787 ഡ്രീംലെെനർ; ബോയിങ്ങിന്റെ അഭിമാന മോഡലും വിടാതെ പിന്തുടരുന്ന വിവാദങ്ങളും
സാമ്പത്തിക ലാഭം മുന്നിൽ കണ്ട് പുതിയ മാനേജ്മെന്റ് പുതിയ തന്ത്രങ്ങൾ മെനയുന്നു. അത് വ്യോമയാന ചരിത്രത്തോട് ചേർത്ത് വായിക്കേണ്ട വലിയ ഒരു ബ്രാൻഡിനെ നിരന്തരം വേട്ടയാടുന്നു. പലതായി നിർമ്മിച്ച് കൂട്ടിച്ചേർത്തുണ്ടാക്കുന്ന ബോയിങ് 777, 787 ഡ്രീംലൈനർ വിമാനങ്ങൾ ഭാവിയിൽ നേരിടാൻ പോകുന്ന പ്രതിസന്ധികളേക്കുറിച്ച് തുറന്നു പറഞ്ഞത്, ഒരു ദശാബ്ദത്തിലേറെ ബോയിങിൽ എൻജിനീയറായിരുന്ന സാം സലേപൗരാണ്. പലയിടത്തായി, പലരായി നിർമ്മിച്ച്, കൂട്ടിയോജിപ്പിക്കുന്ന ഡ്രീംലൈനറിന്റെ ഫ്യൂസലേജ് - അഥവാ യാത്രക്കാരൊക്കെ ഇരിക്കുന്ന പ്രധാന ഭാഗം, ക്രമേണ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, യാത്രക്കിടയിൽ തകർന്നു വീഴാനുള്ള സാധ്യത കൂട്ടുമെന്നുമൊക്കെ 2024-ൽ അദ്ദേഹം പറഞ്ഞത് ഫെഡറൽ ഏജൻസികളുടെ അന്വേഷണത്തിൽ വരെ കൊണ്ടെത്തിച്ചിരുന്നു.
ഭാരം കുറയ്ക്കാനും, അതുവഴി ഇന്ധനക്ഷമത കൂട്ടാനുമായി ഉപയോഗിച്ച കാർബണും ഗ്ലാസ് ഫൈബറുമൊക്കെയടങ്ങുന്ന മെറ്റീരിയൽ കൊണ്ട് ബോഡി നിർമ്മിക്കുന്ന രീതിയിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ബോയിങ്ങിന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ബാറ്ററി എല്ലാം പലതവണ പ്രതിസന്ധി സൃഷ്ടിച്ചതാണ്. ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ സംഭവം പല ചോദ്യങ്ങളുമുയർത്തുന്നുണ്ട്.
സാങ്കേതികവിദ്യയുടെ വിസ്മയമെന്ന് വാഴ്ത്തപ്പെട്ടെങ്കിലും, നിരവധി വിവാദങ്ങളിൽ ഇടം നേടിയ ഒരു വിമാനമാണ് ബോയിങ് 787-8 ഡ്രീംലൈനർ. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ സെക്കന്റുകൾക്കുള്ളിൽ വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ ഒഴികെ എല്ലാവരും കൊല്ലപ്പെട്ട ഈ അപകടം ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അപകടമാണ്. ബോയിങ്ങിന്റെ അഭിമാന മോഡലായ ഡ്രീംലെെനറിന്റെ വൻ ആൾനാശമുണ്ടാക്കുന്ന ആദ്യത്തെ അപകടം കൂടിയാണിത്.
എന്താണ് ഈ ഡ്രീംലൈനർ, അതിൻ്റെ പ്രത്യേകതകൾ എന്തൊക്കെയാണ്, എന്തുകൊണ്ടാണ് ഈ വിമാനം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത്? നമുക്ക് വിശദമായി നോക്കാം.
ഡ്രീംലൈനറിൻ്റെ ജനനം
ബോയിംഗ് 787 ഡ്രീംലൈനർ ഫാമിലിയിലെ ആദ്യത്തെ വേരിയന്റാണ് ബോയിംഗ് 787-8. 2004-ലാണ് ഔദ്യോഗികമായി ഈ മോഡൽ പുറത്തിറക്കിയത്. 2009 ഡിസംബർ 15-നാണ് ആദ്യ പറക്കൽ. പിന്നീട്, 2011 ഒക്ടോബറിൽ ഓൾ നിപ്പോൺ എയർവേസ് (ANA) എന്ന വിമാനക്കമ്പനിയിലൂടെ വാണിജ്യ സേവനങ്ങൾ ആരംഭിച്ചു.
സാധാരണയായി ഈ വിമാനത്തിന് രണ്ട് ക്ലാസ് കോൺഫിഗറേഷനുകളിലായി 210 മുതൽ 248 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇന്ധനം മുഴുവൻ നിറച്ചാൽ ഒറ്റ യാത്രയിൽ 7,305 നോട്ടിക്കൽ മൈൽ അഥവാ 13,530 കിലോമീറ്റർ യാത്ര ചെയ്യാമെന്നതാണ്, ബോയിങ്ങിന്റെ ഈ അഭിമാന മോഡലിന്റെ എടുത്തു പറയാവുന്ന സവിശേഷത. അത് തന്നെയാണ് ദീർഘദൂര യാത്രകൾക്ക് ഈ മോഡലിനെ പ്രിയപ്പെട്ടതാക്കിയതും. അത്യാധുനികവും ഇന്ധനക്ഷമതയുമുള്ള വിമാനമെന്നാണ് ഡ്രീംലൈനർ പൊതുവെ അറിയപ്പെടുന്നത്.
ഡ്രീംലൈനറിൻ്റെ ഏറ്റവും വലിയ സവിശേഷതകളായി പറഞ്ഞതിൽ പ്രധാനം അതിൻ്റെ ബോഡി നിർമ്മാണത്തിൽ composite materials വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ്. ഫ്യൂസലേജും ചിറകുകളും ഉൾപ്പെടെ വിമാനത്തിൻ്റെ പ്രധാന ഘടനയുടെ ഏകദേശം 50%-ത്തോളം കാർബൺ ഫൈബറും മറ്റും അടങ്ങിയ composite materials ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന അലൂമിനിയം ഡിസൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള നിർമ്മാണം വിമാനത്തിൻ്റെ ഭാരം ഗണ്യമായി കുറയ്ക്കും. ഇത് ഇന്ധനക്ഷമത വർധിപ്പിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും കമ്പനികളെ സഹായിക്കും. പരമ്പരാഗത രീതി വിട്ട് ഈ പുതിയ രീതി സ്വീകരിച്ചത് അന്നുമുതൽ തന്നെ വിവാദമായിരുന്നു. ഇനി എങ്ങനെയാണ് ഡ്രീംലൈന്റെ നിർമ്മാണമെന്ന് നോക്കാം..
ഒന്നിലധികം അലുമിനിയം ഷീറ്റുകൾക്ക് പകരം ഒറ്റ ഭാഗമായിട്ടുള്ള കമ്പോസിറ്റ് ബാരൽ സെക്ഷനുകൾ ഉപയോഗിച്ചാണ് പ്രധാന ബോഡി നിർമ്മിച്ചിരിക്കുന്നത്. ഇത് ഫാസ്റ്റനറുകൾ അഥവാ നട്ടുകളുടെയും ബോൾട്ടുകളുടെയും ഉപയോഗം കുറക്കും. അങ്ങനെ ഭാരത്തിലും വ്യത്യാസം കൊണ്ടുവരാൻ സാധിക്കും, ഇന്ധനക്ഷമത കൂട്ടും.
രണ്ട് ഹൈ-ബൈപാസ് ടർബോഫാൻ എഞ്ചിനുകളാണ് ഡ്രീംലെെനറുകളിൽ ഉപയോഗിക്കുന്നത്. ഒന്നുകിൽ ജനറൽ ഇലക്ട്രിക് GEnx അല്ലെങ്കിൽ റോൾസ്-റോയ്സ് ട്രെന്റ് 1000. ഈ എഞ്ചിനുകൾ ബോയിംഗ് 767 പോലുള്ള പഴയ മോഡലുകളേക്കാൾ ഏകദേശം 20% മികച്ച ഇന്ധനക്ഷമത നൽകും.
ഈ എഞ്ചിനുകൾ 53,000 മുതൽ 75,000 പൗണ്ട് വരെ ത്രസ്റ്റ് നൽകുമെന്നാണ് കണക്ക്. 903 കി.മീ/മണിക്കൂർ വേഗതയിൽ പറക്കാൻ ഇതിന് സാധിക്കും. ഡ്രീംലെെനറിൽ ഏകദേശം 227,930 കിലോഗ്രാം വരെ പരമാവധി ടേക്ക്ഓഫ് ഭാരം വഹിക്കാൻ കഴിയും. ഇതിൻ്റെ 7,305 നോട്ടിക്കൽ മൈൽ റേഞ്ച് സ്റ്റോപ്ഓവറുകളില്ലാതെ ദീർഘദൂര യാത്രകൾ ചാർട്ട് ചെയ്യാൻ എയർലൈനുകളെ സഹായിക്കുകയും ചെയ്യും.
വിമാനത്തിൻ്റെ വലുപ്പം പറയുകയാണെങ്കിൽ, ഇതിന് 186 അടി നീളവും, 197 അടി ചിറകുകളുടെ വിസ്താരവും, ഏകദേശം 56 അടി ഉയരവും ഉണ്ട്. ബോയിങ് ഉയർത്തിക്കാട്ടിയ ഈ നിർമ്മാണ സവിശേഷതകൾ തന്നെയാണ് പിന്നീട് വലിയ വിവാദങ്ങൾ സൃഷ്ടിച്ചതും.
സാങ്കേതിക മുന്നേറ്റങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും, ബോയിംഗ് 787-8 ഡ്രീംലൈനറിന് നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, പ്രധാനമായും നിർമ്മാണ നിലവാരവും സുരക്ഷാ പ്രശ്നങ്ങളും സംബന്ധിച്ചാണ്. ഏകദേശം 2019 മുതൽ, ബോയിംഗ് അവരുടെ നോർത്ത് ചാൾസ്റ്റൺ പ്ലാന്റിലെ ഗുണനിലവാര നിയന്ത്രണങ്ങളുടെ പേരിൽ വിമർശനം നേരിടുന്നുണ്ട്.
അയഞ്ഞ സീറ്റുകൾ, തെറ്റായി സ്ഥാപിച്ച പിന്നുകൾ, നട്ടുകളും ബോൾട്ടുകളും പൂർണ്ണമായി മുറുകാത്തത്, സുരക്ഷിതമല്ലാത്ത ഫ്യൂവൽ-ലൈൻ ക്ലാമ്പുകൾ എന്നിവയൊക്കെയാണ് അതിൽ പ്രധാനം. കെഎൽഎം പോലുള്ള എയർലൈനുകൾ പോലും ഈ നിർമ്മാണ നിലവാരം അംഗീകൃത ഗുണനിലവാരത്തേക്കാൾ വളരെ താഴെയാണെന്ന് വിമർശിച്ചിട്ടുണ്ട്.
കൂടാതെ, ഇറ്റാലിയൻ അധികൃതർ രണ്ട് എയ്‌റോസ്‌പേസ് വിതരണക്കാർക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഇവർ 787-ന്റെ നിർമ്മാണത്തിനായി നിലവാരമില്ലാത്ത ടൈറ്റാനിയം, അലുമിനിയം അലോയ്‌കൾ നൽകി എന്നായിരുന്നു ആരോപണം. ഇത് ബോയിംഗിൻ്റെ വിതരണ ശൃംഖല നിയന്ത്രണങ്ങളെക്കുറിച്ചും, ഡ്രീംലൈനർ പ്രോഗ്രാമിൻ്റെ മൊത്തത്തിലുള്ള സുരക്ഷയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യകളാൽ ആധുനികവും ഇന്ധനക്ഷമതയുമുള്ള ഒരു വിമാനമെന്ന നിലയിൽ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നുണ്ടെങ്കിലും, സമീപകാലത്തെ സുരക്ഷാപ്രശ്നങ്ങളും മോശം നിർമ്മാണ ഗുണനിലവാരവും അതിന്റെ പ്രതിച്ഛായക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. പ്രത്യേകിച്ച് 2024 ൽ അലാസ്ക എയർലൈൻസ് യാത്രക്കിടയിൽ എമർജൻസി ഡോർ തകർന്നുവീണ സംഭവം. നിർമ്മാണത്തിലെ അശ്രദ്ധയാണ് അതിന് കാരണമെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിൽ ബോയിങ്ങ് വിമാനങ്ങൾ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന ചർച്ച സജ്ജീവമായിരുന്നു.
ആകാശ യാത്രകളെന്നാൽ ബോയിങ് എന്നായിരുന്നു. ലോകം അത്രയേറെ വിശ്വസിച്ചിട്ടുണ്ട് ബോയിങ്ങിനെ. വിമാനയാത്രയുടെ കാര്യത്തിൽ മാത്രമല്ല, റോക്കറ്റുകളും സാറ്റ്ലെെറ്റുകളും മിസൈലുകളും വരെ നിർമ്മിക്കുന്നവരാണ് ബോയിങ് എന്ന അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി. ഒരുകാലത്ത് അമേരിക്കൻ എന്‍ജിയറിങ് വൈദഗ്ധ്യത്തിൻ്റെയും നവീനതയുടേയും മുഖമുദ്രയായിരുന്ന ബോയിങ്ങിന് ഇത് തിരിച്ചടികളുടെ കാലമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി പ്രതിസന്ധികൾ കമ്പനിയെ അലട്ടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'If it’s Boeing, I ain’t Going' എന്ന പ്രതിഷേധ വാചകം യാത്രക്കാരുടെ ഭീതിയിൽ നിന്നുണ്ടായതാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് അഹമ്മദാബാദിലെ എഐ 171 വിമാന ദുരന്തം.
Content Highlights: boeing pride model dreamliner and controversies
Published: 13 Jun 2025, 07:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented