കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഡി.ടി.പി. സി.യുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും താത്കാലികമായി നിര്‍ത്തിവച്ചു. തീരദേശപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍തന്നെ ബീച്ചുകളില്‍നിന്ന് ആളുകളെ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.
കടലേറ്റ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി നേരത്തേതന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
തഹസില്‍ദാര്‍മാര്‍ക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രമാണ് (ഐ.എന്‍.സി.ഒ.ഐ.എസ്.) ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കേരളതീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്നപ്രദേശങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
Content Highlights: kallakkadal phenomenon tourism activities temporarily banned in Kerala's coastal areas
Published: 04 May 2024, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented