കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഗൗതം കൃഷ്ണയെ കാണാതായ സംഭവത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്‌ഐ. തിരച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ചാണ് മാർച്ച്. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ പ്രവേശിച്ചതോടെ നേരിയ തോതിൽ സംഘർഷാവസ്ഥയുണ്ടായി.
തിരച്ചിൽ ശാസ്ത്രീയമാക്കുക, രക്ഷാപ്രവർത്തനം ഊർജിമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ചിന്ത ജെറോം, അരുൺ ബാബു അടക്കമുള്ള നേതാക്കളാണ് പ്രതിഷേധം നയിക്കുന്നത്. മതിൽ ചാടി കടന്ന് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ പ്രവേശിക്കുകയായിരുന്നു. പ്രധാന കവാടത്തിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനായില്ല.
ഏഴ് ദിവസങ്ങൾക്കുമുൻപാണ് നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടത്തിൽ രാധാകൃഷ്ണൻ, രാജീവൻ, മകൻ ഗൗതം കൃഷ്ണ എന്നിവരെ കാണാതായത്. രാധാകൃഷ്ണന്റെയും രാജീവന്റെയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും ഗൗതം കൃഷ്ണയുടെ വിവരങ്ങളൊന്നുമില്ല. തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ കഴിഞ്ഞദിവസം നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെമുതൽ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് ഇവർ ഇന്നലെ പ്രതിഷേധമവസാനിപ്പിച്ചു.
ഗൗതം കൃഷ്ണയെ കണ്ടെത്താൻ നാവികസേനയുടെ സഹായം ലഭ്യമാക്കിയിട്ടില്ലെന്നും വ്യോമനിരീക്ഷണം പേരിനുമാത്രമാണെന്നും നേരത്തേതന്നെ ബന്ധുക്കൾ പരാതിയുന്നയിച്ചിരുന്നു. ഒരേ കുടുംബത്തിലെ മൂന്നുപേർ അപകടത്തിൽപ്പെട്ടിട്ടും അധികൃതരാരും ഇവരെ ഫോണിൽപോലും ബന്ധപ്പെട്ടില്ലെന്നും ആക്ഷേപമുണ്ടായി. ഗൗതമിന്റെ സുഹൃത്തുക്കൾ ഇതിനിടെ സ്വന്തം നിലയിൽ തിരച്ചിൽ തുടർന്നെങ്കിലും പ്രയോജനമുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാതെവന്നതോടെയാണ് രേഷ്മ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം പ്രശ്‌നത്തിൽ ഇടപെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഡ്രോൺ പരിശോധന നടത്തും. നാവികസേനയുടെ സഹകരണവും ഉറപ്പുനൽകി. അഴിമുഖത്തിനു പടിഞ്ഞാറ് അപകടമുണ്ടായ സ്ഥലത്ത് മുങ്ങൽ വിദഗ്ധരും പരിശോധനയിൽ പങ്കെടുക്കും. മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ തുടങ്ങിയവരും നാട്ടുകാരും രേഷ്മയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.
Content Highlights: DYFI staged a protest at the Kollam Collectorate demanding an intensified search for Gautam Krishna., Protesters breached police barricades, leading to minor tensions at the site., Two bodies have been recovered, but the search for the third victim continues., Authorities have promised drone surveillance and naval assistance starting Friday morning., Family members allege government negligence and lack of effective search coordination.
Published: 07 Aug 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented