Video | നാസയില്‍ ബോയിങ് കിതയ്ക്കുന്നു, ഇനി മസ്‌ക് കാലം; തിരിച്ചുവാങ്ങിയ മൈലേജ്, മറുപടി
നമ്മുടെ ആകാശയാത്രകളില്‍മാത്രമല്ല, മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ മിഷന്‍ മുതലിങ്ങോട്ട് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ നിര്‍മിതിയില്‍വരെ ബോയിങ് എന്ന അതികായന്റെ സജീവസാന്നിധ്യമുണ്ട്. 108 വര്‍ഷത്തെ ചരിത്രം അവകാശപ്പെടുന്ന ബോയിങ്ങിന് മുന്നില്‍ ഇന്ന് സ്‌കോര്‍ ചെയ്തത് വെറും 24 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാനുള്ള ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സ്. ലോകം കണ്ണിമചിമ്മാതെ നോക്കിനിന്ന രണ്ട് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. രാഷ്ട്രീയപ്രവേശനത്തോടൊപ്പം തട്ടകങ്ങളില്‍ തിരിച്ചടി നേരിട്ട മസ്‌കിന് ചെറുതല്ലാത്ത മൈലേജാണ് ക്രൂ ഡ്രാഗണ്‍ ദൗത്യം സംഭാവനചെയ്തത്.
നാസയും സ്വകാര്യഭീമന്മാരും
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് സ്വകാര്യകമ്പനികളെ സഹകരിപ്പിക്കാനുള്ള കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമില്‍ (CCP) ബോയിങ്ങിനൊപ്പം സ്പെയ്സ് എക്സിനും കരാര്‍ ഉറപ്പിച്ചതുമുതല്‍ വിവാദങ്ങളുമുണ്ടായിരുന്നു. നാസയുടെ ദൗത്യങ്ങള്‍ക്ക് റഷ്യയുടെ സോയുസ് സ്പേസ്ക്രാഫ്റ്റിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ചെലവ് കുറയ്ക്കാനുമൊക്കെ ലക്ഷ്യമിട്ട ഈ പദ്ധതിയില്‍, ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറും, സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണും വികസിപ്പിക്കാനാണ് ഒരേസമയം നാസ കരാര്‍ കൊടുത്തത്. സ്പെയ്സ് എക്സുമായി 2.6 ബില്യണ്‍ ഡോളറിന്റെ കരാറായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകളായി നാസയുമായി സഹകരിക്കുന്ന ബോയിങ്ങിന് 4.2 ബില്യണ്‍ ഡോളറിന്റെ കരാറായിരുന്നു. ആ 1.6 ബില്യണ്‍ ഡോളറിന്റെ വ്യത്യാസംമാത്രമല്ല, പറഞ്ഞസമയത്ത് ജോലി തീര്‍ക്കാതെ വിവാദത്തിലായ ബോയിങ്ങിന് വീണ്ടും പണം നല്‍കിയതടക്കം ഒട്ടേറെ വിവാദങ്ങളും പിന്നെയുമുണ്ടായി.
2014-ലെ കരാര്‍പ്രകാരം സ്റ്റാര്‍ലൈനര്‍ 2017-ല്‍ പ്രവര്‍ത്തനക്ഷമമാകണം. ബോയിങ്ങിലെ മാനേജ്മെന്റ്പ്രശ്‌നങ്ങളും സാങ്കേതികപ്രതിസന്ധികളും കാരണം നീണ്ടുപോയ സ്റ്റാര്‍ലൈനര്‍ 2019 ഡിസംബറിലാണ് ആദ്യമായി ആളില്ലാതെ ആകാശത്തേക്ക് പരീക്ഷണയാത്ര നടത്തിയത്. ആ പരീക്ഷണം പരാജയമായിരുന്നു. 2021-ല്‍ നടത്താനിരുന്ന രണ്ടാംപരീക്ഷണം സാങ്കേതികത്തകരാര്‍കാരണം നീണ്ടുപോയി, പിന്നെ 2022 മേയില്‍ പരീക്ഷണം വിജയമായി. അങ്ങനെയാണ് 2024 ജൂണില്‍ സുനിതയും വില്‍മോറും എട്ടുദിവസത്തേക്ക് ബഹിരാകാശനിലയത്തിലേക്ക് പോകുന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ സോഫ്റ്റ്വേര്‍പ്രശ്‌നങ്ങളും ഹീലിയംചോര്‍ച്ചയും കൊണ്ട് ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തുടരുമ്പോള്‍, 2020-ല്‍ത്തന്നെ സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ച് ദൗത്യത്തിന് സജ്ജമായിരുന്നു. ആ സാഹചര്യത്തിലാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഇലോണ്‍ മസ്‌ക് രംഗത്തുവന്നുവെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ വലംകൈയായി അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയും ചെയ്തു. ജോ ബൈഡന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയതീരുമാനങ്ങളുടെ ഫലമാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തുടരുന്നതെന്നും അവരെ ബഹിരാകാശത്ത് ഉപേക്ഷിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അങ്ങനെയാണ് ഉയരുന്നത്.
കിതച്ച് ബോയിങ്
ഹീലിയംചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം ബോയിങ്ങിനെ ആ ദൗത്യത്തില്‍നിന്ന് മാറ്റിനിര്‍ത്താനും ക്രൂ ഡ്രാഗണെ ദൗത്യം ഏല്‍പ്പിക്കാനും നാസ തീരുമാനിക്കുന്നു. അതിലേക്ക് നയിച്ച സാങ്കേതികകാരണങ്ങള്‍ സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ കൈവരിച്ച പരീക്ഷണവിജയങ്ങളായിരുന്നുവെങ്കില്‍ കമ്പനിയുടെ അധിപന്‍ ഇലോണ്‍ മസ്‌കിന് അത് കണക്കുതീര്‍ക്കാനുള്ള അവസരംകൂടിയായിരുന്നു. ബൈഡന്‍ഭരണകാലത്ത് 2023-ല്‍ നടത്തിയ രണ്ട് വിക്ഷേപണങ്ങള്‍ക്ക് നിയമങ്ങള്‍ പാലിച്ചില്ലെന്ന കാര്യത്താല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയും ഏതാണ്ട് 7.8 ലക്ഷം ഡോളറാണ് സ്പെയ്സ് എക്സിന് പിഴയിട്ടത്. അതേസമയം സ്പെയ്സ് എക്സുമായി നാസ കൂടുതല്‍ കരാറിലേര്‍പ്പെടുന്നതും വിവാദമായിരുന്നു. 2021 മുതല്‍ നാസയും സ്പെയ്സ് എക്സും തമ്മിലുള്ള കരാറുകളുടെ മൂല്യത്തില്‍ വന്‍ കുതിപ്പായിരുന്നു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യത്തിലടക്കം ഒട്ടേറെ പ്രോജക്ടുകളില്‍ ബില്യണ്‍ ഡോളറുകളുടെ കരാറാണ് സ്പെയ്സ് എക്സും നാസയും തമ്മില്‍ നിലവിലുള്ളത്.
മസ്‌കിന്റെ നേട്ടം
നാസയില്‍ ഇലോണ്‍ മസ്‌കിന് സ്വാധീനം വര്‍ധിക്കുന്നുവെന്ന ആരോപണം നേരത്തേയുണ്ട്. ട്രംപിന്റെ കാര്യക്ഷമതാവകുപ്പായ ഡോജിന്റെ തലവനായി ഇലോണ്‍ മസ്‌ക് വന്നതില്‍പ്പിന്നെ നാസയുടെ സുപ്രധാന ഓഫീസുകളില്‍ ചിലത് നിര്‍ത്തലാക്കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്പെയ്സ് എക്സിന്റെ തലവനായ മസ്‌ക് തന്നെ സര്‍ക്കാരിന്റെ ഭാഗമായി നാസയില്‍ ഇടപെടുന്നത് ആശങ്കയോടെയാണ് ലോകം കണ്ടത്. ഡേറ്റാ സെക്യൂരിറ്റി അടക്കമുള്ള വിഷയങ്ങളില്‍ ഇത് ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തു. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിലടക്കം മസ്‌കിന് ഇടപെടാമെന്ന സാഹചര്യവും ചൊവ്വയില്‍ കോളനി സൃഷ്ടിക്കുകയെന്ന മസ്‌കിന്റെ പ്രഖ്യാപിത ലക്ഷ്യവും കൂട്ടിവായിക്കുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും അപ്രതീക്ഷിതമായി ബഹിരാകാശത്ത് കുടുങ്ങിപ്പോകുന്നതും. ഒന്‍പതുമാസങ്ങള്‍ക്കുശേഷം ഇലോണ്‍ മസ്‌കിന്റെ ക്രൂ ഡ്രാഗണില്‍ സുരക്ഷിതമായി അവര്‍ ഭൂമിയില്‍ തിരിച്ചെത്തുന്നതും.
ഡോജിന്റെ നടപടികളെത്തുടര്‍ന്നുണ്ടായ മോശം ഇമേജ്, ബിവൈഡിയുടെ കുതിപ്പുകൂടിയായപ്പോള്‍ ടെസ്ലയ്ക്കുണ്ടായ മോശം വില്‍പ്പനയും ഷെയര്‍ പകുതിയോളം കുറഞ്ഞത്, അങ്ങനെ പലതരത്തില്‍ ഇമേജിനും സമ്പത്തിനും ക്ഷതമേറ്റുകൊണ്ടിരിക്കുന്ന മസ്‌കിന് മുന്നിലേക്കാണ് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യമെത്തിയത്.
വന്മരം കടപുഴകുമ്പോള്‍
രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ ഇപ്പോള്‍ മസ്‌കിന് നാസയിലുള്ള പിടിപാടിന്റെ അത്രത്തോളം വരുന്നില്ലെങ്കിലും അത് പണ്ടേ നേടിയവരാണ് ബോയിങ്. അറുപതുകളില്‍ അപ്പോളോ മിഷന്‍, എഴുപതുകളില്‍ സ്പെയ്സ് ഷട്ടില്‍ ദൗത്യത്തില്‍ ഓര്‍ബിറ്ററും ലോഞ്ച് സിസ്റ്റവും പിന്നീട് ഇന്റര്‍നാഷണല്‍ സ്പെയ്സ് ഷട്ടിലിന്റെ നിര്‍മാണവും ഏകോപനവും സംബന്ധിച്ച സുപ്രധാന കരാറുകള്‍വരെ ഒട്ടേറെയുണ്ട് ബോയിങ്ങിന്റെ കൈയില്‍. ബഹിരാകാശചരിത്രത്തില്‍ അടയാളപ്പെടുത്തിയ വന്മരങ്ങളിലൊന്ന്. വ്യോമയാനരംഗത്തെ ബോയിങ്ങിന്റെ അപ്രമാദിത്വം അടുത്തകാലത്ത് അസ്തമിച്ചുതുടങ്ങിയത് നമ്മള്‍ കണ്ടതാണ്. അടുത്തകാലത്ത് ബോയിങ് വിമാനങ്ങള്‍ കൂട്ടത്തോടെ നിലത്തിറക്കേണ്ടിവന്നതും നിര്‍മാണത്തിലെ പാളിച്ചയും അപകടങ്ങളുമെല്ലാം ആ കമ്പനിയെ എങ്ങനെ തളര്‍ത്തിയോ അതേ അവസ്ഥയിലൂടെയാണ് അവരുടെ ബഹിരാകാശരംഗത്തെ നേട്ടങ്ങളും മങ്ങിത്തുടങ്ങുന്നത്. കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ പ്രശ്‌നങ്ങളും നേതൃത്വമില്ലായ്മയുമാണ് സ്റ്റാര്‍ലൈനര്‍ദൗത്യം അനിശ്ചിതമായി നീണ്ടുപോകുന്നതിനും പ്രശ്‌നങ്ങള്‍ ഒന്നിനുപുറകേ ഒന്നായി വന്നതിനും കാരണമായി പറയുന്നത്. ഗുണനിലവാരമുറപ്പിക്കാത്തതിലും അനിശ്ചിതത്വത്തിലും നാസ പലതവണ ബോയിങ്ങിലുള്ള വിശ്വാസമില്ലായ്മ പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വന്‍ തുക വാങ്ങിയിട്ടും ബോയിങ് ദൗത്യം വിജയിക്കാതിരുന്നിടത്താണ് അതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് മസ്‌കിന്റെ സ്പെയ്സ് എക്സ് ദൗത്യം നേരത്തേ പൂര്‍ത്തീകരിച്ചതും ബോയിങ്ങിന്റെ പിഴവില്‍പ്പെട്ടവരെ തിരിച്ചെത്തിച്ചതും.
ഇനി നാസയും ലോകവും കാണാനിരിക്കുന്നത് സ്പെയ്സ് എക്സിന്റെ കാലമായിരിക്കുമെന്ന് അടിവരയിടുന്നവര്‍ ഒട്ടേറെയാണ്. തകര്‍ച്ചയില്‍നിന്ന് ബോയിങ്ങിന്റെ തിരിച്ചുകയറ്റം എളുപ്പമല്ല. അതിനുപുറമേ ചാന്ദ്രദൗത്യവും അതും കടന്ന് ചൊവ്വാദൗത്യവും മുന്നില്‍ കണ്ട് സ്പെയ്സ് എക്സ് നിര്‍മിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് നാസയുടെ അവിഭാജ്യഘടകമാകുമെന്ന വിലയിരുത്തല്‍ നടത്തുന്നവരും ഒട്ടേറെയാണ്
Inshort | The safe return of Sunita Williams and Butch Wilmore aboard SpaceX’s Crew Dragon highlights the growing dominance of Elon Musk’s company in space missions, as Boeing continues to struggle with delays and technical issues in its Starliner program. The contrast signals a major shift in NASA’s reliance, with SpaceX emerging as a key player in future lunar and Mars explorations.
Content Highlights: Boeing vs. SpaceX: Space Race Showdown
Published: 21 Mar 2025, 08:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented