ടല്‍ത്തീരത്ത് ഇറങ്ങുന്നതിനും കടലില്‍ കുളിക്കുന്നതിനും കര്‍ശനനിയന്ത്രണം നിലനില്‍ക്കുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുന്നു. കോവളത്തെയും വര്‍ക്കലയിലെയും ടൂറിസം വ്യവസായം രണ്ടുമാസമായി വറുതിയിലാണ്. കള്ളക്കടല്‍ പ്രതിഭാസം പതിവായതോടെയാണ് മണ്‍സൂണ്‍ മാസത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

To advertise here,

കോവളത്ത് കുടുംബങ്ങളുമായി എത്തിയിരുന്ന ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഒഴുക്കും പാടെ നിലച്ചു. വിനോദസഞ്ചാരികള്‍ കോവളംവിട്ട് മറ്റിടങ്ങളിലേക്കു പോയിത്തുടങ്ങിയെന്ന് ഇവിടത്തെ ഹോട്ടല്‍-റസ്റ്ററന്റ് ഉടമകള്‍ പറയുന്നു. കോവളം തീരത്തെ വഴിയോരക്കച്ചവടക്കാര്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍വരെയുള്ളവരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് കടല്‍ത്തീരത്ത് വിശ്രമിക്കുന്നതിനായി കുടയും കട്ടിലും ഏര്‍പ്പെടുത്തിയവരുടെ ജീവിതവും വഴിമുട്ടി. പ്രാദേശിക മേഖലകളില്‍നിന്നെത്തുന്നവരാണ് കോവളത്ത് ഇപ്പോഴെത്തുന്ന സഞ്ചാരികള്‍.

കോവളത്ത് വരുന്ന സഞ്ചാരികളുടെ പ്രധാന വിനോദമാണ് സര്‍ഫിങ്ങും കടല്‍ക്കുളിയും. എന്നാല്‍, അടിക്കടിയുണ്ടാകുന്ന ശക്തമായ തിരയേറ്റത്തില്‍ തീരം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇവിടത്തെ ബീച്ചുകള്‍. മേയ് 31 മുതലാണ് കോവളത്തെ ബീച്ചുകളില്‍ ഇറങ്ങുന്നതിനും കടലില്‍ കുളിക്കുന്നതിനും വിനോദസഞ്ചാരവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നല്‍കിയ തുടര്‍ച്ചയായുള്ള നിര്‍ദേശത്തെ ത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

placeholder
അപകടതീരം... കടലേറ്റത്തെത്തുടർന്ന് ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കയർകെട്ടി തിരിച്ചിരിക്കുന്നു

ഏതാനും മാസം മുന്‍പ് കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ഗ്രോവ് ബീച്ചുകളിലും കുളിക്കാനിറങ്ങിയ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ട നിരവധി സംഭവങ്ങളുണ്ടായിരുന്നു. ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിയന്ത്രണം തുടരുന്നതെന്ന് വിനോദസഞ്ചാരവകുപ്പ് അധികൃതര്‍ പറയുന്നു.

വിനോദസഞ്ചാരികള്‍ കടല്‍ത്തീരത്തും കടലിലും ഇറങ്ങാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ലൈഫ് ഗാര്‍ഡുകള്‍ക്ക് ടൂറിസം അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവളത്തെ ബീച്ചുകളില്‍ കയര്‍കെട്ടിയും അപായക്കൊടികള്‍ നാട്ടിയും അപകട മേഖലാ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു. നിയന്ത്രണം പിന്‍വലിക്കുന്ന അറിയിപ്പ് സര്‍ക്കാര്‍തലത്തില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോവളം ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സജീവ് മാതൃഭൂമിയോടു പറഞ്ഞു.