ബോളിവുഡ് നടി ജാൻവി കപൂറിന്റെ കൊച്ചി സന്ദർശനത്തിന്റെ ചിത്രങ്ങൾ വൈറലാവുന്നു. കഴിഞ്ഞദിവസം കൊച്ചിയിലെ വിവിധയിടങ്ങൾ സന്ദർശിച്ച താരം കേരള ഡയറീസ് എന്ന ടാ​ഗിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് ജാൻവി കൊച്ചിയിൽ ഒന്നുകറങ്ങിയത്. 

To advertise here,

സിദ്ധാർത്ഥ് മൽഹോത്ര നായകനാവുന്ന പരം സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ജാൻവി കപൂർ കൊച്ചിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ വേഷത്തിലാണ് ജാൻവി ഈ ചിത്രത്തിലെത്തുന്നത്. ജൂതത്തെരുവും പൂർണത്രയീശ ക്ഷേത്രവും താരം സന്ദർശിച്ചു. നടൻ റോഷൻ മാത്യുവും ജാൻവിക്കൊപ്പമുണ്ടായിരുന്നു. ഉൽഝാ എന്ന ചിത്രത്തിൽ മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

നിരവധി പേരാണ് ജാൻവിയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായെത്തിയത്. ജാൻവി എന്നാണ് കൊച്ചിയിലെത്തിയതെന്നും ഇതൊക്കെ എപ്പോൾ സംഭവിച്ചെന്നുമാണ് പലർക്കും അറിയേണ്ടിയിരുന്നത്. കേരളയാത്ര നന്നായി ആസ്വദിക്കുകയാണല്ലേ എന്നാണ് ജാൻവിയുടെ പിതാവ് ബോണി കപൂർ കമന്റ് ചെയ്തത്.

ജൂത തെരുവ്

കേരളത്തിലേക്ക് ചേക്കേറിയ ജൂതരുടെ സങ്കേതമായിരുന്നു മട്ടാഞ്ചേരി. ഇതിന്റെ ഓർമകൾ പേറുന്ന സ്മാരകങ്ങൾക്കരികിലൂടെ ഇന്ന് ചരിത്രസ്‌നേഹികൾക്കൊപ്പം വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നു. എറണാകുളത്ത് നിന്നും പത്ത് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെയെത്താം. സുഭാഷ് പാർക്കിനടുത്ത് നിന്നുമുള്ള ബോട്ട് സർവീസ് വഴിയോ ബസ്സിലോ ഇവിടേക്ക് യാത്ര തിരഞ്ഞെടുക്കാം. ഡച്ച് നിർമിത കെട്ടിടങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള സിനഗോഗ് സ്ഥിതി ചെയ്യുന്നതും മട്ടാഞ്ചേരിയിലാണ്. 1568 ൽ കൊച്ചിയിലെത്തിയ മലബാർ യഹൂദരാണ് ഈ സിനഗോഗ് നിർമിച്ചത്. രാമവർമ്മ രാജയാണ് ഈ സിനഗോഗ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയത്. ഇടുങ്ങിയ ജൂതത്തെരുവിന്റെ കോണിൽ ഈ സ്മാരകം കാണാൻ അഭ്യന്തര സഞ്ചാരികൾ പോലും യാത്രക്കിടയിൽ സമയം കണ്ടെത്തുന്നു. കൊട്ടാരത്തിനും അമ്പലത്തിനുമിടയിലാണ് ഈ സിനഗോഗിന്റെ സ്ഥാനമെന്നതും പ്രാധാന്യമർഹിക്കുന്നു. പഴയന്നൂർ ക്ഷേത്രം, ഡച്ച് കൊട്ടാരം, ജൂതത്തെരുവ്, ഡച്ച് സെമിത്തേരി എന്നിവയെല്ലാം ഇവിടെ കാണാം.

placeholder
ഫോട്ടോ: സിദ്ദിഖുൽ അക്ബർ

പൂർണത്രയീശ ക്ഷേത്രം

തൃപ്പൂണിത്തുറയിലാണ് പൂർണത്രയീശക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജ്യത്തിലെ എട്ട് രാജകീയ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണിത്. സന്താനഗോപാലമൂർത്തീ ഭാവത്തിൽ മഹാവിഷ്ണുവാണു പ്രധാന പ്രതിഷ്ഠ.

placeholder
ഫോട്ടോ: ബി.മുരളികൃഷ്ണൻ

വർഷത്തിൽ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂർവമായ ക്ഷേത്രംകൂടിയാണിത്. വൃശ്ചികോത്സവമാണ് കൂട്ടത്തിൽ ഏറെ വിശിഷ്ടം.എല്ലാ വർഷവും വൃശ്ചികമാസത്തിലെ ചോതി നക്ഷത്രം വരുന്ന ദിവസമാണ് കൊടിയേറ്റ്. തിരുവോണം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം അവസാനിക്കുന്നത്. ദിവസവും പതിനഞ്ച് ആനകളെയും എഴുന്നള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ പ്രധാനം.എറണാകുളം ന​ഗരത്തിൽനിന്ന് ഏകദേശം 10 കി.മീ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.