അവധിക്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സ്ഥലങ്ങളിലൂടെ ഒരു യാത്ര

വടകര: ജാനകിക്കാടിന്റെ കുളിർമയും ഉറിതൂക്കിമലയുടെ വന്യതയും വിമാനപ്പാറയുടെ കൗതുകവുമെല്ലാം ഒരുക്കിവെച്ചിട്ടുണ്ട് വടകര താലൂക്കിലെ മലയോരമേഖലകൾ. കടലോരത്താണെങ്കിൽ ഗോസായിത്തീരവും സാൻഡ്ബാങ്ക്‌സും കാപ്പുഴക്കൽ തീരവുമെല്ലാമുണ്ട്. അവധിക്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സ്ഥലങ്ങളിലൂടെ ഒരു യാത്ര...
കുളിരേകും ജാനകിക്കാട്
കുറ്റ്യാടി: കുറ്റ്യാടിയിൽനിന്ന് ഏഴുകിലോമീറ്റർ അകലെ മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടിപ്പുഴയോരത്തെ പ്രകൃതിസ്നേഹികളുടെ തീർഥാടനകേന്ദ്രമാണ് ജാനകിക്കാട്. കാടിന്റെ ഭംഗിയാണ് ഇവിടുത്തെ പ്രത്യേകത. അപൂർവയിനം ചിത്രശലഭങ്ങളും പക്ഷികളും വേഴാമ്പലും ധാരാളം കാണപ്പെടുന്ന പ്രദേശമാണിത്.
വേനലവധിയായതോടെ കുടുംബസമേതവും കൂട്ടുകാരുമൊക്കെയായി കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നെല്ലാം സഞ്ചാരികളെത്തുന്നുണ്ട്. വിഷു അവധിദിവസങ്ങളിൽ സഞ്ചാരികൾ കൂടുതൽ വന്നെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് സി. മുഹമ്മദ് റാഷിദ് പറഞ്ഞു. ഫോറസ്റ്റ് ഓഫീസിന്റെ അടുത്തായി ഇന്റർപ്രെട്ടേഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്. അവിടെ പ്രൊജക്ടറും മറ്റുസംവിധാനങ്ങളും വെച്ച് സ്കൂൾ കുട്ടികൾക്കായി ക്ലാസ് നൽകാറുണ്ട്. പുഴയിൽ നിലവിൽ സഞ്ചാരികളെ ഇറക്കുന്നില്ല. തത്കാലം ട്രെക്കിങ് മാത്രമാണുള്ളത്. പക്ഷിനിരീക്ഷകർക്ക് പ്രത്യേകം രൂപകല്പനചെയ്ത മരങ്ങളുടെ മുകളിലെ വീടുകളിൽനിന്ന് പക്ഷികളെ നിരീക്ഷിക്കാൻ കഴിയും.
വിമാനപ്പാറ കാണാം
വളയം: വിമാനം ലാൻഡ്ചെയ്തതുപോലൊരു പാറ. ജില്ലാ അതിർത്തിയായ വാഴമലയിലെ വിമാനപ്പാറ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ചെക്യാട്, വളയം ഗ്രാമപ്പഞ്ചായത്തുകളിലെ കണ്ടിവാതുക്കൽ, അഭയഗിരി മേഖലകളിലെ മലയോരകാഴ്ചകൾ കാണാനും സഞ്ചാരികൾ എത്തുന്നുണ്ട്. വിമാനപ്പാറയിൽ കയറിയാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ താഴ്‌വരകൾ വ്യക്തമായി കാണാൻകഴിയും. സമാനരീതിയിലാണ് അഭയഗിരി മേഖലകളിലെയും കാഴ്ച.
ഇവിടേക്കുള്ള ഗതാഗതസംവിധാനം കുറവായതാണ് സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണം. ജീപ്പിലും ബൈക്കിലും മാത്രമേ ഇവിടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയൂ. അഭയഗിരി റോഡിലൂടെ ഓഫ്റോഡ് യാത്ര നടത്തിയാൽ ചിറ്റാരി വഴി വിലങ്ങാട് മലയോരത്തെത്താൻ കഴിയും. കാട്ടാനശല്യം രൂക്ഷമായതിനാൽ കണ്ണവം വനമേഖലയിലേക്ക് പോകാൻകഴിയില്ല.
സാഹസികപ്രിയരുടെ ഉറിതൂക്കിമല
കക്കട്ടിൽ: സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരമുള്ള ഉറിതൂക്കിമല സാഹസികസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളോട് അതിർത്തിപങ്കിടുന്ന ഈ കുന്നിലേക്ക് ദൂരദേശങ്ങളിൽനിന്നടക്കം സഞ്ചാരികളെത്തുന്നുണ്ട്. കീഴ്‌ക്കാംതൂക്കായതും ചെങ്കുത്തായതുമായ പാറയിലൂടെ കുന്നിൻ നെറുകയിലേക്കുള്ള യാത്രയിൽ വളരെ ശ്രദ്ധവേണം. അപകടങ്ങളൊഴിവാക്കാനുള്ള സംവിധാനങ്ങളോ, സുരക്ഷാജീവനക്കാരോ ഇല്ലാത്തതിനാൽ സഞ്ചാരികൾ സ്വയം കരുതലെടുക്കുന്നത് നല്ലതാണ്.
ഉയരംകൂടിയ മലനിരകളിൽനിന്ന് മേഘക്കൂട്ടങ്ങൾ കാണാനും താഴെക്കൂടി ഒഴുകുന്ന അരുവിയും മരത്തലപ്പുകളും കൺനിറയെ കാണാനും പശ്ചിമഘട്ട ജൈവവൈവിധ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഉറിതൂക്കിമലയിലിരുന്ന് സാധിക്കും. ബ്രിട്ടീഷുകാർക്കെതിരേ വയനാട് കേന്ദ്രീകരിച്ച് പഴശ്ശിരാജ നടത്തിയ പടയൊരുക്കങ്ങളിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഉറിതൂക്കിമലയെന്നാണ് പഴമക്കാർ പറയുന്നത്. കക്കട്ടിൽനിന്ന് കൈവേലി-കരിങ്ങാട് റോഡ് വഴിയും തൊട്ടിൽപ്പാലത്തുനിന്ന് കരിങ്ങാട് റോഡ് വഴിയും ഇവിടേക്കെത്താം.
ഗോസായിക്കുന്ന് വിളിക്കുന്നു...
ചോറോട്: കുന്നും കടലും കടലോരവും ഒന്നുചേരുന്ന സ്ഥലം. ചോറോട് പഞ്ചായത്തിലെ തീരദേശമായ ഗോസായിക്കുന്നിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കടലിനോട് ചേർന്നുതന്നെ ഉയരമുള്ള ഭാഗവും അവിടെ കടലിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകളുമാണ് ഗോസായിക്കുന്നിന്റെ സൗന്ദര്യം. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകൾ’ എന്ന നോവലിൽ പ്രതിപാദിക്കുന്ന സ്ഥലംകൂടിയാണിത്. നീണ്ടുകിടക്കുന്ന വിശാലമായ ബീച്ചാണ് ഗോസായിയുടെ മറ്റൊരു ആകർഷണം. ഇവിടെ ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല.
ദേശീയപാതയിലെ കൈനാട്ടിയിൽനിന്ന് ഒന്നരക്കിലോമീറ്റർ മാത്രം അകലെയാണ് ഈ തീരം. കടൽത്തീരം വരെ റോഡ് സൗകര്യമുണ്ട്. വടകരയിലെ സാൻഡ് ബാങ്ക്‌സാണ് മറ്റൊരു കടൽത്തീര വിനോദസഞ്ചാരകേന്ദ്രം. ഇവിടെ പാർക്കും സായാഹ്നം ചെലവഴിക്കാനുള്ള മനോഹരമായ അന്തരീക്ഷവുമുണ്ട്. ചോമ്പാല കാപ്പുഴക്കൽ തീരവും കടലോരസൗന്ദര്യം തേടുന്നവരുടെ ഇഷ്ടകേന്ദ്രമാണ്.
Content Highlights: Vadakara offers a diverse summer escape from the serene Janakikkad ecotourism forest and adventurous Urithookimala hills to the breathtaking coastal views of Gosaikkunnu and the popular Sand Banks beach.
Published: 23 Apr 2026, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented