ലോകവിവരമൊന്നുമില്ല, എപ്പോഴും ഫോണിൽ കളിച്ചിരിക്കുന്ന ന്യൂജെൻ പിള്ളേരാ... ജെൻസികളെ അങ്ങനെ നിസാരവത്കരിക്കാൻ വരട്ടെ. ഏഷ്യ മുതൽ ലാറ്റിൻ അമേരിക്ക വരെ... കൃത്യമായി പറഞ്ഞാൽ നേപ്പാൾ, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, പെറു തുടങ്ങിയ രാജ്യങ്ങളില്ലെല്ലാം തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു ജെൻസികൾ. വ്യത്യസ്ത രാജ്യങ്ങൾ, വ്യത്യസ്ത വിഷയങ്ങൾ... പക്ഷേ അവരെല്ലാം ശബ്ദമുയർത്തുന്നത് അതത് സ്ഥലത്തെ സാമൂഹ്യ- സാമ്പത്തിക മേഖലയിലെ അസമത്വത്തിനും അനീതിക്കുമെതിരെയാണ്, അഴിമതിയിലും ദുർഭരണത്തിലുമുള്ള സർക്കാറിനെതിരെയാണ്. നേതാക്കളോ പ്രസംഗങ്ങളോ ഇല്ലാതെ പ്രതിഷേധത്തിന്റെ വേറിട്ടൊരു മുഖമാണ് അവർ ലോകത്തിന് മുന്നിൽ കാണിച്ചുതരുന്നത്. ഒന്നിനുപിറകെ ഒന്നായി എന്തുകൊണ്ടാണ് പലയിടങ്ങളിൽ ജെൻസി പ്രതിഷേധം ഉയരുന്നത്? എന്തുകൊണ്ടാവും പുതുതലമുറ മറ്റുള്ളവരേക്കാൾ കൂടുതൽ പ്രകോപിതരാകുന്നത്?

To advertise here,

ഏകദേശം 1997 നും2010 നുമിടയിൽ ജനിച്ചവരാണ് ജെൻസികളെന്ന് വിളിക്കുന്ന തലമുറ. ഒരർത്ഥത്തിൽ പറഞ്ഞാൽ മുമ്പ് കാലത്തെ അപേക്ഷിച്ച് ലോക പരിചയം കൂടുതലാണവർക്ക്. ഇന്റർനെറ്റിനൊപ്പം വളർന്നവർക്ക് ഏതു വിവരവും കൈത്തുമ്പിലാണ്. കൈയിലെ സ്മാർട്ഫോൺ തലച്ചോറിന്റെ ഒരു എക്സ്ററൻഷനാണ്. സോഷ്യൽമീഡിയയുടെ കാലത്ത് വളർന്നവക്ക് ഒത്തുകൂടാനും പങ്കുവെക്കാനും ഇടങ്ങളേറെയുണ്ട്. അതുകൊണ്ടുതന്നെ, ഡിജിറ്റൽ ഹൈപ്പർ-കണക്റ്റിവിറ്റിയുടെ കാലത്തുവളർന്ന തലമുറയെ അത്ര ചെറുതായി കാണേണ്ടതില്ല. കൊടിയുമായി ഇടക്കിടെ റോഡിലിറങ്ങിയില്ലെങ്കിലും, അവരുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്യേണ്ടതുമില്ല.

യുവ തലമുറ അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്നത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല, ഫ്രഞ്ച് വിപ്ലവം പോലെ ചരിത്രത്തിലെ എണ്ണപ്പെട്ട വിപ്ലകാലത്തൊക്കെ അവർ തെരുവിലിറങ്ങിയിട്ടുണ്ട്. കാലം മാറിയാലും ഏതാണ്ട് അതേ കാരണങ്ങൾകൊണ്ടൊക്കെയാണ് അവരിപ്പോഴും പ്രതിഷേധവുമായി രം‌ഗത്തിറങ്ങിയത്. നേപ്പാളിലായാലും ഇന്തോനേഷ്യയിലായാലും പെറുവിലായാലും. അഴിമതിയാരോപണങ്ങളും സ്വജന പക്ഷപാതവുമെല്ലാം അതിന് ആക്കം കൂട്ടി. നല്ല ജോലി, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ ലഭിക്കാതെ വരുകയും ജീവിതചെലവുകൾ കൂടുകയും അവസരങ്ങൾ ചുരുങ്ങുകയും ചെയ്തതോടെ യുവജനങ്ങളിൽ അമർഷം ഉണ്ടാവാൻ തുടങ്ങി. ജെൻസികൾ പൊതുവായി നേരിടുന്ന സാമ്പത്തിക നിരാശ, തൊഴിലിലായ്മ, അനീതി, ഭരണവർഗത്തോടുള്ള അനിഷ്ടം എന്നിവയെല്ലാം അവരെ കൂടുതൽ പ്രകോപിതരാക്കി.

ജനിച്ച് വീണതേ ഫോണിന് മുന്നിലേക്ക് അല്ലെങ്കിലും ഡിജിറ്റലിനൊപ്പം വളർന്നവരാണ് ജെൻസികൾ. സ്മാർട്ട്ഫോണും സോഷ്യൽമീഡിയയുമെല്ലാം ജീവിതത്തിന്റെ ഭാഗമായവർ. ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന കാര്യവും അപ്പോപ്പോൾ അറിയുന്നവർ. പ്രതിഷേധിക്കാനും അവർ സോഷ്യൽ മീഡിയയെ ആയുധമാക്കുന്നുണ്ട്. ടിക് ടോക്ക് ക്ലിപ്പുകൾ, ഇൻസ്റ്റാഗ്രാം റീലുകൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെ ഒരേ അഭിപ്രായമുള്ളവരെ കണ്ടെത്താം, സംഘടിക്കാം, പ്രതിഷേധിക്കാം. BLM മുതൽ Fridays for Future വരെയുള്ള ആഗോള പ്രസ്ഥാനങ്ങളെയും പുതുതലമുറ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രശ്നങ്ങൾ വ്യത്യസ്തമാണെലും ആഗോള ഐക്യദാർഢ്യം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിലൂടെ കഴിയുമെന്നതാണ് യാഥാർഥ്യം.

കാര്യങ്ങളെല്ലാം എന്നെങ്കിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരാണ് പഴയ തലമുറ. തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി മാറ്റത്തിനായി ജെൻസികൾ നിശബ്ദമായി കാത്തിരിക്കാതെ പ്രതികരിക്കാൻ തുടങ്ങി. ഓൺലൈനിൽ സംഘടിക്കാനും, ഓഫ്ലൈനായി മാർച്ച് ചെയ്യാനും തുടങ്ങി. നേപ്പാൾ, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, പെറു എന്നിവിടങ്ങളിലെ പ്രതിഷേധം ഈ പൊതുസ്വഭാവം കാണിക്കുന്നുണ്ട്.

ഫിലീപ്പെൻസിലെ പ്രതിഷേധം

ഭരിക്കുന്നവരുടെ അഴിമതിയിൽ സഹിക്കെട്ടാണ് ഫിലീപ്പൈൻസിൽ ജെൻസികൾ തെരുവിലിറങ്ങിയത്. അതിന് പ്രകോപനമായതാകട്ടെ മഴയും. കഴിഞ്ഞ വർഷം 5,500-ലധികം വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയതായിരുന്നു പ്രസിഡന്റ് മാർക്കോസ് "ബോങ്‌ബോങ്" ജൂനിയർ അവകാശപ്പെട്ടത്. 2022 ൽ മാർക്കോസ് അധികാരത്തിൽ വന്നപ്പോൾ മുതൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി 545 ബില്യൺ പെസോ ($9.54 ബില്യൺ) ആണ് ചെലവഴിച്ചത്. എന്നാൽ മഴ പെയ്തതോടെ വെള്ളപ്പൊക്കം രൂക്ഷമായി. അപ്പോൾ പിന്നെ സർക്കാര് ഇത്രകാലം എന്താണ് ചെയ്തതെന്ന ചോദ്യമുയർന്നു. സർക്കാരിന്റെ കെടുകാര്യസ്ഥത സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നു. ഇത് സംബന്ധിച്ച അന്വേഷണത്തില് കടലാസിൽ മാത്രം ഒതുങ്ങിയ നിരവധി ഗോസ്റ്റ് പ്രൊജക്ടുകൾ കണ്ടെത്തി. നിലവാരമില്ലാത്ത മറ്റ് പല പൊജക്ടുകളുടെയും പേരിൽ ഉദ്യോഗസ്ഥരും കരാറുകാരും ഇടനിലക്കാരും ഒരുപാട് പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരുടെ മക്കളുടെ ആഡംബര ജീവിതവും ഇതിനോടൊപ്പം ചർച്ചയായി.

തെക്കുകിഴക്കൻ ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ഫിലിപ്പീൻസ് എന്നോർക്കുമ്പോഴാണ് അഴിമതിയുടെ ആഘാതം മനസിലാവുക. 2024 ലെ കണക്കനുസരിച്ച് ഫിലിപ്പീൻസിന്റെ പ്രതിശീർഷ ജിഡിപി ഏകദേശം 4,000 ഡോളറായിരുന്നു. ആഗോള ശരാശരി 13,673 ഡോളറും. വരുമാന അസമത്വവും തൊഴിൽ സാധ്യതകളിലെ കുറവും ഇടയ്ക്കിടെ ഉണ്ടാവുന്ന ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളുമെല്ലാം ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നുണ്ട്. ഇതിനിടെയാണ് ഭരണവർഗം അഴിമതി നടത്തി അഢംബര ജീവിതം നയിക്കുന്നത്. ഇതോടെ ജെൻസികള് തെരുവിലിറങ്ങി.

സെപ്റ്റംബർ 21ന് കറുത്ത വസ്ത്രം ധരിച്ച പ്രകടനക്കാർ പോലീസിന് നേരെ കല്ലുകളും തീ ബോംബുകളും എറിഞ്ഞതോടെ പ്രശ്നം വഷളായി. അസോസിയേറ്റഡ് പ്രസ് പ്രകാരം 200-ലധികം പേർ അറസ്റ്റിലായി. ഏകദേശം 100-ഓളം നിയമപാലകർക്ക് പരിക്കേറ്റു. കുറഞ്ഞത് 61,000 പേരെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായതായാണ് റിപ്പോർട്ട്. പ്രതിഷേധത്തെ തുടർന്ന് അടിസ്ഥാന സൗകര്യ പദ്ധതികളിലെ അഴിമതി അന്വേഷിക്കുന്നതിനായി മാർക്കോസ് മൂന്നംഗ കമ്മീഷനെ പ്രഖ്യാപിച്ചു. അന്വേഷണത്തിൽ കുറ്റക്കാരയവരെ കണ്ടെത്തുകയും ചെയ്തു.

അധികാരത്തിലിരിക്കുന്നവർ അഴിമതി നടത്തുന്ന നീണ്ട ചരിത്രമാണ് ഫിലിപ്പീൻസിനുള്ളത്. മാർക്കോസിന്റെ പിതാവ് ഫെർഡിനാൻഡ് മാർക്കോസ് 1965 മുതൽ 1986 വരെ പ്രസിഡന്റായിരുന്നു, അദ്ദേഹത്തിന്റെ ഭരണകാലത്ത് പൊതുജനങ്ങളിൽ നിന്ന് ഏകദേശം 10 ബില്യൺ ഡോളർ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. വർഷങ്ങളായി അധികാരത്തിൽ തുടരുന്ന ഒരു കൂട്ടം ഉന്നതർക്കെതിരായ പൊതുജന നിരാശയിൽ നിന്നാണ് ഫിലിപ്പൈൻസിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അഴിമതിയില്ലാത്ത സംവിധാനം ഇത് ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഭരണമാറ്റത്തിനുള്ള പ്രധാന ആഹ്വാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്തോനീഷ്യയിലെ പ്രതിഷേധം

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും ഹൗസിങ് അലവന്‍സും കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. ഇന്‍ഡൊനീഷ്യയിലെ ഭൂരിഭാഗംപേരും നിത്യജീവിതത്തിന് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടെയായിരുന്നു ഈ നടപടി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഹൗസിങ് അലവന്‍സ് മാത്രം പത്തിരട്ടിയോളമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതേസമയം വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നിവയിലെല്ലാം കർശനമായ ചെലവുചുരുക്കൽ നടപടികൾ രാജ്യത്ത് നടത്തുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 25-ന് ജക്കാര്‍ത്തയിലായിരുന്നു സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ ഡെലിവറി ബോയ് ആയ 21-കാരന്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജക്കാര്‍ത്തയ്ക്ക് പുറമേ മറ്റുനഗരങ്ങളിലേക്കും കലാപം പടര്‍ന്നു. പ്രതിഷേധക്കാര്‍ രാഷ്ട്രീയനേതാക്കളുടെ വീടുകള്‍ വ്യാപകമായി കൊള്ളയടിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറുകയും അഗ്നിക്കിരയാക്കുകയുംചെയ്തു. വിവിധ പ്രവിശ്യകളിലെ അസംബ്ലി കൗണ്‍സില്‍ കെട്ടിടങ്ങളും കത്തിച്ചു. ഒടുക്കം ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുഭിയാന്റോ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പിന്‍വലിച്ചെങ്കിലും സമരങ്ങള്‍ കെട്ടടങ്ങിയില്ല. ഇതോടെയാണ് പോലീസിനെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

ജക്കാർത്തയിൽ അഞ്ച് ദിവസത്തെ പ്രതിഷേധത്തിന് ശേഷം 1,240 ൽ അധികം കലാപകാരികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. കലാപകാരികൾ ബസുകൾ, സബ്‌വേകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കത്തിച്ചതിനെത്തുടർന്ന് 55 ബില്യൺ രൂപ വരെ നഷ്ടമുണ്ടായി. പ്രതിഷേധത്തിൽ 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യഥാർഥത്തിൽ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും വർധിച്ചവർക്കെതിരെ മാത്രമല്ല, സർക്കാറിനുള്ളിലെ അഴിമതിക്കാർക്കെതിരെയും കമ്പനികൾക്കും സൈന്യത്തിനും പ്രയോജനം ചെയ്യുന്ന നയങ്ങൾക്കുമെതിരെയുമായിരുന്നു പ്രതിഷേധം. ഇന്തോനേഷ്യയിൽ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വളരെ കൂടുതലാണ്, പലപ്പോഴും ദേശീയ ശരാശരിയുടെ 2–3 മടങ്ങ് കൂടുതലാണിത്. ഇനി ജോലി ഉള്ളവർക്ക് തന്നെ മാന്യമായ വേതനമോ സുരക്ഷയോ ഇല്ല എന്നതും യുവാക്കൾക്കിടയിലെ അമർഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

പെറു പ്രതിഷേധം

2025 സെപ്റ്റംബറിൽ കൊണ്ടുവന്ന വിവാദപരമായ പെൻഷൻ പരിഷ്കരണമാണ് പെറുവിൽ പ്രതിഷേധത്തിന് പ്രകോപനമായത്. വർഷങ്ങളായി രാഷ്ട്രീയ അസ്ഥിരത നേരിടുന്ന രാജ്യമാണ് പെറു. ഒരു ദശാബ്ദത്തിനുള്ളിൽ അധികാരത്തിലേറിയത് ആറ് പ്രസിഡന്റുമാരാണ്. അഴിമതി ആരോപണമാണ് പ്രധാന പ്രശ്നം. പ്രസിഡൻ്റ് ദിനാ ബൊളുവാർട്ടെയുടെ സർക്കാരിലും യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോൺഗ്രസിലും അഴിമതി വ്യാപകമാണെന്ന ധാരണ ജനങ്ങൾക്കിടയിൽ ശക്തമാണ്. നിയമനിർമ്മാതാക്കൾ, മന്ത്രിമാർ, പ്രസിഡൻ്റ് ബൊളുവാർട്ടെ എന്നിവർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച അറ്റോർണി ജനറൽ ഡെലീലിയ എസ്പിനോസയെ സസ്പെൻഡ് ചെയ്തത് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. രാജ്യത്ത് മുൻപത്തേക്കാൾ ജനാധിപത്യം കുറഞ്ഞുവരികയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജനങ്ങളുടെ അംഗീകാരമില്ലാത്ത കോൺഗ്രസിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥയാണ് മറ്റൊരു പ്രശ്നം. ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പരിമിതമായ അവസരങ്ങൾ.. അങ്ങനെ ചെറുപ്പക്കാർ അടക്കമുള്ള വലിയൊരു വിഭാഗം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. രാജ്യത്ത് സുരക്ഷിതത്വം ഉറപ്പാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സംഘടിത കുറ്റകൃത്യങ്ങളും കൊള്ളയടിക്കലും രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ തുടർന്ന് പല ബിസിനസുകളും അടച്ചുപൂട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെയെല്ലാം തൽഫലമായി 2026-ൽ കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ദിന ബൊലുവാർട്ടെയുടെ ജനപ്രീതി രാജ്യത്ത് കുറഞ്ഞു.

അരക്ഷിതാവസ്ഥയിൽ കഴിയുന്ന ജനങ്ങൾക്കിടയിലേക്കാണ് കൂനുമേൽ കുരുവെന്നോണം സർക്കാർ രാജ്യത്തെ പെൻഷൻ സമ്പ്രദായം പരിഷ്കരിക്കുന്നത്. ഇത് പ്രകാരം യുവാക്കൾ സ്വകാര്യ പെൻഷൻ ഫണ്ടിൽ ചേരേണ്ടിവരും. മാന്യമായ തൊഴിലോ വേതനമോ ഇല്ലാത്തവരെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. പുതിയ മാറ്റങ്ങൾ സാമ്പത്തിക ഉന്നതർക്ക് ഗുണം ചെയ്യുമെന്നും തൊഴിലാളികളെ - പ്രത്യേകിച്ച് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നെങ്കിലും ലഭിക്കുമോയെന്ന് പോലും അറിയാത്ത ചെറുപ്പക്കാരെ ഞെരുക്കുമെന്നും വിമർശകരും ചൂണ്ടിക്കാട്ടുന്നു. തങ്ങളെ കേൾക്കാത്ത, തങ്ങൾ വിശ്വസിക്കാത്ത ഒരു സംവിധാനത്തിൽ എന്തിന് പണം നല‍്‍കണമെന്നാണ് ജെൻസികൾ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥരായ, ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച ജെൻസികൾ ഒടുക്കം മാറ്റത്തിനായി തെരുവിലിറങ്ങുന്നത് ഈ പെൻഷൻ പരിഷ്കരണത്തോടെയാണ്

2025 സെപ്റ്റംബർ 20ലാണ് ലിമയിൽ യുവാക്കളുടെ നേതൃത്വത്തിൽ ആദ്യ മാർച്ച് പൊട്ടിപ്പുറപ്പെട്ടത്. സെപ്റ്റംബർ 21ന് പ്രതിഷേധക്കാർ ലിമയിലെ എക്സിക്യൂട്ടീവ്, കോൺഗ്രസ് കെട്ടിടങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പ്രതിഷേധങ്ങൾ സംഘർഷഭരിതമായി. കോൺഗ്രസിന് പുറത്തുള്ള പ്രകടനക്കാരുമായി പോലീസ് ഏറ്റുമുട്ടി, കണ്ണീർ വാതകവും ബാറ്റണും പ്രതിഷേധക്കാർക്ക് നേരെ ഉപയോഗിച്ചു. കല്ലുകളും വടികളും ഉപയോഗിച്ച് പോലീസിനെ പ്രതിഷേധക്കാരും അക്രമിച്ചു. സംഘർഷത്തിൽ പോലീസും പത്രപ്രവർത്തകരും ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

വിവാദമായ പെൻഷൻ പരിഷ്കാരങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുക എന്നതായിരുന്നു ജെൻസികളുടെ ആവശ്യം. എന്നാൽ ആവശ്യങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നുമില്ല. പ്രസിഡൻ്റ് ദിനാ ബൊളുവാർട്ടെ രാജിവെക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മികച്ച വേതനത്തിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയും പ്രതിഷേധക്കാർ ശബ്ദമുയർത്തുന്നുണ്ട്. കോൺഗ്രസിലെയും സർക്കാരിലെയും അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുക. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ യഥാർത്ഥ നടപടി സ്വീകരിച്ച് സുരക്ഷിതമായ തെരുവുകൾ കൊണ്ടുവരിക -എന്നതും ഇവർ ആവശ്യപ്പെടുന്നു. പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ തങ്ങൾക്ക് കൂടെ പ്രതിനിധ്യം വേണമെന്നും ജെൻസികൾ ആവശ്യപ്പെടുന്നുണ്ട്.

നേപ്പാൾ പ്രതിഷേധം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള പ്രധാന സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളുടെ നിരോധനം. ഇതോടെ സ്കൂൾ, കോളേജ് യൂണിഫോമുകൾ ധരിച്ച് പതിനായിരക്കണക്കിന് ജെന്‍ സി തലമുറയില്‍ പെട്ട യുവാക്കൾ തെരുവിലിറങ്ങി. സാമൂഹികമാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേയും രാജ്യത്തെ അഴിമതിയുടെ സംസ്‌കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യുവാക്കൾ മാര്‍ച്ച് സംഘടിപ്പിച്ചു. പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രക്ഷോഭം വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചു. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകൾ മറികടന്ന് പ്രക്ഷോഭകർ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിവീശുകയും റബ്ബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യമുയർത്തിയാണ് ജെന്‍ സി യുവാക്കൾ തെരുവിലിറങ്ങിയത്. സാമൂഹികമാധ്യമനിരോധനം പിൻവലിക്കുക എന്ന ആവശ്യത്തിനൊപ്പം അഴിമതി തടയുക, സാമ്പത്തികാസമത്വം ഇല്ലായ്മചെയ്യുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചിരുന്നു. ‘ജെൻ സീ വിപ്ലവം’ അടിച്ചമർത്താൻ സുരക്ഷാസേന തുടങ്ങിയതോടെയുണ്ടായ അക്രമസംഭവങ്ങളിൽ 19 പേരാണ് മരിച്ചത്. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജെൻസി പ്രതിഷേധം - സാമ്യതകൾ

പ്രധാനമായും നാല് സാമ്യതകൾ ജെൻസി പ്രക്ഷോഭങ്ങളിൽ കാണാനാവും.

1) സാമ്പത്തിക അരക്ഷിതാവസ്ഥ - ചെറുപ്പക്കാർക്ക് സ്ഥിരമായ ജോലി കണ്ടെത്താനോ ജീവിതച്ചെലവ് താങ്ങാനോ കഴിയുന്നില്ല. സാമ്പത്തികമായി അവർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്

2) അഴിമതിയും ദുർബലമായ സ്ഥാപനങ്ങളും → ജെൻസികൾ തങ്ങളുടെ നേതാക്കളെ വിശ്വസിക്കുന്നില്ല. അഴിമതിയിൽ അവർ സഹിക്കെട്ടു

3) സാമൂഹിക നീതിയും സ്വാതന്ത്ര്യവും → അവകാശങ്ങൾ, കാലാവസ്ഥ, സമത്വം എന്നിവയെക്കുറിച്ച് ജെൻസി കൂടുതൽ അവബോധം ഉള്ളവരാണ്. അനീതിക്കെതിരെ അവർ ശബ്ദമുയർത്തും

4) ഡിജിറ്റൽ ഉപകരണങ്ങൾ → പുതുതലമുറ സോഷ്യൽ മീഡിയ പ്രതിഷേധിക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ പ്രതിഷേധം മുമ്പെന്നത്തേക്കാളും വേഗത്തിലും വലിയ രീതിയിലും വ്യാപിക്കുന്നു.

ജെന്‍സികളുടെ രാഷ്ട്രീയം, ഒരിക്കലും അവരുടെ മാതാപിതാക്കളുടെ രാഷ്ട്രീയം പോലെയല്ല. അത് പാര്‍ട്ടി ഓഫീസുകളിലോ പ്രകടന പത്രികകളിലോ കുടുങ്ങിക്കിടക്കില്ല. അത് അതിവേഗം മാറിക്കൊണ്ടിരിക്കും. അതുപോലെ പ്രതിഷേധിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും അവർക്കൊരു നേതാവിനെയോ നേതൃത്വമോ ആവശ്യമില്ല. പ്രതിഷേധങ്ങളില്‍ എവിടെയും പ്രസംഗങ്ങളില്ല, കലയെ പ്രതിഷേധമായും സര്‍ഗ്ഗാത്മകതയെ ധിക്കാരമായും കവിതകളെയും പാട്ടുകളെയും മീമുകളെയും പ്ലക്കാര്‍ഡുകളായും മാറ്റിയിരിക്കുന്നു അവര്‍. ഡിജിറ്റല്‍ രോഷവും തെരുവിലിറങ്ങാനുള്ള ധൈര്യവുമാണ് അവരുടെ മുഖമുദ്രകള്‍. പ്രതികരിച്ചിരുന്ന, വിഹരിച്ചിരുന്ന പ്ലാറ്റ്ഫോമുകള്‍ അധികാരികള്‍ നിശബ്ദമാക്കിയപ്പോള്‍ അവര്‍ തകര്‍ന്നില്ല. പകരം, അവര്‍ തെരുവിലിറങ്ങി.

ലോകത്ത് എല്ലായിടത്തുമുള്ള സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത കൂടി ഈ സമരം മുന്നോട്ടുവക്കുന്നുണ്ട്. അടിച്ചമര്‍ത്തല്‍ ഒരു ദിവസത്തേക്കുള്ള നിശബ്ദത തന്നേക്കാം, പക്ഷേ ജെന്‍ സീ തലമുറ വളരെ അധികം ബന്ധങ്ങളുള്ളവരും വേഗതയേറിയവരും മായ്ച്ചുകളയാന്‍ കഴിയാത്തത്ര ആഗോള സ്വഭാവമുള്ളവരുമാണ്. ചെറുപ്പമാണ്, നിഷ്‌കളങ്കമാണ് എന്നുപറഞ്ഞ് അവരുടെ ശബ്ദങ്ങളെ തള്ളിക്കളയുന്നത് സ്വന്തം ശവപ്പെട്ടിക്ക് മേലുള്ള ആണിയടിക്കലാണ് എന്ന ഓര്‍മപ്പെടുത്തലാണ് ഈ പുതുതലമുറ സമരം.