കൊച്ചി: വിനോദസഞ്ചാരമേഖലയില്‍ വികസനവും തൊഴില്‍സാധ്യതകളും തുറന്നിട്ട് ചലഞ്ച് പ്രതീക്ഷകളോടെ കേന്ദ്രബജറ്റ്. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ, ചലഞ്ച് മോഡില്‍ രാജ്യത്ത് 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മെഡിക്കല്‍ ടൂറിസത്തിനും ആധ്യാത്മികയാത്രകള്‍ക്കും പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ്, ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വാഗ്ദാനംചെയ്യുന്നു. വിസ ഫീസ് ഇളവുകള്‍ക്കൊപ്പം കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

To advertise here,

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കാനുള്ള ഭൂമി സംസ്ഥാനങ്ങള്‍ നല്‍കണം. ആ സ്ഥലങ്ങളിലെ ഹോട്ടലുകളെ സര്‍ക്കാരിന്റെ ഏകീകൃത അടിസ്ഥാനസൗകര്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ഹോംസ്റ്റേകള്‍ക്ക് മുദ്രാലോണ്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

കേരളത്തില്‍ ശബരിമലയും കാലടിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്ക് ആധ്യാത്മിക തീര്‍ഥാടനപദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന. ശ്രീബുദ്ധന്റെ ജീവിതവും കാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ബജറ്റില്‍ പറയുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, യാത്രാസൗകര്യം മെച്ചപ്പെടുത്തല്‍, കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങള്‍ തുടങ്ങിയവയും ബജറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.