ഒന്നരവർഷം മുൻപ്‌ മസ്തിഷ്കാഘാതംവന്ന അമ്മയ്ക്കുവേണ്ടി മകൾ വികസിപ്പിച്ച ഉപകരണം ഇത്തരം പ്രശ്നം നേരിടേണ്ടിവരുന്നവർക്കെല്ലാം അനുഗ്രഹമായി മാറുകയാണ്. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫസറായ ഷീബാ ദിവാകരന്‌ മസ്തിഷ്കാഘാതത്തെത്തുടർന്നുണ്ടായ ഓർമ്മത്തകരാറാണ് മകൾ അപർണയ്ക്ക് ഈ ഉപകരണം വികസിപ്പിക്കാൻ പ്രേരണയായത്.

To advertise here,

ഡൽഹി ഐ.ഐ.ടി.യിൽനിന്ന് കൊഗ്നിറ്റീവ് സയൻസിൽ എം.എസ്‌സി. പാസായ അപർണയ്ക്ക് താൻപഠിച്ച ശാസ്ത്രം അമ്മയ്ക്കുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയായി. ഒരുവർഷത്തെ പഠനഗവേഷണങ്ങൾക്കുശേഷം കണ്ടുപിടിച്ച ‘ന്യൂമി’ എന്ന ഉപകരണം വെള്ളിയാഴ്ച ഹഡിൽ ഗ്ലോബൽ വേദിയിൽ പരിചയപ്പെടുത്തും.

മസ്തിഷ്കപ്രശ്നങ്ങൾ കാരണം ഓർമ്മത്തകരാർ സംഭവിച്ചവർക്കു ജീവിതത്തെ പഴയതുപോലെ കാണാൻ സഹായിക്കുന്ന സോഫ്റ്റ്‌വേർ -ഹാർഡ്‍വേർ ഉപകരണമാണ് ന്യൂമി. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുംവിധമുള്ള ഗെയിമുകൾ ഉൾപ്പെടുത്തിയ ന്യൂമി, രോഗികളുടെ നിത്യജീവിതത്തിലെ കാര്യങ്ങൾ ഗെയിമുകളായി രൂപപ്പെടുത്തുന്നു. ഇവ തത്സമയം ചലനാത്മകമായി ക്രമീകരിച്ചാണ് മസ്തിഷ്കത്തിലെ നഷ്ടപ്പെട്ട ന്യൂറൽ കണക്‌ഷനുകൾ പുനഃസ്ഥാപിക്കുക.

ന്യൂമി ന്യൂറോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ.യാണ് അപർണ ആർ.വി.എം.. ഈ കമ്പനിക്ക് ഐവി ക്യാപ് വെഞ്ച്വേഴ്സിന്റെ രണ്ടുകോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഷീബ ഇപ്പോൾ ആരോഗ്യവതിയായി കോളേജിൽ പോകുന്നുണ്ട്. അച്ഛൻ ആർ.വി.എം. ദിവാകരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളവിഭാഗം പ്രൊഫസറാണ്. സഹോദരൻ അഭയദേവ് ബി.ടെക്. വിദ്യാർഥിയാണ്. ഡൽഹി ഐ.ഐ.ടി.യിലെ ടെക്നോളജി സീനിയർ എക്സിക്യുട്ടീവ് ജോലി ഉപേക്ഷിച്ചാണ് അപർണ ന്യൂമി വികസിപ്പിക്കാൻ സമയം കണ്ടെത്തിയത്.

2025 സെപ്റ്റംബറിൽ കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച ന്യൂമി, ബിറ്റ്സ് പിലാനിയുടെ വനിതാസംരംഭക പദ്ധതിയിലൂടെ 15 ലക്ഷം രൂപയുടെ ഇൻകുബേഷൻ ഫണ്ട് നേടിയിരുന്നു.