ടൂറിസം കോൺക്ലേവിൽ, മലബാറിലെ ടൂറിസം മേഖല ശക്തിപ്പെടുത്താനുള്ള അഞ്ച് ആശയങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്. ഹരികിഷോർ.

To advertise here,

ദേശീയ, അന്താരാഷ്ട്ര ഹോട്ടൽ ബ്രാൻഡുകളെ മലബാറിന്റെ മണ്ണിലെത്തിക്കുക. ഐ.എച്ച്.സി.എൽ(താജ്, ഗെയ്റ്റ് വേ, വിവാന്ത, ജിൻജർ)-375, മാരിയറ്റ് ഇന്റർനാഷണൽ-200, ഐ.ടി.സി. ഹോട്ടൽസ് 150, റാഡിസൺ-142, ലെമൺ ട്രീ ഹോട്ടൽ 130 എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളുടെ ഹോട്ടൽ ശൃംഖലകൾ ലോകമാകെ വ്യാപിച്ചുകിടക്കുമ്പോഴും മലബാറിൽ ഉള്ളത് വിരലിലെണ്ണാവുന്നവ മാത്രം. ഇതിന് പരിഹാരമായി മുൻ നിരയിലുള്ള 20 ഹോട്ടൽശൃംഖലകളുടെ വൺ ടു വൺ ഇൻവെസ്റ്റർ മീറ്റ് സംഘടിപ്പിക്കുക. ഭൂമിയും അവിടെ ഹോട്ടൽ തുടങ്ങാൻ അതിവേഗമുള്ള അനുമതിയും ഉറപ്പ് നൽകുക.

കൊച്ചിയെ ലക്ഷ്യമിടുക. സഞ്ചാരികൾ കൊച്ചിയിലിറങ്ങി സാധാരണ തെക്കൻ ജില്ലകളിലേക്കാണു പോകുന്നത്. കൊച്ചിയിലെ ടൂർ ഓപ്പറേറ്റർമാരും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളുമായി സഹകരിച്ച് മലബാറിനെ പരിചയപ്പെടുത്തുന്ന ട്രിപ്പുകൾ ഒരുക്കുക.

മലബാറിന്റെ മാത്രം പ്രത്യേകതയായി എന്തെങ്കിലുമൊരു ഉത്സവം ഒരുക്കുക. ഉദാഹരണത്തിന് ഒരു നൂറുദിന തെയ്യം ഫെസ്റ്റിവൽ. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി നാനൂറിലധികം വ്യത്യസ്ത തെയ്യങ്ങൾ കാണാനും ആസ്വദിക്കാനും അവസരമൊരുക്കുക.

ഒക്ടോബർ പകുതി മുതൽ മേയ് അവസാനം വരെയോ മറ്റോ ഒരു കാലയളവു തിരഞ്ഞെടുക്കുക. ഏതെല്ലാം ദിവസങ്ങളിൽ, ഏതെല്ലാം തെയ്യങ്ങൾ, എവിടെയെല്ലാം എന്നതുൾപ്പെടുത്തി ഒരു കലണ്ടർ തയ്യാറാക്കുക.

അടുത്ത മൂന്നുവർഷം മലബാറിന്റെ ടൂറിസംരംഗത്ത് മൂന്നു കാര്യങ്ങളിൽ ശ്രദ്ധനൽകുക. 2026-27 വർഷം ആയുർവേദം, സുഖചികിത്സ എന്നിവയ്ക്ക് പ്രാധാന്യം നൽകുക. 2027-28 വർഷം ശ്രദ്ധ നൽകേണ്ടത് സാംസ്‌കാരികവും പൈതൃകവും മുൻനിർത്തിയുള്ള തെയ്യം ഫെസ്റ്റിവൽ പോലുള്ളവയിലാണ്. 2028-29 വർഷം സാഹസിക ടൂറിസത്തിനാവണം പ്രാധാന്യം നൽകേണ്ടത്.

പൈതൃകസ്ഥലങ്ങളിലെയും സ്മാരകങ്ങളിലെയും സൗകര്യങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഹെറിറ്റേജ് 2.0 എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതാണ് പദ്ധതി. 31 ധാരണാപത്രങ്ങളും ഇതിന്റെ ഭാഗമായി ഒപ്പിട്ടുകഴിഞ്ഞു. ഇതിനു സമാനമായ പദ്ധതി മലബാറിലും ആവിഷ്‌കരിച്ചു നടപ്പാക്കുക.