മുതലമട: കേരളത്തില്‍ വനംവകുപ്പിന്റെ കീഴിലുള്ള ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നെങ്കിലും പറമ്പിക്കുളത്തിന് മുന്നിലെ വിലങ്ങുതടി മാറിയില്ല.

To advertise here,

തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശനമുള്ള പറമ്പിക്കുളത്തേക്ക് എത്താന്‍ അവരുടെ അനുമതി ലഭിക്കാത്തതാണ് തുറക്കാന്‍ വൈകുന്നതിന് കാരണം. വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമായ പറമ്പിക്കുളത്ത് മാന്‍പേട മുതല്‍ വരയന്‍പുലി വരെ കാണാറുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് പത്തിനാണ് സങ്കേതം അടച്ചത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പറമ്പിക്കുളത്തെ വിവിധ ആദിവാസി ഊരുകളിലെ 130 പേര്‍ പ്രത്യക്ഷമായും ഇരുന്നൂറോളം പേര്‍ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്.

സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാന്‍ 10 മിനിബസ്സുകള്‍ സജ്ജമായിട്ടുണ്ട്. ഏകദിനസഫാരിക്ക് വരുന്നവര്‍ക്കു പുറമേ താമസിക്കാനെത്തുന്നവര്‍ക്ക് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏറുമാടങ്ങളും കോട്ടേജുകളും ഐ.ബി.കളും ഡോര്‍മിറ്ററികളും പറമ്പിക്കുളത്തുണ്ട്. ഇവിടെ ഒരേസമയം 100 പേര്‍ക്ക് താമസിക്കാം.

2019-'20 സാമ്പത്തികവര്‍ഷം പറമ്പിക്കുളത്തെത്തിയ 93,336 സഞ്ചാരികളില്‍ നിന്നായി 5.52 കോടി രൂപ വരുമാനമുണ്ടായി. ഇതില്‍ രണ്ടുകോടിയോളം രൂപ ആദിവാസിവിഭാഗക്കാരുടെ ശമ്പളമായാണ് നല്‍കിയത്. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഏപ്രില്‍, മേയ് മാസങ്ങളടക്കം കോവിഡ് നിയന്ത്രണത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ വന്‍വരുമാനനഷ്ടമാണുണ്ടായത്.

ആനമല കടുവാസങ്കേതത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള സഞ്ചാരികള്‍ക്ക് കടന്നുവരാന്‍ അനുമതി വേണമെന്നറിയിച്ച് ആനമല ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ വൈശാഖ് ശശികുമാര്‍ പറഞ്ഞു. ഇത് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരിഗണനയിലാണ്. താമസസൗകര്യം നല്‍കരുതെന്ന് ഉത്തരവിലുള്ളതിനാല്‍ ഏകദിനസഫാരി മാത്രമാണ് അനുവദിക്കുക.

Content Highlights: Parambikulam Tiger Reserve, Parambikulam Dam, Kerala Tourism, Travel News