ഓർമ്മയില്ലാതാകും, കാര്യങ്ങൾ നീട്ടിവെക്കും; റീൽസുകൾ നിത്യജീവിതത്തിൽ വില്ലനാകുമ്പോൾ | Digital dementia
ഒരു റീല്‍ പോലും കാണാത്തൊരു ദിവസം ഈ അടുത്ത കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? അതില്‍ തന്നെ, റീലുകള്‍ തീര്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള റീലുകള്‍ എത്രയെണ്ണം കണ്ടിട്ടുണ്ടാകും? റീല്‍ അഡിക്ഷന് ഉള്ളവര്‍ ശ്രദ്ധിച്ചാല്‍ പോരേ ഞാനെന്തിന് ശ്രദ്ധിക്കണം എന്ന ലൈനില്‍ അടുത്ത റീലിലേക്ക് പോകുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ചോദ്യം ചോദിക്കട്ടെ. അഡിക്ഷനില്ലാത്ത നിങ്ങളെന്തിന് ഓരോ പത്ത് മിനിറ്റിലും ഫോണെടുത്ത് നോക്കണം. ആരും വിളിക്കില്ലെന്നറിഞ്ഞിട്ടും, പ്രത്യേകിച്ച് ഒരു മെസേജ് വരാനില്ലെന്നറിഞ്ഞിട്ടും ഇടക്കിടെ ഫോണ്‍ നോക്കുന്നത് എന്തിനാണ്? എല്ലാം പോട്ടെ കാര്യങ്ങള്‍ക്കൊന്നും പഴയ ഒരു ക്ലാരിറ്റി വരാത്തത് എന്താണ്? ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ഡിജിറ്റല്‍ ഡിമന്‍ഷ്യ നിങ്ങള്‍ക്കുമുണ്ടാകാം.
ഈയിടെയായി വല്ലാതെ മറവി ബാധിക്കുന്നുണ്ടോ? വെച്ച സാധനങ്ങള്‍, ചില പേരുകള്‍, ഇപ്പോ ചെയ്യാന്‍ വന്ന കാര്യം..അങ്ങനെ എന്തെങ്കിലും. ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സ്പെട്ടെന്ന് മാറിപ്പോവുന്നുണ്ടോ? അള്ഷിമേഴ്സാണെന്ന പേടി വേണ്ട. പ്രശ്നം ഡിജിറ്റലാണ്... അമിതമായി ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതാണ് കാരണം. അതായത്, അമിതമായ ഫോണുപയോഗത്തിന് നമ്മുടെ ബ്രെയിന്‍ തന്നെ തരുന്ന റെഡ് സിഗ്നലാണത്.
എന്താണ് ഡിജിറ്റല്‍ ഡിമന്‍ഷ്യ
നേരത്തേ പറഞ്ഞ പോലെ ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതാവുക, കാര്യങ്ങള്‍ മറന്നുപോവുക, ചെയ്തുകൊണ്ടിരുന്ന ജോലി എന്താണെന്ന് മറന്ന് പെട്ടെന്ന് ബ്ലാങ്കാവുക, നമ്മളെന്നും കാണുകയോ മിണ്ടുകയോ ചെയ്യുന്ന ആളുടെ പേര് കുറച്ച് നേരത്തേക്ക് മറന്നു പോവുക, വളരെ സ്മാര്‍ട്ടായി മള്‍ട്ടി ടാസ്കിങ് ചെയ്തിരുന്ന ആളായിരുന്നെങ്കില്‍ ഇപ്പോഴത് പറ്റാതെ വരിക, ഓര്‍മ്മയില്ലാതാവുക, കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാന്‍ പറ്റാതിരിക്കുക, പ്രശ്നപരിഹാരശേഷി കുറയുക..എല്ലാം ഡിജിറ്റല്‍ ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. ഡിജിറ്റല്‍ ലോകത്ത് മണിക്കൂറുകളോളം ചെലവഴിക്കുമ്പോള്‍ ക്രിട്ടിക്കല്‍ തിങ്കിങ്, വായന, ചിന്ത ഇതിനൊക്കെയാണ് നാം ഫുള്‍സ്റ്റോപ്പിടുന്നത്. എല്ലാത്തിനും എളുപ്പത്തിലുത്തരവും ഇന്‍സ്റ്റന്റ് മറുപടിയും കിട്ടുന്ന കാലത്ത് ബ്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് നമ്മളെന്തിന് ബുദ്ധിമുട്ടുന്നു. അല്ലേ...ഇത് തന്നെയാണ് ഡിജിറ്റല്‍ ഡിമന്‍ഷ്യക്ക് കാരണവും.
ജര്‍മ്മന്‍ ന്യൂറോ സയന്റിസ്റ്റ് മാന്‍ഫ്രെഡ് സ്പിറ്റ്സര്‍ ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്. 2012-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'Digital Dementia' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം മനുഷ്യന്റെ വൈജ്ഞാനിക തലത്തെ എങ്ങനെ ബാധിക്കുന്നു എന്നായിരുന്നു സ്പിറ്റസറുടെ പഠനം. സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ മണിക്കൂറുകള്‍ നീണ്ട ഉപയോഗം നമ്മുടെ ശ്രദ്ധ, വിമര്‍ശനാത്മക ചിന്ത, ഓര്‍മ്മയെ ഒക്കെ സാരമായി ബാധിക്കുകയും ഇത് ഡിമന്‍ഷ്യയ്ക്ക് സമാനമായ അവസ്ഥയിലേക്ക് നമ്മളെത്തുമെന്നും പഠനം പറയുന്നു. ഡിജിറ്റല്‍ ഡിമന്‍ഷ്യ എങ്ങനെ വരുന്നു, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നെല്ലാം സ്പിറ്റ്സര്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്.

കാരണങ്ങള്‍
1. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ അമിതോപയോഗം: ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ അമിതോപയോഗമാണ് പ്രധാനവില്ലന്. മനുഷ്യ മസ്തിഷ്കത്തിന് ചെയ്യാന്‍ പറ്റുന്ന ജോലി പോലും ചെയ്യിക്കാതെ എല്ലാം ഗാഡ്ജറ്റ്സിനെ ഏല്പിക്കുന്നതാണ് ഡിജിറ്റല്‍ ഡിമന്ഷ്യക്കുള്ള പ്രധാന കാരണം. മുന്‍പൊക്കെ ഫോണ്‍ നമ്പറുകളൊക്കെ നമുക്ക് മനപ്പാഠമായിരുന്നു. എത്ര നമ്പറുകള്‍??എന്നാല്‍ ഇന്ന് നമ്മുടെ അല്ലാതെ മറ്റൊരു ഫോണ്‍ നമ്പര്‍ കൂടി അറിവുന്നവര് വളരേ ചുരുക്കമായിരിക്കും. പകരം എളുപ്പത്തില്‍ ഫോണില്‍ സേവ് ചെയ്യും. വഴി കണ്ടുപിടിക്കാന്‍ എളുപ്പം ഗൂഗിള്‍ മാപ്പെടുക്കും. കണക്കിന് കാല്‍ക്കുലേറ്ററും. ഒക്കെ പോട്ടെ സ്പെല്ലിങ് വരെ നമുക്കിപ്പോ കണ്‍ഫ്യൂഷനാണ്. ഫോണിലെ ഓട്ടോചെക്കറുണ്ടല്ലോ. രണ്ട് അക്ഷരം ടൈപ്പ് ചെയ്യുമ്പോഴേക്കും സജഷന്‍ വരും. പിന്നെന്തിന് ഫുള്‍ ടൈപ്പ് ചെയ്യണം. എന്തെങ്കിലും കാര്യത്തെ കുറിച്ച് അറിയണം. ഒരു സെക്കന്റ് ആലോചിക്കുക പോലും ചെയ്യാതെ നമ്മളത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പോകും
നേരത്തേ പറഞ്ഞപോലെ ബുദ്ധി പ്രവര്‍ത്തിപ്പിച്ച് സ്വന്തമായി ഉത്തരം കണ്ടെത്തുന്നതൊക്കെ നമുക്കിപ്പോ വലിയ മെനക്കേടാണ്. ചിന്തിക്കുകയും പറയുകയും ആലോചിക്കുകയും ചെയ്യുന്ന സമയം വേറെന്തൊക്കെ കാര്യത്തിന് ഉപയോഗപ്പെടുത്താമെന്നാണ് നമ്മുടെ ചിന്ത. എന്തിനാ ഉപയോഗപ്പെടുത്താറ്. റീല്‍സും, വീഡിയോസും കണ്ട് തള്ളുന്നതിനപ്പുറം പ്രൊഡക്ടീവായി മറ്റെന്താണ് ആ ലാഭിക്കുന്ന സമയം കൊണ്ട് നമ്മള് ചെയ്യുന്നത്. സെര്‍ച്ച് എന്‍ജിനോ, എഐ ടൂളിനോ ഒക്കെ വീതം വെച്ച് നാം എളുപ്പമാക്കുന്ന പണി നമുക്ക് തന്നെയാണ് പാരയാരുന്നത്. ഡിജിറ്റല്‍ ടൂളുകളെ അമിതമായി ആശ്രയിക്കുന്നത് ശരിക്ക് നമ്മുടെ മാനസിക-വൈജ്ഞാനിക വളര്‍ച്ച കൂടിയാണ് ഇല്ലാതാക്കുന്നത്.
2. ഉപരിപ്ലവമായ പഠനം: ഇന്‍സ്റ്റന്റായി കിട്ടുന്ന ഉത്തരങ്ങള്‍ക്കപ്പുറം ആഴത്തില്‍ ഒരു വിഷയത്തെ അറിയാനോ പഠിക്കാനോ അധികമാരും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ വിമര്‍ശനാത്മക ചിന്തയോ, ആഴത്തിലുള്ള അറിവോ ഒരു വിഷയത്തിലും നമുക്കില്ലാതെ പോകുന്നു. ഉയര്‍ന്ന ബൗദ്ധികശേഷിയെന്നത് സങ്കല്പവുമാകുന്നു. ഡിജിറ്റല്‍ ലോകത്തെ മള്‍ട്ടിടാസ്കിങ്ങും ഷോര്‍ട് ടേം മെമ്മറി ലോസ്സിന് കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് സ്പെഡ്ഷീറ്റില് ഡാറ്റ എന്റര്‍ ചെയ്തുകൊണ്ട് നമ്മള് ഒരാളോട് ഫോണില്‍ സംസാരിക്കുന്നു. ഇതിനിടയില്‍ വരുന്ന ഇമെയിലിനോ വാട്സാപ് വെബ്ബില്‍ വരുന്ന മെസേജുകള്‍ക്ക് മറുപടിയോ കൊടുക്കുന്നു. ചുരുക്കത്തില്‍ ഒരേ സമയം പല കാര്യം ചെയ്യുമ്പോള്‍ നാം അപകടപ്പെടുത്തുന്നത് നമ്മുടെ കോണ്സണ്ട്രേഷന് പവര്‍ കൂടിയാണ്.
3. കുറയുന്ന മാനസിക ഉത്തേജനം: നിങ്ങളൊരു പേനയെടുത്ത് എന്തെങ്കിലും ഒന്നെഴുതിയിട്ട് എത്രനാളായി. ഒന്നോര്‍ത്ത് നോക്കിയേ.... ഡിജിറ്റല്‍ ഡിമന്‍ഷ്യയ്ക്ക് മറ്റൊരു പ്രധാന കാരണവും ഇതാണ്. കൈകളുടെയും വിരലുകളുടെയും ചാലനശേഷിയും ഓര്‍മകളുടെ പ്രവര്‍ത്തനക്ഷമതയും ഒത്തുചേരുന്ന എഴുത്തിനെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല ഗെയിമിങ്ങ്... പ്രത്യേകിച്ച് അഗ്രസീവായ അക്രമങ്ങള്‍ ഉള്ള ഗെയിമിങ്, റീലുകള്‍ ഒക്കെ ഇല്ലാതാക്കുന്നത് നമ്മുടെ അക്കാദമിക് പെര്‍ഫോമന്‍സിനെ കൂടിയാണ്. സോഷ്യല്‍ മീഡിയ, വീഡിയോകള്‍, ഗെയിമുകള്‍ എന്നിവയിലെ വേഗതയേറിയതും ചെറിയതുമായ വിവരങ്ങള്‍ (short-form content) മസ്തിഷ്കത്തെ ദീര്‍ഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.
4. മള്‍ട്ടിടാസ്കിങ്: നമ്മുടെ കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ തന്നെ മൂന്ന് നാല് ടാബെങ്കിലും തുറന്നില്ലെങ്കില്‍ നമുക്കൊരു സമാധാനമുണ്ടാവില്ല. ചാറ്റിങ്, സ്ക്രോളിങ്, വീഡിയോ കാണല്‍ തുടങ്ങി ജോലിക്കിടെ ഒരേ സമയം പല കാര്യങ്ങളാണ് നാം ഡിജിറ്റലിടത്ത് ചെയ്യുന്നത്. ഇത് മസ്തിഷ്കത്തിന്റെ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി കുറയ്ക്കുന്നു.
5. ഉറക്കം: നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്നൊരു ശീലം തന്നെ ഇന്ന് ഇല്ലാതായിരിക്കുന്നു. ഉറക്കം കോംപ്രമൈസ് ചെയ്താണ് പലരും സ്ക്രീനില്‍ കുത്തിയിരിക്കാറ്. അപ്പോഴല്ലേ ഒരു ഫ്രീ ടൈം ഉള്ളൂ എന്നാണ് നമ്മുടെയൊക്കെ മറുപടിയും. മറ്റുള്ളവയൊന്നും കോംപ്രമൈസ് ചെയ്യാന്‍ മനസില്ലാത്ത നിങ്ങള്‍ക്കെങ്ങനെയാണ് ഉറക്കം കോംപ്രമൈസ് ചെയ്യാനാവുക. ഉറക്കക്കുറവ് മസ്തിഷ്ക പ്രവര്‍ത്തനത്തെ തന്നെ ദുര്‍ബലപ്പെടുത്തും. ഡിജിറ്റല്‍ സ്ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം മെലറ്റോണിന്‍ (ഉറക്ക ഹോര്‍മോണ്‍) ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു.
6.വിവര ബാഹുല്യം: നമ്മുടെ ബ്രെയിനിന് പ്രോസസ് ചെയ്യാവുന്നതലുമപ്പുറം കണ്ടന്റുകളിലൂടെയാണ് ഒരു ദിവസം നാം കടന്നുപോവുന്നത്. ഇന്‍ഫര്‍മേഷന്‍ ഓവര്‍ഫ്ളോ എന്ന് വിളിക്കുന്ന ഈ അവസ്ഥ പലപ്പോഴും നമ്മുടെ മസ്തിഷ്കം താങ്ങണമെന്നില്ല. അപ്പോ സ്വാഭാവികമായും തലച്ചോറിനെ ക്ഷീണിപ്പിക്കും. അതായത് ബ്രെയിന്‍ ഡ്രെയ്ന്‍ ഉണ്ടാകും. ഇതിലേക്ക് ഉറക്കക്കുറവ് കൂടി വരുന്നതോടെ പിന്നെ പറയണ്ടല്ലോ.
എന്താണ് ബ്രെയിന്‍ ഫോഗ്
സക്രീനുകളുടെ അമിതോപയോഗം മൂലം നമ്മുടെ തലച്ചോറിന് വിവരങ്ങള്‍ പ്രോസസ് ചെയ്യാനെടുന്ന താമസത്തെയാണ് ശരിക്ക് ബ്രെയിന്‍ ഫോഗെന്ന് പറയുന്നത്. ഒന്നിലും ഒരു വ്യക്തതയില്ലായ്മ, ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്, മറവി, ചിന്താകുഴപ്പം ഒക്കെ ബ്രെയിന്‍ ഫോഗിന്റെ ലക്ഷണമാണ്. ഉപയോഗിക്കാത്ത യന്ത്രങ്ങള്‍ തുരുമ്പെടുക്കാറില്ലേ. അതുപോലെ നമ്മുടെ തലച്ചോറിന് സംഭവിക്കുന്ന ഒരു അവസ്ഥയാണ് ബ്രെയിന്‍ ഫോഗിങ്. അമിതമായ സ്ക്രീന്‍ നമ്മുടെ സോഷ്യല്‍ ബിഹേവിയറിനെക്കൂടിയാണ് ബാധിക്കുന്നത്. സമൂഹവുമായുള്ള ഇടപെടലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍ സ്വാഭാവികമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലകളേയും നിഷ്ക്രിയമാക്കുന്നുണ്ട്. ഇതും ഡിജിറ്റല്‍ ഡിമന്‍ഷ്യയ്ക്ക് കാരണമാകാം.
ഡിജിറ്റല്‍ ഡിമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഡിമന്‍ഷ്യ രോഗത്തിന്റെ ചില ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്, എന്നാല്‍ ഇത് പ്രായമായവരില്‍ മാത്രമല്ല, യുവാക്കളിലും കുട്ടികളിലും കാണപ്പെടാം.
പ്രധാന ലക്ഷണങ്ങള്‍
- ഓര്‍മശക്തി കുറയുക: ലളിതമായ കാര്യങ്ങള്‍ ഓര്‍മിക്കാന്‍ ബുദ്ധിമുട്ട് ( അതായത് ഒരു പേരോ തീയതിയോ ഒക്കെ )
- ശ്രദ്ധക്കുറവ്: ഒരു പുസ്തകം വായിക്കുകയോ ഒരു ജോലി പൂര്‍ത്തിയാക്കുകയോ ചെയ്യുമ്പോള്‍ ശ്രദ്ധ വ്യതിചലിക്കുക.
- മാനസിക മന്ദത: പുതിയ വിവരങ്ങള്‍ മനസ്സിലാക്കാനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൂടുതല്‍ സമയം വേണ്ടിവരിക.
- വൈകാരിക പ്രശ്നങ്ങള്‍: ഉത്കണ്ഠ, അസ്വസ്ഥത, അല്ലെങ്കില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ലഭ്യമല്ലാത്തപ്പോള്‍ ഉണ്ടാവുന്ന അസ്വാഭാവിക പെരുമാറ്റം.
- സോഷ്യല്‍ ഡിസ്റ്റന്‍സ്: നേരിട്ടുള്ള വ്യക്തിബന്ധങ്ങളെക്കാള്‍ ഡിജിറ്റല്‍ ലോകത്തെ ജീവിതമാണ് നമുക്ക് പ്രിയം. ഡിജിറ്റല്‍ ഡിമന്‍ഷ്യയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് സോഷ്യല്‍ ഡിസ്റ്റന്‍സാണ്.
- ശാരീരിക ലക്ഷണങ്ങള്‍: കഴുത്ത് വേദന, തലവേദന, കണ്ണിന്റെ ക്ഷീണം
ആരെയാണ് കൂടുതല്‍ ബാധിക്കുന്നത്?
ഫോണെടുക്കുന്നതിന് കുട്ടികളെ വഴക്ക് പറയുന്ന നമ്മള് മുതിര്‍ന്നവര്‍ അവര്‍ക്ക് മുന്നിലിരുന്ന് തന്നെ റീല്‍സ് കാണുന്നതിലെ പ്രശ്നം ശ്രദ്ധിക്കാറില്ല. അവരെ ബാധിക്കുന്നതെല്ലാം നമ്മെയും ബാധിക്കും. കുട്ടികളില്‍ ഇതിന്റെ ഇംപാക്ട് അല്പം കൂടി വലുതാണെന്ന് മാത്രം. കുട്ടികളെയും കൗമാരക്കാരേയും സംബന്ധിച്ച് അവരുടെ തലച്ചോറിന്റെ വളര്‍ച്ചാ കാലഘട്ടമാണ് അത്. ഈ സമയത്ത് ഡിജിറ്റല്‍ ഉപകരണങ്ങളെ ആശ്രയിക്കുമ്പോള്‍, അവരുടെ ചിന്താശേഷിയും ഓര്‍മശക്തിയും പൂര്‍ണമായി വികസിക്കാതിരിക്കാം. മുതിര്‍ന്നവരെ സംബന്ധിച്ച് ദിവസവും 6-8 മണിക്കൂറില്‍ കൂടുതല്‍ സ്ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നവരാണ് ഏറ്റവും അഫക്ടഡ്.
ഡിജിറ്റല്‍ ഡിമന്‍ഷ്യ ഒരു യഥാര്‍ത്ഥ രോഗമല്ലെങ്കിലും, ഇത് ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യ മസ്തിഷ്കത്തിന്റെ ശേഷി നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍, ലൈക്കുകള്‍ എല്ലാം ഡോപമിന്‍ വര്‍ധിപ്പിക്കുന്നു, ഇത് അവയോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നു.സ്ക്രീന്‍ ടൈം കുറയ്ക്കുക എന്നത് മാത്രമാണ് പരിഹാരമാര്ഗത്തിലെ ആദ്യപടി. ഒപ്പം വായന വര്‍ധിപ്പിക്കുക, ക്രിയേറ്റീവ് സ്പേസിലേക്ക് അല്പം കൂടി ആഴത്തിലിറങ്ങുക,സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക, പ്രകൃതിയില്‍ നടക്കുക, പസിലുകള്‍, സ്ക്രീന്‍ ടൈം കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക തലച്ചോറിനെ ഉദ്ദീപിക്കുന്ന പ്രവര്ത്തനങ്ങളെന്തും ഓര്‍മശക്തി വര്‍ധിപ്പിക്കും. ഡിജിറ്റല്‍ ലോകത്ത് നിന്ന് ഗുഡ് ബൈ പറയാന്‍ നമുക്ക് സാധിക്കില്ല. പക്ഷേ അവയെ നിയന്ത്രിച്ച് ഉപയോഗിക്കുകയും മസ്തിഷ്കത്തിന്റെ സ്വാഭാവിക ശേഷികള്‍ നിലനിര്‍ത്തുകയും ചെയ്താല്‍ ഈ പ്രശ്നം ഒഴിവാക്കാം.
Inshorts | Is excessive digital gadget use causing memory loss & brain fog? Learn about digital dementia, its symptoms, causes, and how to prevent it. Video
Content Highlights: Digital Dementia: Symptoms, Causes & Prevention Digital Dementia. Screen Addiction. Memory Loss
Published: 29 Apr 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented