തിരക്കും ബഹളവുമാകാം നഗരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ സഞ്ചാരികൾക്കായി ക്രൊയേഷ്യ കാത്തുവെച്ചിട്ടുള്ളത് മറ്റൊന്നാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയവും മികച്ച ബീച്ചുകളുമുള്ള ക്രൊയേഷ്യ മറ്റൊരു അത്ഭുതവും കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. സമീപപ്രദേശങ്ങളിലെ നഗരങ്ങള്‍ നിര്‍മ്മിച്ച ശേഷം ബാക്കിവന്ന കല്ലുകള്‍കൊണ്ട് മറ്റൊരു നഗരം നിര്‍മ്മിച്ചാല്‍ എത്ര വലുപ്പമുണ്ടാകും? 

To advertise here,

100 മീറ്റര്‍ മാത്രം നീളമുള്ള ഹം എന്ന ക്രൊയേഷ്യന്‍ നഗരത്തെ ചുറ്റിപ്പറ്റിയുള്ള ഈ കഥ കെട്ടുകഥയാകാമെങ്കിലും മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തീര്‍ത്ത ഈ നഗരം മറ്റൊരത്ഭുതമാണ്. ഒരു ദിവസം തികച്ച് വേണ്ടിവരില്ല ഈ നഗരം കണ്ടുതീര്‍ക്കാന്‍. ലോകത്തിലെ ഏറ്റവും ചെറിയ നഗരമെന്നറിയപ്പെടുന്ന ഹമ്മിന് 30 മീറ്റര്‍ വീതിയും 100 മീറ്റര്‍ ദൂരവുമാണുള്ളത്. 1102 ല്‍ ചോം എന്നറിയപ്പെട്ടിരുന്ന നഗരത്തില്‍ വാച്ച്ടവര്‍ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. 1552-ഓടെ ബെല്‍ ടവറും പില്‍ക്കാലത്ത് 1802-ല്‍ പാരിഷ് ചര്‍ച്ചും ഹമ്മിന്റെ മുഖമുദ്രയായി. 2021-ലെ കണക്കുകള്‍ പ്രകാരം 52 നഗരവാസികളാണ് ഇവിടെയുള്ളത്. 2011ല്‍ ഇത് 30-ആയിരുന്നു. 

ദ്വീപുകളെ നാടെന്നറിയപ്പെടുന്ന ക്രൊയേഷ്യയുടെ ആള്‍ത്താമസമില്ലാത്ത നഗരങ്ങള്‍ പ്രസിദ്ധമാണെങ്കിലും ഹം ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. ക്രൊയേഷ്യന്‍, സ്ലൊവേനിയന്‍ ഇറ്റാലിയന്‍ സംസ്‌കാരങ്ങളുടെ സ്വാദീനമാണ് ഹമ്മിന്റെ അടിത്തറ. 1920-കളില്‍ ഇറ്റലിയുടെ ഭാഗമായിരുന്ന ഹം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വീണ്ടും ക്രൊയേഷ്യയുടെ ഭാഗമായി. 

ടൂറിസവും കൃഷിയുമാണ് ഹം വാസികളുടെ ഉപജീവനമാര്‍ഗ്ഗം. 2000 വര്‍ഷം പാരമ്പര്യമുളള ബിസ്‌ക (biska ) എന്നറിയപ്പെടുന്ന പ്രാദേശിക മദ്യവും വൈനും ഈ ന​ഗരം തേടിയെത്തുന്നവരെ ആകർഷിക്കുന്നു. മൂന്ന് നിരകളായാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 

തുച്ഛമായ തുകയ്ക് വീടു വിൽപ്പനയ്ക്ക്

ക്രൊയേഷ്യയിലെ മിക്ക ഇടങ്ങളിലും ജനസംഖ്യ വളരെ കുറവാണ്. അതുകൊണ്ടു തന്നെ കൂടുതൽ ആളുകളെ ഇവിടെ എത്തിക്കുവാനുള്ള പല പരിപാടികളും ക്രൊയേഷ്യ നടപ്പാക്കിയിരുന്നു. അതിലൊന്ന്  ഒരു യൂറോയുടെ പകുതിയിലും താഴെ തുകയിൽ ഇവിടുത്തെ ആളൊഴിഞ്ഞ വീടുകൾ വില്പനയ്ക്ക് വക്കുക എന്നതായിരുന്നു. വ‌ടക്കന്‍ ക്രൊയേഷ്യയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ലെഗ്രാഡ് എന്ന ഗ്രാമത്തിലാണ് ഈ കച്ചവടം നടന്നത്. ഇത്രയും കുറഞ്ഞ തുകയില്‍ കച്ചവടം നടത്താൻ ചില നിബന്ധനകളും ക്രൊയേഷ്യ മുന്നോട്ട് വെച്ചിരുന്നു.2000 നഗരവസികൾ മാത്രമായിരുന്നു അന്ന് ലെഗ്രാഡിൽ ഉണ്ടായിരുന്നത്.  വീടുകൾ വാങ്ങുന്നവർ 40 വയസ്സിന് താഴെയായിരിക്കണം, ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നതായിരുന്നു നിബന്ധനകൾ.