കോഴിക്കോട്: മാനസികമായോ ശാരീരികമായോ ആത്മീയമായോ നമുക്ക് സൗഖ്യം തരുന്നതെന്താണോ അതാണ് സ്വാസ്ഥ്യമെന്നും അതിന് മലബാറിൽ സാധ്യതയുണ്ടെന്നും പറഞ്ഞുവെച്ച് 'സൗഖ്യമേകുന്ന മലബാർ: ആരോഗ്യ വെൽനസ് ടൂറിസം' ചർച്ച. മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മണി, കാലിക്കറ്റ് ഹരിവിഹാർ മാനേജിങ് ഡയറക്ടർ ഡോ. ശ്രീകുമാർ, ഫേവറിറ്റ് കേരള ആയുർവേദ ആൻഡ് വെൽനസ് സെന്റർ ചീഫ് ഫിസിഷ്യൻ ഡോ. അക്കമ്മ ചാണ്ടി എന്നിവരാണ് സാധ്യതകൾ പങ്കുവെച്ചത്.

To advertise here,

കോഴിക്കോടിന്റെ തീരവും വയനാടിന്റെ കാടും പ്രകൃതിയും എല്ലാം വലിയ സാധ്യതയാണെന്ന് ഡോ. മിലി മണി പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഫിസിയോ തെറാപ്പിയുമെല്ലാം ഉണ്ട്. മികവിന്റെ കേന്ദ്രമാകണം. അതിന് ബ്രാൻഡിങ് പ്രധാനമാണ്. സുഖപ്പെടുത്തുന്ന, പുനരുജ്ജീവിപ്പിക്കുന്ന, വീണ്ടെടുക്കുന്ന ഇടമെന്ന രീതിയിൽ മലബാർ, ബ്രാൻഡ് ചെയ്യപ്പെടണമെന്ന് അവർ പറഞ്ഞു.

നല്ല മനുഷ്യർ, നല്ല ഭക്ഷണം, തെയ്യം- തിറ എന്നിവയെല്ലാംചേർന്ന സംസ്‌കാരം നമുക്കുണ്ടെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. മാലിന്യംനിറഞ്ഞ ഇടംകാണുന്ന രീതിയുണ്ടാവരുത്. മാലിന്യപരിപാലനം പ്രധാനമാണ്. സർക്കാരിനെ കുറ്റംപറയാതെ ജനങ്ങൾ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദത്തിൽ പ്രധാനം ആരോഗ്യപരിപാലനമാണ്. പിന്നെയാണ് ചികിത്സ. നമ്മുടെ ദിനചര്യ, ഉറക്കം, സമ്മർദം ഒഴിവാക്കുക എന്നിവയെല്ലാം സൗഖ്യത്തിൽ പ്രധാനമാണെന്ന് ഡോ. അക്കമ്മ ചാണ്ടി പറഞ്ഞു.

ഭക്ഷണം കഴിക്കാം, അത് ആരോഗ്യകരമായിരിക്കണം, ഒപ്പം അളവ് പ്രധാനമാണെന്ന് കൂടി എല്ലാവരും ഓർമ്മിപ്പിച്ചു. മാതൃഭൂമി ലൈഫ് സ്‌റ്റൈൽ ക്ലസ്റ്റർ സീനിയർ സബ് എഡിറ്റർ പി.വി. സുരാജ് മോഡറേറ്ററായി.