സമിലെ നാടൻപാട്ടുകളുടെ തനിമയും താളവും ലോകോത്തര സംഗീതവേദികളിലൂടെ പ്രപഞ്ചത്തിന്റെ അതിരുകളോളം എത്തിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ ജോയ് ബറുവ. അസമിൽ ജനിച്ച് ജയന്ത ബറുവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) COSI (Compton Spectrometer and Imager) ദൗത്യവുമായി പ്രമേയാധിഷ്ഠിതമായി ബന്ധമുള്ള 'കോസ്മിക് റാപ്സഡി' (Cosmic Rhapsody) എന്ന അന്താരാഷ്ട്ര സംഗീത നാടകത്തിന്റെ പ്രധാന സംഗീതസംവിധായകനായി മാറിയിരിക്കുകയാണ്. ശാസ്ത്രവും സംഗീതവും കഥപറച്ചിലും ഒന്നിക്കുന്ന ഈ അപൂർവ സംരംഭം അസമീസ് സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ പുതിയൊരു ഉയരത്തിലേക്ക് നയിച്ചിരിക്കുകയാണ്.

To advertise here,

'കോസ്മിക് റാപ്സഡി'യിലെ 'സ്റ്റാർ എമങ് ദി കോസ്മിക് ക്ലൗഡ്സ്', 'കൺഫെറ്റി സ്റ്റോം' എന്നീ രണ്ടു പ്രധാന ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ജോയ് ബറുവയാണ്. സുസൻ ലിം വരികളെഴുതിയ 'കൺഫെറ്റി സ്റ്റോം' പിന്നീട് ഫ്രഞ്ച് സംഗീതജ്ഞൻ മനു മാർട്ടിനുമായുള്ള കൂട്ടുകെട്ടിൽ 'കൺഫെറ്റി സ്റ്റാർ-അയോൺ എന്ന ഗാനമായി മാറി. യുകെയുടെയും യു.സി ബെർക്ക്‌ലിയിലെയും ബഹിരാകാശ ശാസ്ത്രജ്ഞരുടെ പഠനങ്ങളുമായി ആത്മബന്ധമുള്ളതാണ് ഈ പാട്ടുകൾ.

COSI പര്യവേക്ഷണവുമായി ഈ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരത്തിന് അതിശയകരമായ സാമ്യമുണ്ട്. സൂപ്പർനോവകൾ പോലുള്ള പ്രപഞ്ച പ്രതിഭാസങ്ങൾ പുറത്തുവിടുന്ന സോഫ്റ്റ് ഗാമ റേഡിയേഷനുകളെക്കുറിച്ചാണ് ഈ മിഷൻ പഠിക്കുന്നത്. നക്ഷത്രങ്ങൾ എങ്ങനെയാണ് ജീവനും പ്രപഞ്ചത്തിനും ആധാരമായ മൂലകങ്ങളെ സൃഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ഈ ദൗത്യത്തിന്റെ ആശയങ്ങളുമായി കോർത്തിണക്കിക്കൊണ്ടാണ് ജോയി ബറുവ ഈ ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്.

'കോസ്മിക് റാപ്സൊഡി'യും അതിലെ ഗാനങ്ങളും നാസയുടെ നിർമ്മിതിയല്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഒരു നക്ഷത്രം ഇല്ലാതാകുമ്പോഴും, പുതിയ എന്തെങ്കിലും രൂപപ്പെടാൻ പാകത്തിലുള്ള എന്തെങ്കിലും സംഭവങ്ങളോടുമുള്ള പരസ്പരമുള്ള കൗതുകത്തിൽ നിന്നാണ് COSI-യുമായുള്ള 'കോസ്മിക് റാപ്സഡി'യുടെ ബന്ധം വളർന്നത്.

ഈ പ്രോജക്റ്റിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ സംഗീതസംവിധായകരിൽ ഒരാളാണ് ബറുവ. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ജോൺ ടോംസിക്കിന്റെ കീഴിൽ മിഷൻ പ്രവർത്തിക്കുന്ന കാലിഫോർണിയ സർവ്വകലാശാലയിലെ (ബെർക്ക്‌ലി) സ്പേസ് സയൻസസ് ലബോറട്ടറി സന്ദർശിച്ചതിന് ശേഷമാണ് COSI-യുമായുള്ള ബന്ധം ഉണ്ടായത്.

എന്താണ് ‘കോസ്മിക് റാപ്സഡി’?

ഭൂമിയുടെ പാരിസ്ഥിതിക പ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ തേടി ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ഒരു മനുഷ്യ ബഹിരാകാശ സഞ്ചാരിയുടെയും ഒരു AI കൂട്ടുകാരന്റെയും സാങ്കൽപ്പിക യാത്രയാണ് കോസ്മിക് റാപ്സഡിയുടെ അടിസ്ഥാനപ്രമേയം. ഡോ. സൂസൻ ലിം, ഡോ. ക്രിസ്റ്റീന ടീൻസ് ടാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ പ്രോജക്റ്റിൽ ഫ്രഞ്ച് സംഗീതസംവിധായകൻ മാനു മാർട്ടിന്റെ ഓർക്കെസ്ട്രൽ ക്രമീകരണങ്ങളും ഉൾക്കൊള്ളുന്നു. നക്ഷത്രങ്ങളുടെ ജീവചക്രങ്ങൾ, സൂപ്പർനോവകൾ, മൂലകങ്ങളുടെ ഉത്ഭവം (ന്യൂക്ലിയോസിന്തസിസ്), മനുഷ്യജീവിതം നക്ഷത്രധൂളികളാൽ നിർമ്മിതമാണെന്ന കാൾ സാഗന്റെ കാഴ്ചപ്പാട് എന്നിവയേക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

NASA-യുമായുള്ള ബന്ധം

ഈ പ്രോജക്റ്റിന്റെ നിർമ്മാണ വേളയിൽ, നാസയുടെ കോസി മിഷൻ (COSI mission) നിയന്ത്രിക്കുന്ന കാലിഫോർണിയ സർവ്വകലാശാലയിലെ, ബെർക്ക്‌ലി സ്പേസ് സയൻസസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെ ഈ സംഗീതനാടകത്തിന്റെ നിർമ്മാതാക്കൾ സന്ദർശിച്ചിരുന്നു.

മരിക്കുന്ന നക്ഷത്രങ്ങളും സൂപ്പർനോവകളും എങ്ങനെയാണ് ഇരുമ്പ്, അലുമിനിയം തുടങ്ങിയ അടിസ്ഥാന മൂലകങ്ങളെ നിർമ്മിച്ച് പ്രപഞ്ചത്തിലുടനീളം വിതരണം ചെയ്യുന്നത് (ന്യൂക്ലിയോസിന്തസിസ്) എന്ന് പഠിക്കാനാണ് നാസയുടെ കോസി മിഷൻ മൃദുവായ ഗാമാ കിരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നത്. പ്രപഞ്ചത്തിലെ നക്ഷത്രവിസ്ഫോടനം ബഹിരാകാശത്ത് നക്ഷത്രധൂളി ചൊരിയുന്ന 'കോസ്മിക് റാപ്‌സഡിയുടെ' ക്ലൈമാക്സ് രംഗം, നാസ പഠനം നടത്തുന്ന ഗാലാക്റ്റിക് ന്യൂക്ലിയോസിന്തസിസിന്റെ യഥാർത്ഥ ശാസ്ത്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞരും നിർമാതാക്കളും കണ്ടെത്തി.

ആസ്ട്രോഫിസിക്സിൽ പൊതുജനങ്ങളുടെ താൽപ്പര്യം വളർത്തുന്നതിനായി, ഈ കലാസൃഷ്ടിയും നാസയുടെ ദൗത്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗികമായ സഹകരണത്തിലേക്ക് ഈ ശാസ്ത്രീയമായ സമാനത നയിക്കുകയായിരുന്നു.

അസമീസ് കലാകാരനായ സമുദ്ര കാജൽ സൈക്കിയുടെ ദൃശ്യാവിഷ്കാരങ്ങൾ കൂടി ഉൾപ്പെടുന്ന 'കോസ്മിക് റാപ്സൊഡി 2027 ജൂലായ് 27-ന് ഹോളിവുഡ് ബൗളിൽ (Hollywood Bowl) ലോസ് ആഞ്ജലീസ് ഫിലാർമോണിക് ഓർക്കസ്ട്രയോടൊപ്പം അരങ്ങേറും. അസമിലെ നാടൻ ഈണങ്ങളിൽ നിന്ന് തുടങ്ങി ലോകോത്തര ഓർക്കസ്ട്രകളിലൂടെ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെ തൊട്ടറിയുന്ന ഈ സംഗീതയാത്ര ഭാരതീയ സംസ്കാരത്തിനും ശാസ്ത്രപാരമ്പര്യത്തിനും വലിയൊരു ആദരവാണെന്ന് ബറുവ വ്യക്തമാക്കുന്നു. നാസയുടെ COSI റോക്കറ്റ് വിക്ഷേപണത്തിന് തൊട്ടുമുമ്പ് നടക്കുന്ന ഈ പ്രീമിയർ, ഒരു അസമീസ് സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.

ജോയ് ബറുവയുടെ സംഗീതയാത്ര

അസമിലെ ദിഗ്ബോയിയിലാണ് ജോയ് ബറുവ ജനിച്ചത്. നാലാം വയസ്സിൽ അച്ഛൻ സമ്മാനിച്ച വയലിനിൽ നിന്നാണ് അദ്ദേഹത്തിന്റെ സംഗീതയാത്രയുടെ തുടക്കം. പിന്നീട് ജോർഹാട്ടിലേക്ക് മാറിയ കുടുംബത്തിൽ നിന്ന് സഹോദരിയാണ് അദ്ദേഹത്തിന് ക്ലിഫ് റിച്ചാർഡിന്റെ 'ബാച്ചിലർ ബോയ്' എന്ന ഗാനം പഠിപ്പിച്ചതും മത്സരവേദിയിലേക്ക് നയിച്ചതും; അവിടെ അദ്ദേഹം വിജയിക്കുകയും ചെയ്തു. ചെറുപ്പത്തിൽ അസമിലെ പരമ്പരാഗത നാടൻപാട്ടുകളും ഭൂപൻ ഹസാരികയുടെ ഗാനങ്ങളും കേട്ടു വളർന്ന അദ്ദേഹം, ബീറ്റിൽസ് (The Beatles), സ്റ്റിങ്, U2 തുടങ്ങിയ പാശ്ചാത്യ ബാൻഡുകളിൽ നിന്നും എ.ആർ. റഹ്മാൻ, എൽ. സുബ്രഹ്മണ്യം എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.

ഷില്ലോങ്ങിലും ഗുവാഹാട്ടിയിലും പഠനം പൂർത്തിയാക്കിയ ബറുവ, പ്രശസ്ത അസമീസ് സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ സഹായത്തോടെയാണ് മുംബൈയിലേക്ക് എത്തുന്നത്. വോഡഫോൺ, നെസ്കഫെ, റിലയൻസ്, എൽ.ജി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങൾക്ക് ഈണം നൽകിക്കൊണ്ട് മുംബൈയിൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് ചലച്ചിത്ര ലോകത്തേക്ക് കടന്നു. 'ദേവ് ഡി', 'ഉഡാൻ', 'സിന്ദഗി നാ മിലേഗി ദുബാര', 'ഏജന്റ് വിനോദ്', 'മുന്നാ ഭായ്' പരമ്പര ചിത്രങ്ങൾ, 'മാർഗരിറ്റ വിത്ത് എ സ്ട്രോ', 'ലൈല മജ്നു' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ശബ്ദവും സംഗീതവും സാന്നിധ്യമറിയിച്ചു. കൂടാതെ 'ജോയ്' എന്ന സ്വന്തം ബാൻഡിലൂടെ 'ജോയ്: ലുക്കിംഗ് ഔട്ട് ഓഫ് ദി വിൻഡോ' എന്ന ഹിറ്റ് അസമീസ് ആൽബവും പുറത്തിറക്കി.

അസമിലെ മഴക്കാടുകൾക്കായി ശബ്ദമുയർത്തിയ കലാകാരൻ

കേവലം ചലച്ചിത്ര സംഗീതത്തിൽ മാത്രം ഒതുങ്ങാതെ, അസമിലെ മഴക്കാടുകളുടെ സംരക്ഷണത്തിനും തദ്ദേശീയ സ്വത്വങ്ങൾക്കുമായി ശബ്ദമുയർത്തിയ കലാകാരൻ കൂടിയാണ് അദ്ദേഹം. 'കോസ്മിക് റാപ്സഡി'ക്ക് മുന്നോടിയായി പുറത്തിറങ്ങിയ 'ഏലൻ' (ALAN) പ്രൊജക്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഗീതയാത്ര ആരംഭിക്കുന്നത്. ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയിൽ ലണ്ടൻ സിംഫണി ഓർക്കസ്ട്രയ്ക്കൊപ്പം ഗാനങ്ങൾ റെക്കോർഡ് ചെയ്യാനും റോയൽ ഫിലാർമോണിക് ഓർക്കസ്ട്ര അവതരിപ്പിച്ച ആദ്യ അസമീസ് സംഗീതസംവിധായകനാകാനും അദ്ദേഹത്തിന് സാധിച്ചു. ഡോ. സുസൻ ലിം, ക്രിസ്റ്റീന ടീൻസ് ടാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ പ്രൊജക്റ്റ്, 'ഏലനൗട്ട്' (ALANaut) എന്ന എ.ഐ കഥാപാത്രത്തിലൂടെ പ്രകൃതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് മുന്നോട്ടുവെക്കുന്നത്.