പണക്കാരിൽനിന്ന് പിടിച്ചുപറിച്ച് പാവങ്ങൾക്ക് വിതരണം ചെയ്ത് ഹീറോയായ കള്ളൻ റോബിൻ ഹുഡിനും സംഘത്തിനും തണലായിരുന്ന ഓക്കുമരമുത്തശ്ശി മരിച്ചു. യൂറോപ്പിലെത്തന്നെ ഏറ്റവും പ്രായം കൂടിയതും വലുതും പ്രിയപ്പെട്ടതുമായ മരമാണ് ആയിരം വർഷത്തിലധികംനീണ്ട ജീവിതത്തിനുശേഷം മരണത്തിനു കീഴടങ്ങിയത്.

To advertise here,

ഈ വസന്തത്തിൽ ഇലകിളിർക്കാത്തതാണ് മരണം സ്ഥിരീകരിക്കാൻ കാരണം. റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്‌സ് ആണ് വിവരം അറിയിച്ചത്. മാറുന്ന കാലാവസ്ഥയുടെയും ജനങ്ങളുടെ 'സ്നേഹ'ത്തിന്റെയും ഫലമായാണ് മരത്തിന്റെ 'അകാല' മരണമെന്നാണ് കരുതുന്നത്. വർഷം ലക്ഷക്കണക്കിനുപേരാണ് മരം സന്ദർശിച്ചുവന്നത്. ഇവരുടെ കാലടിയിൽപ്പെട്ട് മരത്തിനു ചുറ്റുമുള്ള മണ്ണ് ഉറച്ചുപോയതും ആവശ്യമായ മഴവെള്ളം കിട്ടാതായതും മരണം വേഗത്തിലാക്കിയിരിക്കാമെന്ന് കരുതുന്നു.

ഇംഗ്ലണ്ടിലെ നോട്ടിങ്ങാം ഷെയറിലുള്ള ഷെർവുഡ് കാട്ടിലാണ് മരം. 11 മീറ്റർ ചുറ്റളവുള്ള തടിയും 28 മീറ്ററോളം പരന്നുകിടക്കുന്ന മേലാപ്പും ചേർന്ന് ഒട്ടേറെ നാടോടികഥകൾക്ക് പ്രചോദനമായിട്ടുണ്ട് ഈ മരം. നോട്ടിങ്ങാമിലെ കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ പിടിയിലകപ്പെടാതിരിക്കാൻ ഓടിനടന്നിരുന്ന റോബിൻ ഹുഡിനും സംഘത്തിനും ഓക്ക് ഒളിയിടമായെന്നും കരുതപ്പെടുന്നു.

ചരിത്രകാരനായ മേജർ ഹെയ്മൻ റൂക്കാണ് 1790-ൽ തൻ്റെ പുസ്തകത്തിലൂടെ മരമുത്തശ്ശിയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തിന്റെ സ്മരണാർഥം മരത്തിന് 'മേജർ ഓക്ക്' എന്ന പേരും നൽകിയിരുന്നു.