
കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിന്റെ സ്വച്ഛതയ്ക്ക് പകരംവെയ്ക്കാൻ കോട്ടയത്ത് മറ്റൊരിടമുണ്ടാകില്ല. നിറയെ പച്ചിലച്ചാർത്തിന് നടുവിൽ ഏകാന്ത ഇടം. ദൂരെക്കാഴ്ചയിൽ കോട്ടയം കളക്ടറേറ്റ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ കാണാം. വീശിയടിക്കുന്ന മുളങ്കൂട്ടങ്ങൾ എപ്പോഴും ഉള്ളിലേക്ക് കാറ്റിനെ മാടിവിളിക്കും. രണ്ടുനില പൊക്കത്തിലുള്ള മേൽക്കൂരക്ക് താഴെ ഒറ്റനില മന്ദിരം. വലിയ അകത്തളങ്ങളും എട്ട് വലിയ മുറികളും നീളൻ വരാന്തകളും പഴയകാലത്തെ തടിയിൽതീർത്ത ഫർണിച്ചറും നിറഞ്ഞ പ്രൗഢിയുടെ ഈ ‘റിയൽ’ സൗന്ദര്യം 100-ാം വർഷത്തിേലക്ക് എത്തുന്നു. കേരളത്തിലെ പല രാഷ്ട്രീയക്കാരുടെയും ഇഷ്ടയിടമായി മാറിയ അതിഥിമന്ദിരം എത്രയോ രാഷ്ട്രീയ സംഭവങ്ങൾക്ക് നേർസാക്ഷിയായിട്ടുണ്ട്.
ഡേവി സായിപ്പിന്റെ ബംഗ്ളാവ്
1893-ൽ ലണ്ടനിൽനിന്ന് ആലപ്പുഴയിലെത്തിയ എച്ച്. ഡേവി 1925-ലാണ് നാട്ടകം മണിപ്പുഴയ്ക്കടുത്ത് ‘ഉപ്പായിക്കാട്’ എന്നസ്ഥലത്ത് എട്ടരയേക്കർ സ്ഥലം വാങ്ങി ബംഗ്ളാവ് പണിതുതുടങ്ങിയത്. അദ്ദേഹത്തിന്റെ മരണശേഷം 1956-നാണ് കെട്ടിടം സർക്കാരിന് കിട്ടിയത്. ഇവിടെയെത്തി താമസിച്ചവരിൽ സംസ്ഥാനത്തെ ആദ്യ ഗവർണർ രാമകൃഷ്ണറാവു മുതൽ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർവരെയുണ്ട്. പ്രസിഡന്റായിരുന്നപ്പോൾ കെ.ആർ. നാരായണൻ വന്നു. ഒരു ചടങ്ങിൽ പങ്കെടുക്കുംമുന്പ് ഇവിടെയെത്തിയാണ് സോണിയാ ഗാന്ധി കസവുസാരിയുടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നാലുതവണ താമസിക്കാനെത്തി.
ഗസ്റ്റ് ഹൗസിനോട് ഇഷ്ടംകൂടിയവരിൽ പല മുഖ്യമന്ത്രിമാരുണ്ട്. പുതുപ്പള്ളി വീടും പുതുപ്പള്ളി ഹൗസും കഴിഞ്ഞാൽ ഉമ്മൻചാണ്ടിക്ക് ഏറെയിഷ്ടം ഈ ഗസ്റ്റ് ഹൗസായിരുന്നു. താമസത്തിനോ, ഭക്ഷണത്തിലോ കടുത്ത തീരുമാനമില്ലാതെ ഒരുനേരം കിടന്നുറങ്ങാൻ മാത്രം വന്നുപോയ നേതാവ്. കെ.എം മാണിയും ഉമ്മൻചാണ്ടിയും ഒന്നിച്ച് താമസിച്ചിട്ടുണ്ട്. അപ്പോൾ സീനിയർ നേതാവായ മാണിക്ക് കിട്ടും ഒന്നാംനന്പർ മുറി. പലപ്പോഴും കുടുംബത്തെയും മാണി ഒപ്പംകൂട്ടും. ആരുവന്നാലും അവർക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാൻ പരിശീലനം നേടിയ ജീവനക്കാരുണ്ട്. സായിപ്പിന്റെകാലം മുതലുള്ള ചില പേരിലാണ് ഇന്നും ചില തസ്തിക. മാനേജർ, പാചകത്തിന് നേതൃത്വം കൊടുക്കുന്ന ബട്‌ലർ, അടുക്കളയിൽ സഹായിക്കുന്ന കിച്ചൻമേട്ടി അടക്കം 10 ജീവനക്കാരുണ്ട്. ഗസ്റ്റ് ഹൗസിലെ ഫിഷ്‌കറി മീൽസും പൊള്ളിച്ചെടുത്ത കരിമീനും എന്നും ജനപ്രിയ വിഭവം. മീൻകറി കൂട്ടിയുള്ള ഊണിന് ഇന്നും 130 രൂപ മാത്രം. വർഷങ്ങൾക്കുമുന്പ് പുതുക്കിയ നിരക്ക്. പാർട്ടി സെക്രട്ടറിയായിരുന്ന കാലം മുതൽ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെവന്ന് താമസിച്ചിരുന്നു. പിന്നീട് ഈ അതിഥിമന്ദിരങ്ങളുടെ വകുപ്പ് മന്ത്രിയായിട്ടുണ്ട് കോടിയേരി. വടക്കൻ കേരളത്തിലുള്ള നേതാക്കൾക്ക് പ്രഭാതഭക്ഷണം പുട്ടും കടലയും പപ്പടവും ഏത്തപ്പഴം പുഴുങ്ങിയതും നിർബന്ധം. എന്നാൽ തെക്കോട്ടുള്ളവർക്ക് ഇഡ്ഡലിയും അപ്പവും മുട്ടയുമാണ് പ്രിയം.
ചിട്ടയോടെ വിഎസ്
വിഎസിന് മുറിയിൽ കിടക്കയും തലയണയും വേണ്ടെന്ന് ജീവനക്കാർക്ക് നിർദേശമുണ്ട്. കൊതുകിനെ തുരത്താൻ കുന്തിരിക്കം പുകയ്‌ക്കണം. ആഹാരത്തിൽ പച്ചക്കറിമാത്രം. ഉൗണിന് അവിയൽ നിർബന്ധം. രാവിലെ പല്ലുതേയ്ക്കാൻ മാവിലയും ഈർക്കിലിയും വേണം. മുഖ്യമന്ത്രി പിണറായി വിജയന് പ്രഭാതഭക്ഷണത്തിനൊപ്പം പഴുത്ത പപ്പായ വേണം. ഉമ്മൻചാണ്ടിക്ക് രാത്രിയിൽ കഞ്ഞിയും ചെറുപയറും ചമ്മന്തിയും കിട്ടിയാൽനന്ന്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മൻചാണ്ടി കോട്ടയത്ത് നടന്ന ജനസമ്പർക്ക പരിപാടി കഴിഞ്ഞ് വെളുപ്പിന് രണ്ടരയ്ക്ക് വന്ന് കഞ്ഞികുടിച്ചിട്ടുണ്ട്.
മുറിവാടക പലവിധം
കാബിനറ്റ് പദവി മുതല്‍ വിവിധ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിവിധ നിരക്കിലാണ് മുറിവാടക. ഒരു മ്യൂസിയം പോലുള്ള കാഴ്ചയുണ്ട്. തടിയില്‍ തീര്‍ത്ത കുട്ടിയാനകളുടെ മുകളില്‍ മേശ. ചിത്രപ്പണികളുള്ള അലമാരകള്‍, സായിപ്പ് ഉപയോഗിച്ചിരുന്ന വെള്ളിത്തളികകളും സ്പൂണും ഫോര്‍ക്കും. കാഴ്ചവസ്തുക്കളായി ചില്ലമാരയില്‍ വെങ്കലത്തില്‍ തീര്‍ത്ത പാമ്പിന്റെ രൂപം മുതല്‍ ഉറുമ്പ് വരെ.
ഓണ്‍ലൈനില്‍ ബുക്കുചെയ്താല്‍ മുറിയെടുക്കാനാവും. ആദ്യമായി ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച, ഡയറി ഫാമുള്ള, ജനറേറ്ററില്‍ വൈദ്യുതീകരിച്ച, ബംഗ്ലാവില്‍ ഡേവിയോടൊപ്പം മദാമ്മ എന്നറി യപ്പെട്ടിരുന്ന ഭാര്യയുണ്ടായിരുന്നു. തലശ്ശേരി സ്വദേശിയായ മദാമ്മയുടെ പേര് അന്നുമിന്നും ആര്‍ക്കുമറിയില്ല. വേഷവിധാനത്തിലും പെരുമാറ്റത്തിലും മദാമ്മ എന്ന പേര് അന്വര്‍ഥമാക്കിയവര്‍. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ആ ചരിത്രത്തിലേറി മനസ്സ് പിന്നാക്കം പോകുന്നു ഒരു നിമിഷം. സ്‌നേഹിച്ച് കൊതിതീരാതെയാകണം അവര്‍ ഇവിടംവിട്ട് പോയിട്ടുണ്ടാകുക. അത്ര സുന്ദരമാണ് ഈ വീടകം.
Content Highlights: Nattakam Government Guest House
Published: 24 Aug 2025, 09:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented