1972, 1987, 2002 ലോകം കണ്ട ശക്തമായ എൽ നിനോ വർഷങ്ങൾ... ഇന്ത്യയിൽ മുൻപുണ്ടായ വലിയ വരൾച്ചകളിൽ ഭൂരിഭാഗവും ഈ വർഷങ്ങളിലായിരുന്നു. ഇന്ത്യയിലെ ശരാശരി മൺസൂൺ മഴയിൽ 10% മുതൽ 15% വരെ കുറവുണ്ടായ കാലം, പകൽ പുറത്തേക്ക് ഇറങ്ങാനേ സാധിക്കാത്ത അവസ്ഥ. 38 ഡിഗ്രി ചൂട്, 44 ഡിഗ്രിയായി തോന്നും. കിണറിലെ വെള്ളത്തിന്റെ ജലനിരപ്പ് ക്രമാതീതമായി താഴും.. അതുപോലൊരു കാലമാണ് വരും മാസങ്ങൾ. എൽ നിനോ എന്ന കാലാവസ്ഥാ ഭീഷണി നമ്മുടെ അടുക്കളപ്പുറത്ത് എത്തിയിരിക്കുന്നു.

To advertise here,

1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ 'സൂപ്പർ എൽ നിനോ' അവസ്ഥകളിലൊന്നിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ വിചിത്രപേരുകാരൻ എങ്ങനെ നമ്മളെ ബാധിക്കും? ഒരു മുറിയിലെ എക്സോസ്റ്റ് ഫാൻ പുറത്തേക്ക് കാറ്റ് തള്ളുന്നതിന് പകരം അകത്തേക്ക് തള്ളിയാൽ എന്ത് സംഭവിക്കുമോ, അതാണ് എൽ നിനോ ഭൂമിയിൽ ചെയ്യുന്നത്. സാധാരണയായി ഇന്ത്യയിലേക്ക് ഈർപ്പമുള്ള മഴക്കാറ്റുകളെ വലിച്ചെടുക്കുന്ന സ്വാഭാവിക അന്തരീക്ഷ പ്രക്രിയ എൽ നിനോ കാരണം ശാന്തസമുദ്രത്തിലേക്ക് വഴിതിരിഞ്ഞുപോകുന്നു. ഫലമായി ഇന്ത്യയിലേക്കുള്ള മഴക്കാറ്റുകളുടെ ശക്തി ക്ഷയിക്കുന്നു.

ഒക്ടോബർ മാസത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങിയതോടെ മുംബൈ അടക്കമുള്ള പശ്ചിമേന്ത്യൻ തീരങ്ങളിൽ കടുത്ത അത്യുഷ്ണം രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ 37.8°C മുതൽ 38.2°C വരെ ഉയർന്ന താപനില രേഖപ്പെടുത്തി. അതേസമയം, ദക്ഷിണേന്ത്യയിൽ തുലാവർഷം സജീവമായതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഒക്ടോബർ മധ്യത്തോടെ കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ, രാജ്യവ്യാപകമായി ഒരേസമയം ഒരേ തരത്തിലുള്ള ഉഷ്ണതരംഗമല്ല രൂപപ്പെടുന്നത്.

2015-16, 2023-24 എന്നീ എൽ നിനോ വർഷങ്ങളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ വർഷമാണ് 2024; അന്ന് സാധാരണയേക്കാൾ 1°C വരെ കൂടുതൽ ചൂടാണ് അനുഭവപ്പെട്ടത്. 2015-ന് ശേഷമുള്ള ഭൂരിഭാഗം വർഷങ്ങളിലും സമാനമായ അത്യുഷ്ണം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, കേരളത്തിലെ പാലക്കാട് ജില്ലയിൽ താപനില 40°C മുതൽ 41°C വരെ ഉയരുകയുണ്ടായി. രാത്രികാലങ്ങളിലെ തണുപ്പിനേക്കാൾ വേഗത്തിൽ പകൽ സമയത്തെ താപനില ഉയർന്നതാണ് സമീപകാലത്തെ പ്രധാന മാറ്റം.

കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം വായുവിന്റെ താപനില മാത്രമല്ല, ഈർപ്പത്തിന്റെ സാന്നിധ്യവും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മഴ പെയ്യുന്നത് താപനില തൽക്കാലത്തേക്ക് കുറയ്ക്കുമെങ്കിലും, ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് കഠിനമായിരിക്കും. ഇത് കർഷകർക്കും കാർഷിക മേഖലയ്ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നെൽകൃഷിക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യതക്കുറവ്, ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളിലെ മണ്ണിലെ ഈർപ്പത്തിന്റെ കുറവ്, കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നത് മുതലായവ പ്രതിസന്ധി കൂട്ടാം. അതിനാൽ, ഒക്ടോബറിലെ മഴ താത്കാലിക ആശ്വാസം നൽകിയാലും വരാനിരിക്കുന്ന മാസങ്ങളിലെ ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

2026-2027 കാലയളവിൽ ശക്തിപ്രാപിക്കുന്ന ഈ എൽ നിനോയുടെ ഫലമായി 2027 വേനൽക്കാലത്ത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നേരിടേണ്ടി വരുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയുടെ സ്വാഭാവിക താപനില ഇതിനകം തന്നെ ഉയർന്ന നിലയിലായതിനാൽ, 2015-16 കാലഘട്ടത്തേക്കാൾ രൂക്ഷമായിരിക്കും ഇത്തവണത്തെ ആഘാതം. വരാനിരിക്കുന്ന സൂപ്പർ എൽ നിനോ കാരണം ആഗോളതലത്തിൽ വൻതോതിൽ ആളപായവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പ്രവചിക്കുന്നു. മഴ കുറയുന്ന സന്ദർഭങ്ങളിൽ സൂര്യാഘാത സാധ്യത വർദ്ധിക്കുകയും, കുടിവെള്ള ക്ഷാമവും കൃഷിനാശവും സങ്കീർണ്ണമാവുകയും ചെയ്യും.

എൽ നിനോയെ നേരിടാൻ അടിയന്തരമായി ചെയ്യേണ്ട ചില നടപടികളുണ്ട്.

ഒരു പ്രദേശത്ത് എത്ര വെള്ളം ലഭിക്കുന്നു, എത്ര ഉപയോഗിക്കുന്നു, എത്ര നഷ്ടപ്പെടുന്നു എന്നതിന്റെ കണക്ക് തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കണം. കിണറുകൾ, കുളങ്ങൾ, പൊതുടാപ്പുകൾ, ജലവിതരണ പദ്ധതികൾ എന്നിവയുടെ സ്ഥിതിയും വിലയിരുത്തണം. ജലക്ഷാമ സാധ്യതയുള്ള വാർഡുകൾ നേരത്തേ കണ്ടെത്തി മുൻഗണനാപ്രകാരം ഇടപെടാം. മഴയിലെ കുറവ്, ഭൂഗർഭജലനിരപ്പ്, മണ്ണിലെ ഈർപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക നിർദേശങ്ങൾ സമയാസമയം നൽകുക.

കിണറുകളിലെയും മറ്റും ജലനിരപ്പ് നിശ്ചിത ഇടവേളകളിൽ രേഖപ്പെടുത്തണം. വേനൽക്കാലത്ത് ജലനിരപ്പ് വേഗത്തിൽ താഴുന്ന പ്രദേശങ്ങളിൽ ഭൂഗർഭജല ഉപയോഗം നിയന്ത്രിക്കാനും കുടിവെള്ള സ്രോതസ്സുകൾക്ക് മുൻഗണന നൽകാനും ഇതിലൂടെ കഴിയും. തീരപ്രദേശങ്ങളിൽ അമിതമായ ഭൂഗർഭജല പമ്പിങ് ഉപ്പുവെള്ളം കയറാനുള്ള സാധ്യത വർധിപ്പിക്കാമെന്നതും കണക്കിലെടുക്കണം.

വീടുകളിലെയും പൊതുവിതരണ പൈപ്പുകളിലെയും ചോർച്ചകൾ സമയബന്ധിതമായി പരിഹരിക്കണം. ടാങ്ക് നിറഞ്ഞൊഴുകുന്നത് തടയാൻ ഓട്ടോമാറ്റിക് കട്ട്-ഓഫ് സംവിധാനങ്ങൾ ഉപയോഗിക്കാം. വാഹനങ്ങൾ കഴുകുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും കുടിവെള്ളം അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും ഒഴിവാക്കണം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ആവശ്യമായ ഇടങ്ങളിൽ കുളങ്ങളിലെ ചെളി നീക്കാം. നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതും തണ്ണീർത്തടങ്ങൾ നികത്തുന്നത് തടയുന്നതും ജലലഭ്യതയ്ക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനും സഹായിക്കും.

കൃഷിവകുപ്പും കർഷകരും കാലാവസ്ഥാ പ്രവചനങ്ങൾ, മണ്ണിലെ ഈർപ്പം, ജലസേചന സൗകര്യങ്ങൾ എന്നിവ വിലയിരുത്തി വിളപരിപാലനം ക്രമീകരിക്കണം. വെള്ളം ലഭ്യമല്ലാത്ത സമയത്ത് കൂടുതൽ ജലം ആവശ്യമായ വിളകളുടെ വിസ്തൃതി കൂട്ടുന്നത് ഒഴിവാക്കാം. വിളമാറ്റം, വിതയ്ക്കൽ സമയം മാറ്റൽ, വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഇനങ്ങൾ എന്നിവ പ്രാദേശിക കാർഷിക ശുപാർശകൾ അനുസരിച്ച് പരിഗണിക്കാം.

ഉണങ്ങിയ ഇലകൾ, വൈക്കോൽ, മറ്റ് അനുയോജ്യമായ ജൈവവസ്തുക്കൾ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിൽനിന്നുള്ള ജലബാഷ്പീകരണം കുറയ്ക്കാൻ സഹായിക്കും. ജൈവവസ്തുക്കൾ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. ചരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പ് കുറയ്ക്കുന്ന രീതിയിലുള്ള കൃഷിരീതികളും സ്വീകരിക്കണം.

ഇനിയും വരൾച്ചാ കാലങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് ഓർമ്മവേണം, താത്കാലിക രക്ഷയില്ല എന്നത് മനസ്സിലാക്കണം. വരും നാളുകളിൽ വീടുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പൈപ്പുകളിലൂടെ ടാങ്കുകളിലേക്ക് ശേഖരിക്കാം. ആദ്യമഴയിലെ മാലിന്യങ്ങൾ ഒഴിവാക്കാനുള്ള സംവിധാനവും ഫിൽട്ടറും ഒരുക്കണം. സംഭരിച്ച വെള്ളം ആവശ്യാനുസരണം ഗാർഹിക ഉപയോഗത്തിനും അനുയോജ്യമായ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. അനുയോജ്യമായ സ്ഥലങ്ങളിൽ മഴക്കുഴികൾ നിർമിക്കാം. മണ്ണിലേക്ക് വെള്ളം ഇറങ്ങാൻ സഹായിക്കുന്ന തുറന്ന സ്ഥലങ്ങൾ സംരക്ഷിക്കണം. എന്നാൽ മലിനജലം ഭൂഗർഭജലത്തിലേക്ക് കടക്കാത്തവിധം സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യണം. പാറയുടെ ഘടനയും മണ്ണിന്റെ സ്വഭാവവും അനുസരിച്ചായിരിക്കണം സ്ഥലം തിരഞ്ഞെടുക്കേണ്ടത്.

എൽ നിനോ എന്നത് പ്രാദേശികമായ ദിവസേനയുള്ള കാലാവസ്ഥാ പ്രവചനമല്ല, മറിച്ച് അന്തരീക്ഷത്തിൽ കടുത്ത വ്യതിയാനങ്ങൾ വരുത്തുന്ന ഒരു ആഗോള കാലാവസ്ഥാ ഘടകമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ, വരും മാസങ്ങളിലെ മഴയുടെ അളവും, ജലാശയങ്ങളിലെ ജലനിരപ്പും, മണ്ണിന്റെ ഈർപ്പവും കൃത്യമായി നിരീക്ഷിച്ച് പ്രതിരോധ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. ആഗോള താപനവും എൽ നിനോയും ഒത്തുചേരുന്ന ഈ അടിയന്തിര സാഹചര്യത്തിൽ, ജലസംരക്ഷണത്തിലും ജാഗ്രതാ നിർദ്ദേശങ്ങളിലുമുള്ള മുൻകരുതലുകളാണ് നാളെ നമ്മെ കാത്തുസൂക്ഷിക്കുക.