'അമ്മാവൻ ആണെന്റെ റോൾ മോഡൽ. സിനിമയിൽ കാണുന്നത് അദ്ദേഹത്തെയാണ്. ആ സിനിമകൾ കണ്ടാണ് വളർന്നത്. അങ്ങനെയാണ് സിനിമാ മോഹം ഉള്ളിൽ കയറിയത്...' പറയുകയാണ് നടൻ അഷ്കർ സൗദാൻ. മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കണ്ട് വളർന്ന താൻ സിനിമയിലേക്ക് എത്തുമ്പോൾ അമ്മാവന്റെ പേര് ചീത്തയാക്കരുതെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്ന് പറയുന്നു അഷ്കർ. കേസ് ഡയറി എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സഹതാരമായ നീരജയ്ക്കൊപ്പം Talkies ൽ പങ്കുവയ്ക്കുകയാണ് അഷ്കർ.

കേസ് ഡയറിയിൽ ക്രിസ്റ്റി സാം പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. കാക്കിയും തൊപ്പിയും ധരിച്ച് വന്നപ്പോൾ ആദ്യം മനസില‍്‍ വന്നത് അമ്മാവൻ ചെയ്ത് വച്ച പോലീസ് കഥാപാത്രങ്ങളായിരുന്നു. ആൽബങ്ങളിലൂടെയും സീരിയലുകളിലൂടെയും സഹതാരവുമായൊക്കെയാണ് സിനിമയുടെ ഭാഗമായത്. മമ്മൂട്ടി എന്ന പേരിന്റെ പിൻബലം സിനിമയിൽ ബഹുമാനം തന്നിട്ടുണ്ട്. പക്ഷേ നമുക്ക് മീതേ അതൊരു ഭാരവും കൂടിയാണ്. കാരണം നമ്മൾ ചെയ്തത് ശരിയായില്ല, കൊള്ളില്ല എന്നൊക്കെ പറയുമ്പോൾ അമ്മാവന്റെ പേരിനാണ് മോശം വരുന്നത്. നിങ്ങളുടെ മരുമകൻ മോശമായിട്ടാണല്ലോ അഭിനയിച്ചത് എന്ന് അവരെ കേൾപ്പിക്കാതിരിക്കാൻ വലിയ പാടാണ്.

മാമച്ചിയെ ഒക്കെ ചാൻസ് ചോദിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. സിനിമയിലേക്ക് പോകാതെ വേറെ ഏതെങ്കിലും ജോലിക്ക് പോകാനാണ് വീട്ടിൽ നിന്ന്  പറഞ്ഞത്. മാമച്ചി സൂപ്പർസ്റ്റാറായത് മാമച്ചിയുടെ കഴിവ് കൊണ്ടല്ലേ. വീട്ടുകാർ നോക്കുമ്പോൾ എനിക്കങ്ങനെ കഴിവൊന്നമില്ല, അപ്പോൾ അതല്ലേ അവർ പറയൂ.. പക്ഷേ ചെയ്യുന്ന കാര്യങ്ങൾ വൃത്തിയായിട്ട് ചെയ്യുക എന്നായിരുന്നു മാമച്ചിയുടെ ഉപദേശം.

ലാലേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെ കാണാനായി തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോസിന്റെ ഓഫീസിൽ ഞാൻ പോയിട്ടുണ്ട്. അതൊരു ഫാൻ ബോയ് മൊമന്റ് ആണ്. മറക്കാൻ പറ്റില്ല. അഷ്കർ പറയുന്നു. 

To advertise here,