കൊച്ചി: ''കടലിലെ ഇരുട്ടിൽ മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റ് തെളിഞ്ഞില്ലായിരുന്നെങ്കിൽ, ബേപ്പൂർക്ക് കോൾ പോയില്ലായിരുന്നെങ്കിൽ... ചിലപ്പോൾ ഞാനുണ്ടാവുമായിരുന്നില്ല...'' മലപ്പുറം രാമപുരം സ്വദേശിനി ഷിഫാന സലിമിന്റെ നെടുവീർപ്പിന് ലക്ഷദ്വീപിലെ കടലോളമുണ്ട് ആഴം. മരണത്തെ മുഖാമുഖം കണ്ട രാത്രിയെക്കുറിച്ച് പറയുമ്പോൾ ശബ്ദത്തിലിപ്പോഴുമുണ്ട് ഇടർച്ച. കഴിഞ്ഞ ദിവസം ബംഗാരം ദ്വീപിൽ വ്യോമസേന വിങ് കമാൻഡറും മലയാളിയുമായ ആർ. ശ്രീരാജ് മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ലക്ഷദ്വീപിൽ തനിക്കുണ്ടായ അനുഭവം ഷിഫാന പറഞ്ഞത്.

To advertise here,

എം.എസ്സി. സൈക്കോളജി പഠിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് ഷിഫാനയടക്കമുള്ള വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന 16 പേർ ലക്ഷദ്വീപിലെത്തിയത്. അഗത്തി ദ്വീപിലായിരുന്നു താമസം.

ടൂർ പാക്കേജിന്റെ ഭാഗമായി ഏപ്രിൽ 11 രാത്രി ഏഴുമണിയായപ്പോൾ ഷിഫാനയും ഏതാനും ചിലരും കടലിൽ ഫിഷ് ഹണ്ടിങ്ങിനിറങ്ങി. ഒരു ചെറിയ ബോട്ടാണ് കൊണ്ടുപോകാനെത്തിയത്. ഏഴ് പേർക്ക് കയറാവുന്ന ബോട്ടിൽ ഷിഫാനയും 9 വിനോദസഞ്ചാരികൾക്കും പുറമേ ബോട്ട് ഓപ്പറേറ്റർമാരായ രണ്ടുപേരുമുണ്ടായിരുന്നു.

''ആ ചെറിയ ബോട്ടിൽ അത്രയും ആളുകൾ എങ്ങനെ യാത്ര ചെയ്യുമെന്ന് ഞാനവരോട് ചോദിച്ചു. രണ്ട് പയ്യൻമാരായിരുന്നു ബോട്ട് ഓപ്പറേറ്റർമാർ. അതൊന്നും പ്രശ്നമല്ലെന്ന് അവർ പറഞ്ഞു...രണ്ട്, മൂന്ന് കിലോമീറ്റർ അകലയെത്തിയപ്പോൾ തന്നെ നല്ല ആഴമുള്ള സ്ഥലമായി. അപ്പോഴാണ് ഞങ്ങൾക്കൊപ്പം വന്ന മറ്റൊരു ബോട്ട് വെള്ളം കയറി മുങ്ങാൻ തുടങ്ങിയത്. ഉടനെ അതിലുണ്ടായിരുന്നവർ കൂടി ഷിഫാനയുടെ ബോട്ടിലേക്ക് കയറി. അതോടെ ഷിഫാനയുടെ ബോട്ട് ഭാരക്കൂടുതൽ കാരണം താഴ്ന്ന്, വെള്ളം കയറുമെന്ന നിലയായി.

അപകടമാണെന്ന് കണ്ടതോടെ ബോട്ട് ഓപ്പറേറ്റർമാരായ പയ്യൻമാർ യാത്രക്കാരെ ഉപേക്ഷിച്ച് കടലിലേക്ക് ചാടി. ഇരുട്ടിൽ ഷിഫാനയും കൂട്ടരും പേടിയുടെ ഓളങ്ങളിൽ ആടാൻ തുടങ്ങി. ആരെങ്കിലും അനങ്ങിയാൽ ബോട്ടിൽ വെള്ളം കയറുമെന്ന സ്ഥിതിയായിരുന്നു. ഭാഗ്യത്തിന് മൊബൈലിൽ നെറ്റ് കണക്ഷൻ കിട്ടുന്നുണ്ടായിരുന്നു. സെർച്ച് ചെയ്തപ്പോൾ കിട്ടിയത് ബേപ്പൂർ പോലീസിന്റെ നമ്പറായിരുന്നു. അവിടെ വിളിച്ച് കാര്യം പറഞ്ഞു...''

ബേപ്പൂർ സ്റ്റേഷനിൽ നിന്ന് അഗത്തി പോലീസിന് വിവരം കൈമാറി. അഗത്തി എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മറ്റ് രക്ഷാപ്രവർത്തകരും ഷിഫാനയെയും സംഘത്തെയും തേടി ബോട്ടിൽ കടലിലേക്കിറങ്ങി. ഇരുട്ടിൽ എവിടെയാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. അപ്പോൾ തോന്നിയ ബുദ്ധിയിൽ ഷിഫാനയും മറ്റ് ചിലരും മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി വെച്ചു.

അതുകണ്ടാണ് പോലീസ് സംഘത്തിന് അവരെ രക്ഷിച്ച് കരയ്ക്കെത്തിക്കാനായത്. സംഭവത്തെ തുടർന്ന് ബോട്ടുടമകൾ, ട്രാവൽ ഏജൻസി, ഗൈഡുകൾ എന്നിവരുൾപ്പെടെ മുപ്പത്തിയഞ്ചോളം പേർക്കെതിരേ അഗത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ലക്ഷദ്വീപിൽ പോകുന്നവരോട് ഷിഫാനയ്ക്ക് പറയാനുള്ളത്

• അടിയന്തര സാഹചര്യങ്ങളിൽ ദ്വീപിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ സേവ് ചെയ്യുക.

• ലൈഫ് ജാക്കറ്റ് നിർബന്ധമായും ഉണ്ടെന്നും അത് ധരിക്കുമെന്നും ഉറപ്പ് വരുത്തുക.

• ബോട്ടുകളിൽ എത്രപേർക്ക് വരെ കയറാം എന്നതും ഉറപ്പ് വരുത്തുക.

• ട്രാവൽ ഏജൻസി ഉത്തരവാദിത്വമുള്ളവരാണെന്ന് ഉറപ്പ് വരുത്തണം.

• പോകുന്ന യാത്രയിലെ വെല്ലുവിളികൾ എന്തൊക്കെയെന്ന് മുൻകൂട്ടി അറിഞ്ഞുവെക്കണം.

• വൈകീട്ട് ആറ് മണിക്കു ശേഷം കടലിലെ യാത്രകളിൽ പലതിനും പോലീസിന്റെ അനുമതിയില്ല എന്നത് ഓർക്കണം.