'കാടിന്റെ അമ്മ' എന്നറിയപ്പെടുന്ന ഒരു പടുകൂറ്റൻ വൃക്ഷമാണ് ബയോബാബ്. ഒറ്റത്തടിയിൽ നൂറടിവരെ ഉയരത്തിലും 50 മീറ്റർ ചുറ്റളവിലും വളരാൻ സാധിക്കുന്ന ബയോബാബ് 'ജീവന്റെ വൃക്ഷം' എന്നും അറിയപ്പെടുന്നു.  ആഫ്രിക്കൻ നാടോടിക്കഥകളുടെ വായനക്കാർക്ക് ബയോബാബ് സുപരിചിതമായിരിക്കും.  ഏറ്റവും മുകളിൽ ഇലകൾ നിറഞ്ഞ മരം, വേരുകൾ ഉയർന്നുനിൽക്കുന്നതിനാൽ ഈ വൃക്ഷത്തെ പലപ്പോഴും 'തലകീഴായ മരം' എന്നും വിളിക്കാറുണ്ട്. 

To advertise here,

ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലും ഓസ്‌ട്രേലിയയിലുമാണ് ബയോബാബ് പ്രധാനമായും കാണപ്പെടുന്നത്. മനുഷ്യരാശിക്ക് മുമ്പ്, ഭൂഖണ്ഡങ്ങളുടെ വിഭജനത്തിനും മുമ്പേ ഉണ്ടായിരുന്ന ഒരു ചരിത്രാതീത സസ്യവർഗമായാണ് ബയോബാബിനെ ശാസ്ത്രജ്ഞർ കാണുന്നത്.  200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പേ ബയോബാബ് രൂപംകൊണ്ടിട്ടുണ്ടെന്നാണ് വിദ​ഗ്ദ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സൂപ്പർ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ പിളർപ്പിലൂടെ ബയോബാബിന്റെ  രണ്ടിനങ്ങൾ ആഫ്രിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും എത്തപ്പെട്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഗോണ്ട്‌വാനയുടെ പിളർപ്പ് ഉണ്ടാക്കിയ അവശിഷ്ടങ്ങളിലൂടെയാണ് ബെയോബാബ് വൃക്ഷത്തിന്റെ വിത്തുകൾ ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും എത്തപ്പെട്ടത്.
 
അഡൻസോണിയ ഡിജിറ്റാറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ബയോബാബ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ ഒരു പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. 3,000 മുതൽ 5,000 വർഷം വരെ ആയുസും അവകാശപ്പെടുന്നു. വെള്ളം, ഭക്ഷണം, വിറ്റാമിനുകൾ, മരുന്ന്, പാർപ്പിടം തുടങ്ങി വിവധ ആവശ്യങ്ങൾക്ക് ജീവജാലങ്ങൾ ബയോബാബിനെ ആശ്രയിക്കുന്നു. പലതരം പക്ഷികൾ ബയോബാബിൽ കൂടു കൂട്ടുന്നു. ഇലയും പഴവും ഭക്ഷ്യയോ​ഗ്യമാണ്. പുറംതൊലി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നു. മൃഗങ്ങൾക്കും, പക്ഷികൾക്കും മനുഷ്യർക്കുമൊക്കെ അഭയവും ഭക്ഷണവും വെള്ളവും നൽകാൻ കഴിയുന്നതിനാലാണ് ഇവ 'ജീവന്റെ വൃക്ഷം' എന്ന് അറിയപ്പെടുന്നത്.

ആഫ്രിക്കയുടെ വരണ്ട സാവന്ന ആവാസവ്യവസ്ഥയിൽ ബയോബാബ് മരങ്ങൾ വലിയ മുതൽകൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. മണ്ണിൻ്റെ അവസ്ഥ ഈർപ്പമുള്ളതാക്കാനും  മണ്ണൊലിപ്പ് മന്ദഗതിയിലാക്കാനും ഈ മരങ്ങൾ സഹായിക്കുന്നു. നല്ല ചുറ്റളവുള്ള മരത്തിന്റെ തടിയിൽ വേറെ ശാഖകൾ കാണാൻ കഴിയില്ല. മാത്രമല്ല നല്ല വണ്ണമുള്ള ഈ വന്മരം വേനൽക്കാലത്തേക്കാവശ്യമായ വെള്ളം തടിക്കുള്ളിൽ ശേഖരിച്ചുവെക്കും.  വൃക്ഷം മഴക്കാലത്ത് വെള്ളം വലിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്നു. 3,800 ലിറ്ററോളം വെള്ളം സംഭരിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. 

ഓരോ ബയോബാബും നൂറുകണക്കിന് മൃഗങ്ങൾക്ക് അവശ്യമായ ജലസ്രോതസ്സും പാർപ്പിടവുമായി മാറുന്നു. വെള്ളമില്ലാത്തപ്പോൾ മരത്തന്റെ ജലാംശമുള്ള പുറംതൊലി ആനകളുൾപ്പെടെ ആഹാരമാക്കുന്നു. ബയോബാബ് മരങ്ങള‍ുടെ ഉള്ള് പൊള്ളയാകുമ്പോൾ താമസിക്കാനും ഉപയോ​ഗിക്കാറുണ്ട്. സിംബാവേയിലുള്ള ഉള്ളുപൊള്ളയായ ഒരു ബയോബാബ് മരത്തിൽ 40 പേർക്കുവരെ താമസിക്കാനാകുമത്രേ. 

കാര്യമിങ്ങനെയൊക്കെയാണെങ്കിലും വംശനാശ ഭീഷണിയിലാണ് പാവം ബയോബാബ്. സംരക്ഷിത വൃക്ഷങ്ങളുടെ പട്ടികയിൽപെടുന്നതാണ് ഈ മരങ്ങൾ. ബയോബാബിന്റെ യഥാർത്ഥ ജന്മദേശം മഡഗാസ്‌കറാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ആറോളം ബെയോബാബ് വൃക്ഷ ഇനങ്ങളാണ് മഡഗാസ്‌കർ ദ്വീപിലുള്ളത്. കൃത്യമായ ഇടപെടലുകൾ നടത്താത്തതിരുന്നാൽ ഇവയിൽ ഒരിനം 2080-ഓടെ എന്നെന്നേക്കുമായി ഇല്ലാതാകും എന്നാണ് ഗവേഷകർ പറയുന്നത്. ഇവയുടെ കട്ടിയേറിയ പഴങ്ങളിൽനിന്ന് വിത്തുകൾ ചവച്ചുതുപ്പിയിരുന്ന മൃഗങ്ങൾ മഡഗാസ്‌കറിൽനിന്ന് അപ്രത്യക്ഷമായതും കാലാവസ്ഥ വ്യതിയാനവുമാണ് വംശനാശ ഭീഷണിക്ക് പിന്നിലെന്നും പഠനങ്ങൾ പറയുന്നു.

ബയോബാബ് ഇനത്തിൽപെട്ട വൃക്ഷങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ ജനിതക പ്രത്യേകതകൾ ഏറ്റവും കുറഞ്ഞ അളവിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും പഠനങ്ങളിൽ പറയുന്നു. ഈ പ്രത്യേകതകളെ അടിസ്ഥാനമാക്കി നാശത്തിന്റെ വക്കിൽ നിൽക്കുന്ന ബെയോബാബ് വൃക്ഷ ഇനങ്ങളെ രക്ഷിക്കാനുള്ള വഴികൾ തേടുകയാണ് ഗവേഷകർ ഇപ്പോൾ.