ദാസമയവും വീശിയടിക്കുന്ന കാറ്റ്. 'പച്ചത്തിരമാലകള്‍' തീര്‍ത്ത വിശാലമായ പുല്‍മേട്. പക്ഷിയുടെ കണ്ണിലൂടെയെന്ന വിധം കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍. എല്ലാത്തിലുമുപരി നിമിഷനേരംകൊണ്ട് കാഴ്ചകള്‍ മറച്ച് കുളിരു കോരിയിടുന്ന കോടമഞ്ഞ്. കാല്‍നൂറ്റാണ്ട് മുമ്പുവരെ ഇതായിരുന്നു പാലക്കയംതട്ട്. എന്നാല്‍ വീഡിയോകള്‍ കണ്ടും കേട്ടറിഞ്ഞും ഈ വിനോദസഞ്ചാരകേന്ദ്രം കാണാനെത്തുന്നവരെ നിരാശപ്പെടുത്തും ഇവിടത്തെ ഇപ്പോഴത്തെ കാഴ്ചകള്‍. 

To advertise here,

പൂരം കഴിഞ്ഞ് ആളൊഴിഞ്ഞു പോയ സ്ഥലംപോലെ ദുഃഖകരമാണ് അവസ്ഥ. മൂന്നോ നാലോ റിസോര്‍ട്ടുകളില്‍ മാത്രമാണ് ആളും ആരവവും ബാക്കിയുള്ളത്. കോടമഞ്ഞ് വല്ലപ്പോഴും വന്നുമറഞ്ഞാലായി. കാറ്റ് പേരിനുപോലുമില്ല. 60 ഏക്കറോളം വ്യാപിച്ചുകിടന്നിരുന്ന പുല്‍മേട് അപ്രത്യക്ഷമായി. പകരം മരങ്ങള്‍ വളര്‍ന്ന് ചെറിയൊരു വനം രൂപാന്തരപ്പെട്ടു. ഒരു നാടിന്റെ ടൂറിസം സ്വപ്നങ്ങളും കോടമഞ്ഞുപോലെ മാഞ്ഞുപോയി.

പ്രതീക്ഷകളോടെ തുടക്കം

2016 നവംബറിലാണ് ഡിടിപിസിയുടെ നേതൃത്വത്തില്‍ പാലക്കയം തട്ട് വിനോദസഞ്ചാരത്തിന് തുറന്നുകൊടുത്തത്. ഒരുകോടിരൂപ മുടക്കി ഇരിപ്പിടങ്ങള്‍, സുരക്ഷാവേലികള്‍, സോളാര്‍ വിളക്കുകള്‍, ഫെസിലിറ്റി സെന്റര്‍ എന്നിവ ഡിടിപിസി നിര്‍മിച്ചു. ടെന്‍ഡര്‍ മുഖേന കേന്ദ്രം നടത്തിപ്പിന് കൊടുക്കുകയാണ് ചെയ്തത്. തുടക്കത്തില്‍ ഒരുദിവസം 5,000 പേര്‍ വരെ പാലക്കയത്തെത്തിയിരുന്നു. ഇവിടേക്ക് ഓഫ് റോഡുകളായതിനാല്‍ ജീപ്പുകളിലാണ് സന്ദര്‍ശകരെത്തിയത്. മണ്ടളം, കൈതളം, മഞ്ഞുമല എന്നിവിടങ്ങളിലായി 40 ജീപ്പുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തി. ഹോട്ടലുകള്‍, തട്ടുകടകള്‍, കോട്ടേജുകള്‍ തുടങ്ങിയവയും നിരവധി ഉയര്‍ന്നുവന്നു.

എല്ലാം തകര്‍ന്നുകിടക്കുന്നു

പാലക്കയം ഒരു യുദ്ധഭൂമി പോലെയാണ് ഇപ്പോഴുള്ളത്. നടത്തിപ്പിനെടുത്തവര്‍ കാലാകാലങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍, കൂടാരങ്ങള്‍, കളിയുപകരണങ്ങള്‍, റെയ്ഡുകള്‍ എന്നിവയൊക്കെ തകര്‍ന്നും നിലം പൊത്തിയും കിടക്കുന്നു. ഒന്നിന് 40,000 രൂപ ചെലവില്‍ സ്ഥാപിച്ച 35 സോളാര്‍ വിളക്കുകളുമുണ്ട്. ഇതില്‍ പകുതിയും പിഴുതുമാറ്റി പലയിടങ്ങളില്‍ ചിതറിക്കിടക്കുന്നു. ഒന്നു പോലും കത്തുന്നില്ല. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തലങ്ങും വിലങ്ങും നിര്‍മിച്ച നടപ്പാതകള്‍ മണ്ണൊലിച്ച് പാറക്കൂട്ടങ്ങളായി മാറി.

അകലെയുള്ള കാഴ്ച കാണാന്‍ മലയുടെ മുകളിലേക്ക് ഈ പാറക്കെട്ടുകളിലൂടെ നടക്കുന്നത് സാഹസികമായിട്ടുണ്ട്. ഒരുഭാഗത്ത് സിമന്റ് കെട്ടിടങ്ങളും നീന്തല്‍ക്കുളങ്ങളും മലയില്‍ പെരുകുകയും ചെയ്യുന്നു.