സിനിമാത്തിരക്കുകൾക്ക് ശേഷം വ്യക്തിഗത യാത്രകൾ ചെയ്യാനിഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. 2025-ൽ നടൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഒരുമിച്ചിരുന്ന നിമിഷങ്ങളും യാത്രകളുമെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

To advertise here,

കഴിഞ്ഞ ദിവസങ്ങളിലായി നോർവേയിൽ അവധി ആഘോഷിക്കുന്ന ടൊവിനോ മഞ്ഞുവീണ വഴികളിൽ നിൽക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ധ്രുവദീപ്തി (അറോറ-Aurora) നേരിട്ട് കണ്ടതിന്റെ ആഹ്ലാദം പങ്കുവെച്ചിരിക്കുകയാണ് താരം.

പച്ചനിറത്തിലുള്ള ധ്രുവദീപ്തി കണ്ട് ആഹ്ളാദത്തോടെ ‘കണ്ടോ’ എന്ന് പറഞ്ഞ് ആകാശത്തേക്ക് കൈകളുയർത്തിക്കാണിക്കുന്ന തന്റെ വീഡിയോ 'ബക്കറ്റ്‌ലിസ്റ്റ് ചെക്ക്ഡ്' എന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ശേഷം അറോറ പശ്ചാത്തലമായി നിൽക്കുന്ന ടൊവിനോയുടെ ചിത്രങ്ങളും ധ്രുവദീപ്തി പ്രതിഭാസത്തിൻെറ ചിത്രങ്ങളും വീഡിയോകളും മറ്റൊരു പോസ്റ്റിലൂടെ പുറത്തുവന്നു. നോർവേയിലെ ഭാഷയായ നോർവീജനിൽ നോർവേ എന്ന് എഴുതിയ സൈൻ ബോർഡിന്റെ ചിത്രവും മഞ്ഞയും ഇളംചുവപ്പും കലർന്ന അറോറയുടെ ആകാശച്ചിത്രവും ടൊവിനോ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടു. 

എന്താണ് ധ്രുവദീപ്തി
സൗരക്കാറ്റിൽനിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ആകാശത്തിലെ നിറക്കൂട്ടിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള സാങ്കേതികനാമം അറോറ (Aurora) എന്നാണ്.

ഉത്തരാർധഗോളത്തിൽ ഇതു സംഭവിക്കുമ്പോൾ അതിന് അറോറ ബോറിയലിസ് (Aurora borealis) എന്നും ദക്ഷിണാർധഗോളത്തിൽ അറോറ ഓസ്ട്രലിസ് (Aurora australis) എന്നും അറിയപ്പെടുന്നു. അനൗപചാരികമായി ഇവ നോർത്തേൺ ലൈറ്റ്-സതേൺ ലൈറ്റ് എന്നും പറയപ്പെടാറുണ്ട്. 

ധ്രുവദീപ്തി പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. അതിശക്തമായ ധ്രുവദീപ്തി നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കും. അതിശക്തമല്ലെങ്കിൽ ക്യാമറയിൽ കൂടി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. ഈ പ്രതിഭാസം കേരളത്തിലെ ആകാശത്തിൽനിന്നു കാണാനുള്ള സാധ്യത തീരേ കുറവാണ്.

ഇതിൽ കേരളം എന്നുമാത്രമല്ല, ഭൂമധ്യരേഖയുടെ അടുത്തുള്ള ഒരുപ്രദേശത്തുനിന്നും ഈ പ്രക്രിയ കണ്ണുകൊണ്ട് കാണാൻകഴിയില്ല. അങ്ങനെ പറയുമ്പോൾ ഇന്ത്യക്കാർതന്നെ കാണാനുള്ള ചാൻസ് കുറവാണെന്നർഥം.

നോർവേയിലെ ട്രോംസോ ആണ് ഉത്തരധ്രുവ ദീപ്തി കാണാൻ ഏറ്റവും മികച്ചയിടം. നോർവീജിയൻ ആർട്ടിക്കിലെ അറോറ സോണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം വടക്കൻ ധ്രുവദീപ്തികൾ കാണാനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്.

സ്വീഡനിലെ ലാപ് ലാന്റ്, ഐസ് ലന്റിലെ റേയ്ക്ജവിക്, കാനഡയിലെ യുകോൺ, ഫിൻലൻഡിലെ റൊവാനിയേമി, ഗ്രീൻലന്റിലെ ഇലുലിസറ്റ് തുടങ്ങിയിവിടങ്ങളിലെല്ലാം ധ്രുവദീപ്തി ഭംഗിയായി കാണാം.