെടുത്തിയ ജിന്നുമ്മ എന്ന ഷെമീനയെയും സംഘത്തെയും പിടികൂടിയത് ജോൺസന്റെ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണമികവായിരുന്നു. ആഭിചാരക്രിയകളുടെ മറവിൽ 596 പവൻ സ്വർണം തട്ടിപ്പറിക്കുകയും ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഒന്നരവർഷത്തെ പരിശ്രമത്തിനൊടുവിലാണ് കുറ്റവാളികളെ കുടുക്കിയത്.

ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ അസാമാന്യകഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. തെളിവുകളുടെ അഭാവത്തിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് അസാമാന്യ കഴിവുണ്ടായിരുന്നു.

പൂവാറിൽ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യപ്രതിയായ മാഹിൻ കണ്ണിനെ അറസ്റ്റ് ചെയ്തത് ജോൺസൺന്റെ അന്വേഷണമികവാണ്. 11 വർഷം മുൻപ് അമ്മയെയും മകളെയും കാണാതായ സംഭവം കടലിൽതള്ളി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത് അദ്ദേഹമാണ്. തെളിവുകളില്ലാതെ കിടന്ന ഈ കേസിൽ മാഹിൻ കണ്ണിനെ ചോദ്യംചെയ്ത് സത്യം പുറത്തുകൊണ്ടുവരുകയായിരുന്നു.

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർഹാജിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

തിരുവനന്തപുരം റൂറൽ പോലീസിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ജനകീയനായി മാറിയ ഉദ്യോഗസ്ഥനായിരുന്നു. ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ഞായറാഴ്ച കോഴിക്കോട് സിറ്റി കൺട്രോൾ റൂം പരിസരത്ത് ജോൺസൺന്റെ മൃതദേഹം പൊതുദർശനത്തിനുവെച്ചു.

സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡി.സി.പി. പദംസിങ്, അഡീഷണൽ എസ്.പി.ഇ. സുനിൽകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ഐ.ജി. പുട്ട വിമലാദിത്യ, ഡി.ഐ.ജി. കെ. കാർത്തിക് എന്നിവർക്കുവേണ്ടിയും റീത്ത് സമർപ്പിച്ചു. മൃതദേഹം പിന്നീട് സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി.