ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിക്കാതിരുന്നതിനെത്തുടർന്നാണ് വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്നുണ്ടായ ശക്തമായ കുലുക്കത്തിൽ യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരിക്കേറ്റിരുന്നു.

To advertise here,

എയർബസ് എ-320 നിയോ (A-320 NEO) വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിലെ (ബ്ലാക്ക് ബോക്സ്) വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കര്യങ്ങൾ വ്യക്തമായത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. എലിവേറ്ററുകളും എയിലറണുകളും ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങൾ 4 സെക്കൻഡ് നേരത്തേക്ക് പൂർണമായും ഒരേസമയം പ്രവർത്തനരഹിതമായി എയർബസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

വിമാനം അപകടകരമായ രീതിയിൽ താഴാൻ തുടങ്ങിയതോടെ ‘ഓട്ടോ പൈലറ്റ്’ സംവിധാനം തനിയെ പ്രവർത്തനരഹിതമായി. തുടർന്ന് കോ-പൈലറ്റ് വിമാനത്തെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഹൈഡ്രോളിക് തകരാർ കാരണം സാധിച്ചില്ല. സെക്കൻഡുകൾക്ക് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായത്. എന്നാൽ, വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടർന്ന് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന പലർക്കും വിമാനത്തിന്റെ മേൽക്കൂരയിലേക്ക് തെറിച്ചുവീണു പരിക്കേറ്റു.

വിമാനത്തിലെ ഒരു പ്രഷർ സെൻസറിന്റെ തകരാറാണ് ഹൈഡ്രോളിക് സംവിധാനങ്ങളെ ബാധിച്ചതെന്നാണ് എയർബസിന്റെ പ്രാഥമിക നിഗമനം. പക്ഷേ, ഇതിന് കൃത്യമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല. എയർബസ് അന്തിമ ശുപാർശകളും പുറത്തിറക്കിയിട്ടില്ല. ഇന്ത്യയിലെ എ.എ.ഐ.ബിയും ഫ്രഞ്ച് അന്വേഷണ ഏജൻസിയായ ബി.ഇ.എയും സംഭവത്തിൽ സംയുക്തമായി വിശദമായ അന്വേഷണം നടത്തിവരികയാണ്. പൈലറ്റിന്റെ ലഹരി ഉപയോഗവും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.

വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ആയ ക്യാപ്റ്റൻ സുദീപ് വസിഷ്ഠ പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം നടത്തിയ രണ്ട് പരിശോധനകളിലും ഇദ്ദേഹത്തിന്റെ ശരീരത്തിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. പൈലറ്റ് വിമാനത്തിൽവെച്ച് ലഹരി ഉപയോഗിച്ചിരുന്നതായി ഒരു ജീവനക്കാരൻ പരാതിനൽകിയിരുന്നു. സംഭവത്തെത്തുടർന്ന് എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും മുഴുവൻ പൈലറ്റുമാരോടും ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ എയർ ഇന്ത്യ നിർദേശിച്ചു.