ലോകോത്തരമായ ബീച്ചുകളാല്‍ സമ്പന്നമാണ് കേരളം. വിദേശ ബീച്ചുകളോട് കിടപിടിക്കുന്ന ബീച്ചുകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കേരളത്തിന്റെ വിശാലമായ കടല്‍ത്തീരം ബീച്ച് ടൂറിസത്തിന് വലിയ സാധ്യതകള്‍ തീര്‍ക്കുന്നു. പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സൗഹൃദ രീതികള്‍ക്കും പ്രസിദ്ധിയാര്‍ജിച്ച ഈ ബീച്ചുകള്‍ തേടി ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. കോവളം, വര്‍ക്കല, കാപ്പാട് പോലുള്ള ബീച്ചുകള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും പ്രശസ്തമാണ്. പല ബീച്ചുകള്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ബീച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകമായ പദ്ധതികള്‍ കേരളത്തിനുണ്ട്. ബീച്ചുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ചു വരുന്നു. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പോലുള്ള സാഹസിക ടൂറിസം പദ്ധതികള്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നടപ്പിലാക്കി. ബേപ്പൂരില്‍ ടൂറിസം വകുപ്പിന് കീഴില്‍ ആദ്യത്തെ സര്‍ഫിംഗ് അക്കാദമി സ്ഥാപിച്ചു. സര്‍ഫിംഗ് ഉള്‍പ്പെടയുള്ള ബീച്ച് ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ മേഖലയുമായി കൈകോര്‍ത്ത് പദ്ധതികള്‍ കോവളത്ത് സ്‌കൂബാ ഡൈവിംഗ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സഞ്ചാരി സമൂഹത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്.
''ബീച്ച് ടൂറിസത്തിന്റെ സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് ടൂറിസം വകുപ്പിന്റെ നയം. ലോകോത്തരനിലവാരത്തിലേക്ക് നമ്മുടെ ബീച്ചുകളെ വികസിപ്പിക്കുകയാണ്. ബീച്ച് സാഹസിക ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. വിദേശ ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ട ഇടമായി കേരളത്തിലെ ബീച്ചുകൾ മാറുകയാണ്''. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ലേകത്തിലേറ്റവും വൃത്തിയുള്ള രണ്ട് ബിച്ചുകള്‍ കേരളത്തില്‍- ബ്ലൂഫ്‌ളാഗ് പദവി
ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ കേരളത്തിലെ രണ്ട് ബീച്ചുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ് സര്‍ട്ടിഫിക്കറ്റിനായി ബീച്ചുകള്‍ പരിശോധിച്ചത്. ബീച്ചുകളുടെ പരിസ്ഥിതിസൗഹൃദസമീപനം, സൗരോര്‍ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യസംസ്‌കരണരീതികള്‍, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചത്. ടൂറിസം വകുപ്പിന്റെ കീഴില്‍ നിരവധി പദ്ധതികളാണ് ഈ ബീച്ചുകളില്‍ നടപ്പിലാക്കിയത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വേദിയായി ശംഖുമുഖം
ശംഖുമുഖം ബീച്ചില്‍ നടപ്പിലാക്കിയ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പദ്ധതി വലിയ രീതിയില്‍ ശ്രദ്ധ നേടി. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെന്ററിലെ ആദ്യ വിവാഹം 2023 ഡിസംബറില്‍ നടന്നു. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രത്തിന് ശംഖുംമുഖം അര്‍ബന്‍ ബീച്ച് ഡെവലപ്പ്മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തില്‍ രണ്ട് കോടിയുമാണ് വിനിയോഗിച്ചത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാണ് ശംഖുമുഖത്തേത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് കേന്ദ്രം.
മറ്റു ബീച്ചുകള്‍
കോവളം
ലോകപ്രശസ്തമായ ബീച്ചുകൊളിലൊന്നാണ് കോവളം. കോവളത്തെയും സമീപ ബീച്ചുകളുടെയും വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി കിഫ്ബി വഴി 93.38 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ശംഖുമുഖം
തിരുവനന്തപുരത്തെ തന്നെ മറ്റൊരു പ്രശസ്തമായ ബീച്ചാണ് ശംഖുമുഖം. ശംഖുമുഖം ബീച്ചില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഫുഡ് സ്ട്രീറ്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ശംഖുമുഖം ബീച്ചിലെ മാലിന്യകേന്ദ്രമായിരുന്ന പ്രദേശം ഡെസ്റ്റിനേഷന്‍ വെഡിംഗ് കേന്ദ്രമായി വികസിപ്പിച്ചു. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളിലൂടെ ശംഖുമുഖം ബീച്ച് വാര്‍ത്തകളില്‍ ഇടംനേടി.
വര്‍ക്കല
എല്ലാ സീസണിലും നിരവധി വിദേശ സഞ്ചാരികളെത്തുന്ന കേരളത്തിലെ മറ്റൊരു അന്താരാഷ്ട്ര പ്രശസ്തമായ ബീച്ചാണ് വര്‍ക്കല. അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വര്‍ക്കല ബീച്ച് വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. വര്‍ക്കലയിലെ വികസനം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നിര്‍ദ്ദേശിക്കുകയും അത് അനുവദിക്കുകയും ചെയ്തു. വര്‍ക്കലയില്‍ പുതിയ റസ്റ്റ് ഹൗസിന്റെയും ഗസ്റ്റ് ഹൗസിന്റെയും നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വര്‍ക്കലയില്‍ വര്‍ക്കേഷന്‍ പ്രോജ്ക്ട് പദ്ധതി രൂപീകരണ ഘട്ടത്തില്‍. വര്‍ക്കലക്ക് സമീപമുള്ള കാപ്പില്‍ ബീച്ചില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി പുരോഗമിക്കുന്നു, സോളാര്‍ സ്ട്രീറ്റ് സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നു.
കൊല്ലം-തങ്കശ്ശേരി
കേരളത്തിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവാനകള്‍ വഹിച്ച കടല്‍ത്തീരമാണ് കൊല്ലം തങ്കശ്ശേരി ബീച്ച്. ഇത് പുതിയ ഡെസ്റ്റിനേഷനായി വികസിപ്പിച്ചു. കൊല്ലത്ത് മറീന നിര്‍മ്മിക്കാന്‍ ഈ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ആലപ്പുഴ
ആലപ്പുഴയിലെ രണ്ട് പ്രധാനപ്പെട്ട ബീച്ചുകളാണ് ചെത്തി ബീച്ചും മാരാരി ബീച്ചും. ചെത്തി ബീച്ച് വികസനത്തിന് കിഫ്ബി പദ്ധതി വഴി നിര്‍മ്മാണ പ്രവൃത്തി പുരോഗമിച്ചുവരുന്നു. മാരാരി ബീച്ചില്‍ പദ്ധതി തയ്യാറാക്കുന്നു
എറണാകുളം
വിദേശ സഞ്ചാരികളുടെ മറ്റൊരു പറുദീസയാണ് ഫോര്‍ട്ട് കൊച്ചി ബീച്ച്. ഫോര്‍ട്ട് കൊച്ചി ഡെവലപ്‌മെന്റിനായി പ്രത്യേക പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. വൈപ്പിന്‍ മേഖലയിലെ ബീച്ചുകളുടെ നവീകരണത്തിന് പുതിയ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്
തൃശ്ശൂര്‍
തൃശ്ശൂര്‍ ചാവക്കാട് സ്‌നേഹതീരം ബീച്ചുകള്‍ മികച്ച ബീച്ച് ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചു.
മലപ്പുറം
മലപ്പുറം ജില്ലയിലെ സണ്‍സെറ്റ് ബീച്ച് പാര്‍ക്ക്, ഒട്ടുപുറം ബീച്ച് എന്നിവയും വികസിപ്പിച്ചു.
കോഴിക്കോട്
ബേപ്പൂര്‍, ഓഷ്യാനസ് ചാലിയം, ഗോതീശ്വരം, കാപ്പാട്, തിക്കോടി, വടകര സാൻഡ് ബാങ്ക് എന്നീ ബീച്ചുകളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കി.
കണ്ണൂര്‍
കേരളത്തിലെ ഡ്രൈവിങ്ങ് ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. ധര്‍മ്മടം ബീച്ചിലെ വികസന പ്രവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കുന്നു
കാസര്‍കോട്
മറ്റൊരു പ്രശസ്ത ബീച്ചായ ബേക്കല്‍ ബീച്ചിനെ മികച്ച രീതിയില്‍ വികസിപ്പിച്ചു. കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, കാസര്‍കോട് ചെമ്പരിക്ക ബീച്ച് എന്നിവയും നവീകരണം നടത്തി
Content Highlights: kerala tourism, kerala beaches, beach tourism
Published: 22 Mar 2025, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented