"ഒരു സ്ത്രീ ജയിലിൽ എത്തുമ്പോൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവളെ പൂർണ്ണ നഗ്നയാക്കുന്നു. ഒരു മനുഷ്യന് കോടതി ശിക്ഷ വിധിക്കുമ്പോൾ തന്നെ അയാൾക്കുള്ള ശിക്ഷയായിക്കഴിഞ്ഞു. പിന്നെന്തിനാണ് മനുഷ്യശരീരത്തെ ഇത്തരത്തിൽ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നത്? ഈ ലോകത്ത് ജനിക്കുന്ന ഓരോ മനുഷ്യന്റെയും ലക്ഷ്യം എന്താണ്? മാനവികതയെ അല്പം കൂടി ഉന്നതിയിലേക്ക് നയിക്കുക എന്നതല്ലേ?"
നാല് ചുമരുകൾക്കുള്ളിലെ ഏകാന്തതയ്ക്കിടെ, ജയിലിലെ നരകയാതനകൾക്കിടെ സ്നേഹലത റെഡ്ഡി എഴുതിയ ഡയറിക്കുറിപ്പുകളിലെ വരികളാണ്... 'എ പ്രിസൺ ഡയറി'. അതിനെ ആസ്പദമാക്കി അരങ്ങിലെത്തിയ നാടകം പക്ഷേ വിവാദമായി. അതും സ്നേഹലതയ്ക്ക് ജയിലിൽ നേരിടേണ്ടിവന്ന അതിക്രൂരമായ കസ്റ്റഡി പീഡനങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒരു രംഗത്തിൽ ബ്ലൗസും ഷോർട്സുമിട്ട് അഭിനയിച്ചതിന്റെ പേരിൽ.
ഈ വിവാദങ്ങൾക്കിടെ വീണ്ടും ചർച്ചയാവുകയാണ് സ്നേഹലത റെഡ്ഡി എന്ന പേരും അവരുടെ അനുഭവങ്ങളും. അടിയന്തരാവസ്ഥക്കാലത്ത് ധീരമായ നിലപാടുകൾ സ്വീകരിച്ച, അതിന്റെ പേരിൽ ക്രൂരമായ ഭരണകൂട പീഡനങ്ങൾ ഏറ്റുവാങ്ങി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സ്നേഹലത റെഡ്ഡി.
എഴുത്തുകാരി, നർത്തകി, സാമൂഹിക പ്രവർത്തക, അഭിനേത്രി, നിർമാതാവ്... വിശേഷണങ്ങളൊരുപാടുണ്ട് സ്നേഹലത റെഡ്ഡിക്ക്. പങ്കാളി കവിയും ചലച്ചിത്ര സംവിധായകനുമായ പട്ടാഭി രാമ റെഡ്ഡി. സോഷ്യലിസ്റ്റ് നേതാവായ ഡോ. രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ഉറച്ചുവിശ്വസിച്ച സോഷ്യലിസ്റ്റ് ദമ്പതികൾ. നാടക ഗ്രൂപ്പുകൾ കൊണ്ടുവന്ന് അവർ കലയെ പരിപോഷിപ്പിച്ചു.
ചെന്നൈയിലെ നാടക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന മദ്രാസ് പ്ലെയേഴ്സ് എന്ന അമച്വർ നാടക ഗ്രൂപ്പിന്റെ സഹസ്ഥാപക. ബംഗളൂരുവിലെ 'അഭിനയ' നാടക ഗ്രൂപ്പിന്റെ സ്ഥാപക. യു.ആർ. അനന്തമൂർത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത സംസ്കാര എന്ന പ്രശസ്ത കന്നഡ ചിത്രത്തിലെ നായിക വേഷം ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ നേടികൊടുത്തു. ജാതി വിവേചനത്തെ ചോദ്യം ചെയ്തുള്ള ചിത്രം ആ കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി.
ഇതിനൊക്കെ പുറമെ സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയാന് മടിയില്ലാത്ത, നിലപാടുള്ള സ്ത്രീ. കൊളോണിയലിസത്തോടുള്ള ശക്തമായ എതിർപ്പ് കാരണം 'ജോയ്സ് പട്രീഷ്യ പവൽ' എന്ന സ്വന്തം പേര് വിദ്യാഭ്യാസ കാലത്തേ തിരുത്തിയെഴുതി. പിന്നീട് വലിയ പൊട്ടും ഇന്ത്യൻ വസ്ത്രങ്ങളും മാത്രം ഉപയോഗിച്ചു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അവർ അതിനെ ശക്തമായി എതിർത്തു. അന്ന് സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള ഭൂഗർഭ പ്രസ്ഥാനത്തിന്റെ ഭാഗമായി. അക്രമരഹിതമായ പോരാട്ടത്തിലായിരുന്നു വിശ്വാസം. എന്നിട്ടും 1976 മെയ് ആദ്യവാരം കരിനിയമമായ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ എതിരാളികളെ വിചാരണ കൂടാതെ തടവിലിടാൻ ഇന്ദിരാഗാന്ധി സർക്കാർ ഉപയോഗിച്ചിരുന്ന നിയമാണ് Maintenance of Internal Security Act എന്ന മിസ. 1978-ൽ റദ്ദാക്കിയ നിയമം. അതാണ് ഇന്ന് വിവാദമായ നാടകത്തിന്റെയും പേര്.
ഭൂഗർഭ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി, ബറോഡ ഡൈനാമിറ്റ് കേസിന്റെ പേരിലാണ് സ്നേഹലതയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ കേസിന്റെ അന്തിമ കുറ്റപത്രത്തിൽ അവരുടെ പേര് ഉണ്ടായിരുന്നില്ല. George Fernandesുമായുള്ള അടുത്ത ബന്ധത്തിന്റെയും അദ്ദേഹത്തിന്റെ underground network-നെ സഹായിച്ചുവെന്ന അന്വേഷണ ഏജൻസികളുടെ സംശയത്തിന്റെയും പേരിൽ മാത്രമാണ് അവർ തടവിലാക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത്, യാതൊരുവിധ വിചാരണയുമില്ലാതെയുള്ള അറസ്റ്റും എട്ട് മാസം കാലം നീണ്ട ജയിൽവാസവും.
ബംഗളൂരു സെൻട്രൽ ജയിലിൽ എട്ട് മാസത്തോളം തടവിലായിരുന്നു അവർ. മിസ നിയമപ്രകാരം തടവിലാവുന്നവർക്ക് ഭക്ഷണം വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നെങ്കിലും ബംഗളൂരു ജയിലിൽ സ്ത്രീകൾക്കായി അത്തരം സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവരെ പാർപ്പിച്ചത് സാധാരണക്കാരായ ക്ലാസ് സി തടവുകാർക്കൊപ്പമായിരുന്നു. അവിടെ സ്ത്രീ തടവുകാർ ദിവസം മുഴുവൻ ധാന്യങ്ങൾ വൃത്തിയാക്കുന്ന ജോലി ചെയ്യണമായിരുന്നു. പൊടിയും കഠിനമായ അധ്വാനവും അവരുടെ കുട്ടിക്കാലം മുതലുള്ള ആസ്ത്മ രോഗം അങ്ങേയറ്റം വഷളാക്കി. ഒടുക്കം കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം അവർക്ക് പ്രത്യേക സെൽ അനുവദിച്ചു. അതാണെങ്കിൽ ഒരു ഇടുങ്ങിയ തടവറയും.
ആസ്ത്മ അധികമാവുമ്പോൾ ഗാർഡിനെ ആദ്യം ബെല്ലടിച്ച് വിളിക്കണം. ഗാർഡ് വന്ന് സെൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഡോക്ടറെ വിളിക്കൂ. ഈ കാലതാമസം കാരണം അവർ രണ്ടുതവണ ജയിലിൽ വെച്ച് കോമയിലായി. ദിവസേന ചികിത്സയും injections-ഉം എടുക്കേണ്ടി വന്നു. ശാരീരികമായി തളർന്ന അവരെ, മാനസികമായും ജയിൽ വാർഡന്മാർ ഇല്ലാതാക്കാൻ ശ്രമിച്ചു. ഇതിനായി കുടുംബാംഗങ്ങൾ കാണാൻ വരുന്നില്ലെന്ന് കള്ളം പറഞ്ഞു, അവരെ കാണാനെത്തിയവരെ അതിന് സമ്മതിച്ചതുമില്ല.
പകൽ സമയത്തും ബോധപൂർവ്വം പൂട്ടിയിടുന്നു. എനിക്ക് കഠിനമായ രോഗാവസ്ഥ വരുമ്പോൾ സഹായം തേടി പോകാതിരിക്കാൻ വാർഡന്മാർക്ക് ഓഫീസ് നിർദ്ദേശമുണ്ട്... എന്നെ കൊല്ലാൻ പോകുകയാണെന്ന് അവർക്ക് തുറന്നു പറഞ്ഞുകൂടേ? അതായിരിക്കും കൂടുതൽ സത്യസന്ധത - സ്നേഹലതയുടെ ഡയറികുറിപ്പുകൾ അവർ അനുഭവിച്ച പീഡനങ്ങളോരോന്നും കൃത്യമായി വരച്ചിടുന്നുണ്ട്.
സ്വന്തം ജീവൻ അപകടത്തിലായിരിക്കുമ്പോഴും സ്നേഹലതയുടെ പോരാട്ടവീരം അവസാനിച്ചില്ല. തടവുകാരികളായ സ്ത്രീകളെ വാർഡന്മാർ ക്രൂരമായി മർദ്ദിക്കുന്നത് തടഞ്ഞു. സഹതടവുകാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും, മികച്ച ഭക്ഷണത്തിനും ശുചിത്വത്തിനും വേണ്ടി അവർ ജയിലിൽ പോരാടി. നിരാഹാര സമരം നടത്തി. ഒരുപരിധിവരെ ആ സമരങ്ങളെല്ലാം ഫലം കണ്ടു. തടവുകാരുടെ മാനസിക സംഘർഷം കുറയ്ക്കാനായി അവർ പാട്ടുകള് പാടിച്ചു. നാടകങ്ങൾ കളിപ്പിച്ചു.
ഇതിനിടെ സ്നേഹലതയുടെ ആരോഗ്യം പൂർണമായി നശിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് 'മാപ്പ് അപേക്ഷിച്ചാൽ' വിട്ടയയ്ക്കാമെന്ന് ഒരു കുടുംബസുഹൃത്ത് വഴി സ്നേഹലതയ്ക്ക് വിവരം ലഭിച്ചു. എന്നാൽ അതിന് അവർ തയ്യാറായില്ല. തെറ്റൊന്നും ചെയ്തിട്ടില്ലാത്തപ്പോൾ എന്തിന് മാപ്പ് പറയണമെന്നായിരുന്നു സ്നേഹലതയുടെ ധീരമായ മറുപടി. എന്തായാലും കസ്റ്റഡി മരണം ഉണ്ടാവുമെന്ന് പൂർണബോധ്യമായപ്പോൾ അധികൃതർ അവരെ 1977 ജനുവരി 15-ന് പരോളിൽ വിട്ടയച്ചു. ദിവസങ്ങൾക്കകം അധികൃതരുടെ അനുമാനം ശരിയായി, സ്നേഹലത റെഡ്ഡിയുടെ ജീവിതം എന്നന്നേക്കുമായി അവസാനിച്ചു.
ജയിലിലെ പീഡനങ്ങൾ കാരണം അവരുടെ ആരോഗ്യം പൂർണ്ണമായി നശിച്ചു. ഒടുക്കം കസ്റ്റഡി മരണം ഒഴിവാക്കാൻ വേണ്ടി 1977 ജനുവരി 15-ന് പരോളിൽ വിട്ടയച്ചു. പരോളിലിറങ്ങി അഞ്ചാം ദിവസം അവർ ലോകത്തോട് വിടപറഞ്ഞു. അടിയന്തരാവസ്ഥയുടെ ആദ്യത്തെ രക്തസാക്ഷികളിലൊരാളാണ് സ്നേഹലത റെഡ്ഡി.
സ്നേഹലതയുടെ ജീവിതം, അതിനൊപ്പം അക്കാലത്തെ രാഷ്ട്രീയ അടിച്ചമർത്തലുകൾ, തൊഴിലാളി ചൂഷണം, വിയോജിപ്പുകളെ അടിച്ചമർത്തൽ ഇതായിരുന്നു കോഴിക്കോട് ആസ്ഥാനമായുള്ള 'ചിലങ്ക ഫ്ലോട്ടിങ് തിയേറ്റർ' രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ച നാടകത്തിന്റെ ഇതിവൃത്തം. കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലെ ഡിവൈഎഫ്ഐ സമ്മേളനങ്ങളിലും കർഷകസംഘം സമ്മേളനങ്ങളിലുമായി ഇതിനുമുമ്പ് എട്ട് തവണ ഈ നാടകം വേദിയിലെത്തിയിരുന്നു. പക്ഷേ തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
നാടക രംഗത്തിന്റെ ഒരു ചെറിയ വീഡിയോ ഭാഗം മാത്രം റെക്കോർഡ് ചെയ്ത്, മറ്റൊരു ബാക് ഗ്രൗണ്ട് മ്യൂസിക് ചേർത്ത് ഇതൊരു അശ്ലീല നൃത്തമാണെന്ന രീതിയിൽ ബി.ജെ.പി, കോൺഗ്രസ്, സംഘപരിവാർ പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നാണ് ഡിവൈഎഫ്ഐ നേതാക്കള്് ആരോപിക്കുന്നത്. ഇത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും അശ്ലീല കമന്റുകൾക്കും കാരണമായി.
സ്നേഹലത റെഡ്ഡിയെ അവതരിപ്പിച്ച ചിന്നുസ് ചിലങ്ക ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇത് ധാർമ്മികതയുടെ പ്രശ്നമല്ലെന്നും നാടകത്തിലെ രാഷ്ട്രീയ സന്ദേശത്തെ ഭയന്ന് അതിനെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും അവർ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സൈബർ ആക്രമണങ്ങളെ ധാർമ്മിക ഗുണ്ടായിത്തമെന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രതിഷേധങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയെന്നോണം സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 22 ശനിയാഴ്ച നാടകം വീണ്ടും വേദിയിൽ കളിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlights: A play based on Snehalatha Reddy's 'A Prison Diary' sparked massive controversy and cyber attacks over a symbolic custody torture scene. Snehalatha Reddy was a multi-faceted artist, activist, and socialist who fiercely opposed the 1975 Emergency declared by Indira Gandhi. She was imprisoned under the MISA act in Bangalore Central Jail for 8 months without trial due to her association with George Fernandes.
Published: 22 Aug 2026, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented