കാക്കനാട്: കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും വേരറ്റു വീഴാൻ തുടങ്ങിയ 45 വയസ്സുകാരൻ വരിക്കപ്ലാവിന് ഒടുവിൽ ’വൃക്ഷായുർവേദ’ വിധിപ്രകാരം പുനർജന്മം. അര ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്, നാലര മണിക്കൂർ നീണ്ട ’സർജറി’ക്കൊടുവിലാണ് പ്ലാവിനെ പ്രകൃതിദത്ത മരുന്നുകൾ നൽകി അണിയിച്ചൊരുക്കിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠന്റെ കാക്കനാട്ടെ വീട്ടിലെ പ്ലാവിനാണ് ഈ അപൂർവ ചികിത്സ നൽകിയത്.

To advertise here,

അമ്മയുടെ ഓർമ്മപ്പൂവ്

വെറും ഒരു പ്ലാവല്ല ഇത്, മക്കൾക്കിത് അമ്മയുടെ ജീവനുള്ള ഓർമ്മയാണ്. പ്രശസ്തമായ ‘ചക്കപ്പാചകം’ എന്ന പുസ്തകമെഴുതിയ, ചക്കയെയും പ്ലാവുകളെയും സ്‌നേഹിച്ച സാവിത്രി അന്തർജനത്തിന്റെ കൈപ്പുണ്യമാണ് ഈ വരിക്കപ്ലാവ്. അമ്മ നട്ടുനനച്ചു വളർത്തിയ പ്ലാവ് ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ കാറ്റിൽ ഒരു വശത്തേക്ക് ചരിഞ്ഞു. പ്രധാന വേരുകളെല്ലാം അറ്റുപോയ പ്ലാവ് വെട്ടിമാറ്റാൻ പലരും ഉപദേശിച്ചെങ്കിലും പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സി.ആർ. നീലകണ്ഠനും ഭാര്യയും എഴുത്തുകാരിയുമായ വി.എം. ഗിരിജയും അതിന് തയ്യാറായില്ല.

അമ്മയുടെ ഓർമ്മയെയും ഒപ്പം ഒരു ജീവനെയും നിലനിർത്താൻ അവർ വൃക്ഷവൈദ്യന്റെ സഹായം തേടി. കോട്ടയം സ്വദേശിയായ വൃക്ഷവൈദ്യൻ കെ. ബിനുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്ലാവിനെ രക്ഷിക്കാൻ എത്തിയത്. നാല് ഘട്ടങ്ങളായുള്ള ചികിത്സയാണ് മരത്തിന് നൽകിയത്.

ചികിത്സ ഇങ്ങനെ
മരം കഴുകി വൃത്തിയാക്കിയ ശേഷം വിഴാലരിയും അരിപ്പൊടിയും പശുവിൻപാലിൽ കുഴച്ച് ഒരാൾപ്പൊക്കത്തിൽ മരത്തിൽ തേച്ചുപിടിപ്പിച്ചു. മരത്തിന്റെ ചുവട്ടിലെ മണ്ണ്, ചിതൽപ്പുറ്റ് മണ്ണ്, വിഴാലരി, നാടൻ പശുവിന്റെ പാലും നെയ്യും, ചെറുതേൻ, കദളിപ്പഴം, രാമച്ചം, ഭസ്മം എന്നിവയുൾപ്പെടെയുള്ള 14 തരം പ്രകൃതിദത്ത കൂട്ടുകൾ ചേർത്തുള്ള പ്രത്യേക ഔഷധം ഒരാൾപ്പൊക്കത്തിൽ വീണ്ടും പൂശി.

ഇതിനു മുകളിലായി ’തരു ലേപനം’ എന്ന പ്രത്യേക ആയുർവേദ കൂട്ട് പുരട്ടി. മരുന്നുകൾ ഒലിച്ചുപോകാതിരിക്കാനും മരത്തിന് ബലം നൽകാനുമായി പുതിയ കോടിത്തുണികൾ കൊണ്ട് മരത്തെ പൂർണമായി ചുറ്റിക്കെട്ടി. ഓരോ വൃക്ഷത്തിന്റെയും രോഗാവസ്ഥയും വലുപ്പവും നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നതെന്ന് വൃക്ഷവൈദ്യൻ കെ. ബിനു പറഞ്ഞു.