'നിങ്ങൾ എന്തിനാണ് ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തത്', പൈലറ്റുമാരിൽ ഒരാൾ ചോദിച്ചു. 'ഞാൻ അങ്ങനെ ചെയ്തിട്ടില്ല', മറ്റേയാൾ മറുപടി നൽകി. ജൂൺ 12-ന് എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകരുന്നതിന് തൊട്ടുമുൻപുള്ള ഈ സംഭാഷണം ഫ്ലൈറ്റ് ഓഡിയോ റെക്കോർഡറിൽ നിന്നാണ് വീണ്ടെടുത്തത്. അപകടംനടന്ന് കൃത്യം ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫ് ഇന്ത്യ (AAIB) പങ്കുവെച്ച ഇടക്കാല റിപ്പോർട്ടിലായിരുന്നു ഈ വെളിപ്പെടുത്തൽ. ഈ റിപ്പോർട്ട് നിരവധി ചോദ്യങ്ങൾക്കും ഒപ്പം കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാരണമായിരിക്കുകയാണ്. നിർണായക നിമിഷങ്ങളിലെ വീഡിയോ ദൃശ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുമ്പോൾ എന്തിന് ഓഡിയോയെ മാത്രം ആശ്രയിക്കണമെന്നതാണ് ഉയരുന്ന ചോദ്യം.  

To advertise here,

ഇത്രയധികം അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുള്ള വിമാനങ്ങളിൽ, നിർണായക സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളും നടപടികളും രേഖപ്പെടുത്താൻ കഴിയുന്ന ക്യാമറകൾ കോക്ക്പിറ്റുകളിൽ എന്തുകൊണ്ട് സ്ഥാപിച്ചുകൂടാ എന്നാണ് പലരും ചോദിക്കുന്നത്.നിലവിലുള്ള വയറിങ് സംവിധാനവും വിമാനങ്ങൾക്ക് ശരാശരി ഒരു ദശാബ്ദത്തോളം പഴക്കമുള്ളതുകൊണ്ടും പഴയ കോക്ക്പിറ്റുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നത് ചിലപ്പോൾ ഒരു വെല്ലുവിളിയായിരിക്കാം. എന്നാൽ പുതിയ വിമാനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാവില്ല. വിമാനാപകടങ്ങൾ അന്വേഷിക്കുന്ന ഒരു സ്വതന്ത്ര യുഎസ് സർക്കാർ ഏജൻസിയായ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) ഏകദേശം 25 വർഷം മുൻപ് കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾക്കായി ആവശ്യമുന്നയിച്ചിരുന്നു. 

'കാറുകളിലും ട്രക്കുകളിലും ക്യാമറകൾ സ്ഥാപിക്കാമെങ്കിൽ, വിമാനങ്ങളിൽ എന്തുകൊണ്ട് സാധ്യമല്ല'? അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾ ഈ ചോദ്യമാണ് ഉന്നയിക്കുന്നത്.കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം പൈലറ്റുമാർ തന്നെയാണ്. കടുത്ത സമ്മർദ്ദ സാഹചര്യങ്ങളിൽ പൈലറ്റുമാർ സ്വതന്ത്രമായി പെരുമാറുമെന്നതിനാൽ കോക്ക്പിറ്റിലെ ദൃശ്യങ്ങൾ സ്വകാര്യതയെ ലംഘിക്കുമെന്നും മുതിർന്ന പൈലറ്റുമാരുടെ നിരീക്ഷണങ്ങളെയും തീരുമാനങ്ങളെയും ജൂനിയർ പൈലറ്റുമാർ ചോദ്യം ചെയ്യുന്നതിനെ ഇത് തടസ്സപ്പെടുത്തുമെന്നും അവർ വാദിക്കുന്നു. എയർലൈൻ കമ്പനികൾ തങ്ങളെ നിരീക്ഷിക്കാൻ ക്യാമറകൾ ഉപയോഗിക്കുമോ എന്നും പൈലറ്റുമാർക്ക് ഭയമുണ്ട്.

ചില സന്ദർഭങ്ങളിൽ ഫ്ലൈറ്റ് റെക്കോർഡറുകളിൽനിന്നുള്ള ഓഡിയോ ചോർന്നതുപോലെ, വിമാനാപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്താവുകയും അത് ഇരകളുടെ ബന്ധുക്കൾക്ക് മാനസികാഘാതം ഉണ്ടാക്കുകയും ചെയ്യുമെന്ന ഭയവുമുണ്ട്. കോക്ക്പിറ്റ് ക്യാമറകളോടുള്ള എതിർപ്പ് പ്രധാനമായും യുഎസിൽ നിന്നാണ്. വ്യോമയാന വ്യവസായത്തിൻ്റെ വലുപ്പവും പൈലറ്റുമാരുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ അവിടെ അവർക്ക് വലിയ സ്വാധീനമുണ്ട്. 

കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകളോടുള്ള പൈലറ്റുമാരുടെ മറ്റൊരു എതിർപ്പ്, നിർണ്ണായക സാഹചര്യങ്ങളിൽ അവർക്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കെതിരായി ചില കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്നതും ക്യാമറ ആ നീക്കങ്ങൾ രേഖപ്പെടുത്തുമെന്നതുമാണ്. ക്യാമറകൾ നിരീക്ഷണ ഫലം (observer effect) ഉണ്ടാക്കുന്നുവെന്നും അബോധമനസ്സിൽ അതുള്ളപ്പോൾ തങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും പൈലറ്റുമാർ വാദിക്കുന്നു.

എന്നാൽ, വാണിജ്യ വിമാനങ്ങളിൽ ഫ്ലൈറ്റ് വീഡിയോ റെക്കോർഡർ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. കാരണം, ഫ്ലൈറ്റ്റഡാർ 24 (Flightradar24), ജസ്റ്റ് പ്ലെയിൻസ് (Just Planes), ഏവിയേഷൻ അട്രാക്റ്റ് (Aviation Attract) പോലുള്ള ഏവിയേഷൻ സൈറ്റുകളുടെ യൂട്യൂബ് ചാനലുകളിൽ മണിക്കൂറുകളോളം ദൈർഘ്യമുള്ള, കോക്ക്പിറ്റിൽ നിന്നുള്ള വീഡിയോകൾ പൈലറ്റുമാർ തന്നെ പങ്കുവെക്കാറുണ്ട്. കൂടാതെ, ചൈനയിൽ നിർമിക്കുന്ന വാണിജ്യ വിമാനങ്ങളുടെ കോക്ക്പിറ്റുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ബെയ്ജിങ് ഒരുങ്ങുകയാണ്. യഥാർഥത്തിൽ, കോക്ക്പിറ്റിൽ വീഡിയോ റെക്കോർഡർ ഇല്ലാത്ത വിഷയം അടിസ്ഥാനപരമായി സ്വകാര്യതയും സുരക്ഷയും തമ്മിലുള്ള തർക്കമായി മാറുകയാണ്.

വിമാനങ്ങളിലെ ബ്ലാക്ക് ബോക്സും കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകളും

കോക്ക്പിറ്റ് വോയിസ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും ഒരു വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിൻ്റെ ഭാഗമാണ്. അപകടങ്ങളെ അതിജീവിക്കാൻ കഴിയുന്ന ശക്തമായ പുറംചട്ടയോടെ നിർമിച്ചതും തകർന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് എളുപ്പത്തിൽ കണ്ടെത്താനായി ഓറഞ്ച് നിറം നൽകിയതുമായ ബ്ലാക്ക് ബോക്സുകൾ വിമാനാപകട അന്വേഷണങ്ങളിൽ നിർണായകമാണ്. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിമാനത്തിൻ്റെ സെൻസറുകളിൽനിന്നുള്ള നൂറുകണക്കിന് പാരാമീറ്ററുകൾ രേഖപ്പെടുത്തുമ്പോൾ, കോക്ക്പിറ്റ് വോയിസ് റെക്കോർഡർ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളും എയർ ട്രാഫിക് കൺട്രോളുകളുമായുള്ള (ATC) സംഭാഷണങ്ങളും മറ്റ് ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്നു.

ഒരു ബോയിംഗ് 787-8 ഡ്രീംലൈനറിൽ രണ്ട് ബ്ലാക്ക് ബോക്സുകളുണ്ട്. ഒന്ന് മുൻവശത്തും മറ്റൊന്ന് പിന്നിലും. തകർന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറുകളും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറുകളും കണ്ടെടുത്തിരുന്നു. ഒന്ന് ജൂൺ 13-ന് അപകടസ്ഥലത്തെ കെട്ടിടത്തിൻ്റെ മുകളിൽനിന്നും മറ്റൊന്ന് ജൂൺ 16-ന് അവശിഷ്ടങ്ങളിൽനിന്നും കണ്ടെടുത്തുവെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. എൻ‌ടി‌എസ്‌ബിയുടെ സാങ്കേതിക സംഘവും എഎഐബി സംഘവും ചേർന്ന് എഎഐബി ലബോറട്ടറിയിൽ പരിശോധിക്കുന്നതിനായി ബ്ലാക്ക് ബോക്സുകൾ ജൂൺ 24-ന് അഹമ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നിരുന്നു. ഡാറ്റ പൂർണമായി അന്വേഷകർ ഡൗൺലോഡ് ചെയ്തുവെന്ന് ജൂൺ 26-ലെ റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ പരാമർശിച്ചിട്ടുള്ള 15 പേജുള്ള പ്രാഥമിക റിപ്പോർട്ട് ജൂലായ് 12-ന് എഎഐബി പുറത്തിറക്കി. കോക്ക്പിറ്റ് വോയിസ് റെക്കോർഡറിലെ വെളിപ്പെടുത്തലുകൾ അട്ടിമറി സാധ്യതയും പൈലറ്റുമാരുടെ ആത്മഹത്യയും ഉൾപ്പെടെ ഒന്നിലധികം സിദ്ധാന്തങ്ങൾക്ക് കാരണമായി.റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ, 800-ലധികം പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ALPA-India) അന്വേഷണത്തിൻ്റെ ദിശയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. എയർ ഇന്ത്യ വിമാനാപകട അന്വേഷണ സംഘത്തിൽ തങ്ങളുടെ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കുന്നത് പരിഗണനയിലാണെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ അറിയിച്ചു.

'കോക്ക്പിറ്റിലെ ഒരു സംഭാഷണത്തിൻ്റെ ഒരൊറ്റ വരി മനുഷ്യസഹജമായ പിഴവിൻ്റെ തെളിവല്ല, സ്വിച്ചുകൾ എന്തുകൊണ്ട് മാറി എന്നും, ആ പ്രവർത്തനം മനുഷ്യൻ്റെയോ യന്ത്രത്തിൻ്റെയോ ഇലക്ട്രോണിക് സംവിധാനത്തിൻ്റെയോ പിഴവാണോ എന്നും റിപ്പോർട്ടിൽ പറയുന്നില്ല', ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി ഏവിയേഷൻ ഓപ്പറേഷൻസിലെ സീനിയർ ലക്ചററായ മുൻ പൈലറ്റ് മാർക്കോ ചാൻ പറഞ്ഞതായി ഫ്രാൻസ്24 റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടതിനാൽ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന് ഊർജ്ജം നഷ്ടപ്പെട്ടപ്പോൾ പൈലറ്റുമാർ നേരിട്ട സാഹചര്യം മനസ്സിലാക്കാൻ ഒരു കോക്ക്പിറ്റ് വീഡിയോ റെക്കോർഡർ സഹായിക്കുമായിരുന്നു.

കോക്ക്പിറ്റ് വീഡിയോ നിരീക്ഷണം: എൻ‌ടി‌എസ്‌ബിയും പൈലറ്റ് യൂണിയനും

കോക്ക്പിറ്റിൽ ക്യാമറ എന്ന ആശയം പുതിയതൊന്നുമല്ല. 2024-ലെ ഏവിയേഷൻ ഇൻ്റർനാഷണൽ ന്യൂസ് (എഐഎൻ) പോർട്ടലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 'കാൻസസ് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു സംഭവം അന്വേഷിച്ചതിന് ശേഷം 1989-ൽ വിമാനാപകട അന്വേഷണ ഏജൻസിയായ എൻ‌ടി‌എസ്‌ബി ആദ്യമായി കോക്ക്പിറ്റ് വീഡിയോ നിരീക്ഷണ സംവിധാനം നിർദേശിച്ചു. 2003 മുതൽ എൻ‌ടി‌എസ്‌ബിയുടെ ഏറ്റവും ആവശ്യമുള്ളവയുടെ' പട്ടികയിൽ കോക്ക്പിറ്റ് ക്യാമറകൾ ഉണ്ട്. എന്നാൽ കോൺഗ്രസും എഫ്‌എഎയും ഇപ്പോഴും ഇത് നിർബന്ധമാക്കാൻ വിസമ്മതിക്കുന്നു', എഐഎൻ റിപ്പോർട്ടിൽ പറയുന്നു.

കോക്ക്പിറ്റ് ക്യാമറ സംവിധാനം നടപ്പിലാക്കാത്തതിന് പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ പൈലറ്റുമാരുടെ യൂണിയനായ എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ്റെ (ALPA) എതിർപ്പാണെന്ന് എഐഎൻ പറയുന്നു. യുഎസ് കോൺഗ്രസിൽ ഈ യൂണിയന് കാര്യമായ സമ്മർദ്ദ ശക്തി ഉണ്ടെന്നും പറയപ്പെടുന്നു.കുറഞ്ഞത് രണ്ട് പൈലറ്റ് യൂണിയനുകളെങ്കിലും സ്വകാര്യത, ഡാറ്റാ സുരക്ഷാ ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി ഈ നീക്കത്തെ എതിർക്കുക മാത്രമല്ല, ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നും വാദിച്ചു.

കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ

'ഒരു ക്യാമറയ്ക്ക് പകർത്താൻ കഴിയുന്നത് വളരെ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാനും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്', മുൻ പൈലറ്റും അപകട അന്വേഷകനുമായ ഡഗ് മോസ് 2014-ൽ Wired.com-നോട് പറഞ്ഞതാണിത്. 2014-ലെ Wired.com റിപ്പോർട്ട് അനുസരിച്ച്, 2000-ലാണ് എൻ‌ടി‌എസ്‌ബി ഔദ്യോഗികമായി കോക്ക്പിറ്റുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ആദ്യമായി നിർദേശിച്ചത്. അപകടത്തിന് തൊട്ടുമുമ്പും അപകടസമയത്തും കോക്ക്പിറ്റിനുള്ളിലെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷകർക്ക് നിർണായക വിവരങ്ങൾ നൽകാൻ വീഡിയോ ക്യാമറകൾക്ക് കഴിയും എന്ന് അതിൽ പറയുന്നു.

1999-ൽ നടന്ന ഈജിപ്ത് എയർ ഫ്ലൈറ്റ് 990-യുടെ അപകടം ഇക്കാര്യം ശരിയാണെന്ന് തോന്നിപ്പിക്കുന്നതാണ്. കെയ്റോ-ന്യൂയോർക്ക് വിമാനം അറ്റ്ലാൻ്റിക് സമുദ്രത്തിൽ തകർന്ന് 217 പേരാണ് അന്ന് മരിച്ചത്. ക്യാപ്റ്റൻ ശുചിമുറിയിൽ പോയപ്പോൾ ഫസ്റ്റ് ഓഫീസർ ഗാമിൽ അൽ-ബതൂത്തി ഓട്ടോപൈലറ്റ് വിച്ഛേദിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ സമയത്ത് വിമാനം കുത്തനെ താഴേക്ക് പതിക്കാനും തുടങ്ങി. ബ്രിട്ടാനിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിൽ ശൂന്യ ഗുരുത്വാകർഷണം (zero-gravity) അനുഭവപ്പെട്ടു.

അപകടത്തിന് കാരണം അൽ-ബതൂത്തിയുടെ പ്രവൃത്തികളാണെന്ന് എൻ‌ടി‌എസ്‌ബി കുറ്റപ്പെടുത്തിയപ്പോൾ, ഈജിപ്ഷ്യൻ അധികാരികൾ നടത്തിയ ഒരു സ്വതന്ത്ര അന്വേഷണത്തിൽ മനുഷ്യസഹജമായ പിഴവല്ല കാരണമെന്ന് വിധിച്ചു. അന്വേഷണങ്ങൾ ഒരു നിഗമനത്തിലെത്തിയില്ല. ഒരു കോക്ക്പിറ്റ് വീഡിയോ റെക്കോർഡർ ഉണ്ടായിരുന്നെങ്കിൽ പൈലറ്റ് വഹിച്ച പങ്കിനെക്കുറിച്ച് അന്വേഷകർക്ക് ഉറപ്പിക്കാമായിരുന്നു. പൈലറ്റ് അസോസിയേഷനുകളിൽനിന്ന് എതിർപ്പുണ്ടായാലും, ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും ആരോപണങ്ങളെയും പ്രതിരോധിക്കാൻ ഒരു കോക്ക്പിറ്റ് വീഡിയോ റെക്കോർഡർ യഥാർഥത്തിൽ സഹായിക്കും.

'പൈലറ്റ് യൂണിയനുകളും മറ്റ് ഗ്രൂപ്പുകളും കോക്ക്പിറ്റ് വീഡിയോ ക്യാമറകളെ പണ്ടേ എതിർക്കുന്നു. അപകട അന്വേഷകരോ വാർത്താ മാധ്യമങ്ങളോ ചിത്രങ്ങളോ ദൃശ്യങ്ങളോ ദുരുപയോഗം ചെയ്തേക്കാം എന്ന് അവർ വാദിക്കുന്നു," 2015-ലെ ടൈം മാഗസിൻ റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങൾ അന്വേഷിക്കാൻ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ മതിയാകുമെന്നും കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകളുടെ ആവശ്യമില്ലെന്നും അവർ പറയുന്നു. 'പൈലറ്റുമാരുടെ ദൈനംദിന നിരീക്ഷണത്തിനും ദൃശ്യങ്ങൾ ഉപയോഗിക്കപ്പെടുമോ എന്ന് ചില പൈലറ്റുമാർ ആശങ്കപ്പെടുന്നുണ്ടെന്ന് ടൈം റിപ്പോർട്ട് പറയുന്നു.

എയർ ഇന്ത്യ അപകടത്തിന് ശേഷം കോക്ക്പിറ്റ് ക്യാമറയ്ക്കുള്ള ആവശ്യം ശക്തമാകുന്നു

അഹമ്മദാബാദിൽ ജൂണിൽ നടന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനാപകടത്തിന് ശേഷം കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾക്കുള്ള ആവശ്യം വർധിച്ചു. ജൂലൈ 12-ന് എഎഐബിയുടെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് അതിന്റെ ഉന്നതിയിലെത്തി.'കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾ ഇല്ലാത്തതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?' എന്ന് ഒരു അഭിഭാഷകനും ഡ്രോൺ പൈലറ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിതിൻ സരിൻ ജൂലായ് 14-ന് എക്സിൽ പോസ്റ്റ് ചെയ്തു.

'ആരും ആരെയും അകാരണമായി കുറ്റപ്പെടുത്താതിരിക്കാൻ വോയിസ് റെക്കോർഡറിനൊപ്പം ഒരു ലൈവ് കോക്ക്പിറ്റ് വീഡിയോ റെക്കോർഡർ ആവശ്യമുള്ള ഒരു കാലഘട്ടത്തിൽ നമ്മൾ എത്തിയിട്ടുണ്ടോ?', പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നതിനോട് പ്രതികരിച്ചുകൊണ്ട് ഡോക്ടറായ മൗലിക് മോദി ചോദിച്ചു. വിമാനത്തിൻ്റെ കോക്ക്പിറ്റിൽ ക്യാമറ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ശബ്ദങ്ങളിൽ രണ്ടെണ്ണം മാത്രമാണിവർ. ഇന്ത്യക്കാർ മാത്രമല്ല, വിദേശത്തുള്ളവരും കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകളുടെ അഭാവത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

ഫ്ലൈറ്റ്റഡാർ24-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കോക്ക്പിറ്റ് വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് നിരോധിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയിൽ (EASA) നിന്ന് അത്തരം വിലക്കുകളില്ല. ചൈനയിൽ, വാണിജ്യ വിമാനക്കമ്പനികൾക്ക് പൂർണമായ കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾ ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെങ്കിലും പുതിയ ആഭ്യന്തര വിമാനങ്ങളിൽ, പ്രത്യേകിച്ച് തദ്ദേശീയമായി നിർമിച്ച COMAC C919-ൽ വീഡിയോ നിരീക്ഷണ സംവിധാനങ്ങൾ സംയോജിപ്പിക്കാൻ ബെയ്ജിങ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില ഹെലികോപ്റ്റർ നിർമാതാക്കൾ ഇതിനകം തന്നെ പരിശീലനം, നിരീക്ഷണം, അല്ലെങ്കിൽ അപകട അന്വേഷണ ആവശ്യങ്ങൾക്കായി അവരുടെ മോഡലുകളിൽ കോക്ക്പിറ്റ് വീഡിയോ സംവിധാനങ്ങൾ ഘടിപ്പിക്കുന്നുണ്ട്.

കോക്ക്പിറ്റ് വീഡിയോ റെക്കോർഡറുകൾക്കായി ഒരു പുതിയ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും, പൈലറ്റ് യൂണിയനുകളിൽ നിന്നുള്ള എതിർപ്പ് അത് യാഥാർത്ഥ്യമാക്കുന്നതിന് തടസ്സമായേക്കാം. കോക്ക്പിറ്റിലെ ഒരു ക്യാമറ, തങ്ങൾക്കെതിരെ ഉയരാൻ സാധ്യതയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ പൈലറ്റുമാരെ സഹായിക്കുമായിരിക്കാം. സുരക്ഷാ-സ്വകാര്യത തർക്കത്തിൽ സുരക്ഷയ്ക്ക് മുൻതൂക്കം ലഭിക്കുമ്പോൾ കോക്ക്പിറ്റ് ക്യാമറകൾ ഒരുനാൾ വരും. ഓർക്കേണ്ട ഒരു കാര്യം, പൈലറ്റുമാർ കോക്ക്പിറ്റ് വോയിസ് റെക്കോർഡറുകൾ എന്ന ആശയത്തെയും ഒരിക്കൽ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ അവ വാണിജ്യ വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിൻ്റെ ഭാഗമാണ്.