കൊച്ചി: തന്റെ വീടിനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന അയൽവാസിയുടെ പുരയിടത്തിലെ വൻമരങ്ങൾ മുറിച്ചുനീക്കാനായി 92-കാരനായ സി.ജെ. മാത്യൂസിന് ഓഫീസുകൾ കയറിയിറങ്ങേണ്ടിവന്നത് ഒൻപത് വർഷം. അവസാനം അഭയം തേടി ഹൈക്കോടതിയിലെത്തിയപ്പോൾ ഒരു മാസത്തിനകം വൻമരങ്ങൾ മുറിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷനോട് നിർദേശിച്ച് ഉത്തരവായി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പ്രതിരോധമന്ത്രാലയത്തിൽനിന്ന് വിരമിച്ച ഹർജിക്കാരനെ അദ്ദേഹത്തിന്റെ ന്യായമായ ആവശ്യത്തിനായി വർഷങ്ങളോളം ഓഫീസുകൾ കയറ്റിയിറക്കിയ നടപടി നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പള്ളുരുത്തി സ്വദേശിയാണ് ഹർജിക്കാരൻ. രാമേശ്വരം വില്ലേജിൽ 4.2 സെന്റ് സ്ഥലത്താണ് വീട്. വീടിന്റെ തെക്കുവശത്തെ ഏഴ് സെന്റ് സ്ഥലമാണ് കാടുകയറിക്കിടക്കുന്നത്. ആ സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി ചില തർക്കങ്ങൾ ഉണ്ട്. അതോടെ ആരും ശ്രദ്ധിക്കാതായി. ഭൂമിയാകെ കാടുപിടിച്ചു. പാമ്പടക്കമുള്ള ഇഴജന്തുക്കൾ നിറഞ്ഞു. സ്ഥലത്തിന്റെ അതിർത്തിയിലുളള വൻമരങ്ങൾ ഹർജിക്കാരന്റെ വീടിനടക്കം ഭീഷണിയായി. തുടർന്ന് ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ.യ്ക്ക് പരാതി നൽകി. നടപടി സ്വീകരിക്കാൻ ആർ.ഡി.ഒ. കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. എന്നാൽ, പ്രശ്നപരിഹാരം ഉണ്ടായില്ല.
ഇതിനു ശേഷം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് ജില്ലാ കളക്ടറെ സമീപിച്ചു. നടപടി സ്വീകരിക്കാൻ കളക്ടർ കൊച്ചി കോർപ്പറേഷനോട് പറഞ്ഞു. കോർപ്പറേഷനിൽ നിന്നെത്തിയ ഏതാനും തൊഴിലാളികൾ സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു. പക്ഷേ, വൻമരങ്ങളിൽ തൊട്ടില്ല. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്. ഉടമസ്ഥത സംബന്ധിച്ച തർക്കം ഉള്ളതിനാൽ ഇവിടെ കയറാനാകില്ലെന്നാണ് സ്ഥലമുടമ അറിയിച്ചത്. എന്നാൽ, അടിയന്തര ആവശ്യമെന്ന് കണ്ടെത്തിയാൽ ഉടമയെ അറിയിക്കാതെ തന്നെ കോർപ്പറേഷന് മരങ്ങൾ വെട്ടിനീക്കാൻ അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും തൊണ്ണൂറു പിന്നിട്ട പൗരനെ വലച്ച കോർപ്പറേഷന്റെ നടപടി നാണക്കേടാണ്. തുടർന്നാണ് ഒരു മാസത്തിനകം മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ച് ഉത്തരവിട്ടത്. ഇക്കാര്യം ജില്ലാ കളക്ടറും ആർ.ഡി.ഒ.യും ഉറപ്പാക്കണം. ഒൻപത് വർഷത്തോളം പിന്മാറാതെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരന്റെ വീറിനെ അഭിനന്ദിച്ച് 'കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുൻപിൽ തലകുനിക്കാത്ത ശീലമെൻ യൗവനം എന്ന ടി.എസ്. തിരുമുമ്പിന്റെ കവിതയിലെ വരികളും കോടതി ഉദ്ധരിച്ചു.
Content Highlights: A 92-year-old man`s nine-year struggle to remove dangerous trees from a neighbor`s property ends with a High Court order. Learn how he achieved justice.
Published: 10 Feb 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented