ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി വളർന്നിട്ടും തന്റെ പഴയ ചില ശീലങ്ങളും ജീവിതരീതിയും മറക്കാത്ത ആളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി. തന്റെ ഫാമിൽ ട്രാക്ടർ ഓടിക്കുന്നതും റാഞ്ചിയിലെ തെരുവുകളിലൂടെ സുരക്ഷാ അകമ്പടിയില്ലാതെ ബൈക്ക് ഓടിക്കുന്നതുമായ ധോണിയുടെ ചിത്രങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ, ധോണിയുടെ ജീവിതത്തിന്റെ മറ്റൊരു നേർക്കാഴ്ച പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റാണ് ഭക്ഷണപ്രേമികൾക്കിടയിലും ക്രിക്കറ്റ് ആരാധകർക്കിടയിലും ചർച്ചയാകുന്നത്.

To advertise here,

റാഞ്ചി-ജംഷഡ്പൂർ ഹൈവേയിലെ ഒരു ചെറിയ തട്ടുകടയോടുള്ള (ധാബ) ധോണിയുടെ സ്നേഹമാണ് വൈറൽ കുറിപ്പിലുള്ളത്.

സഞ്ജയ് മുഖർജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ ധാബയിൽ കരിയറിന്റെ തുടക്കകാലം തൊട്ടേ ധോണി എത്തുമായിരുന്നു. ലോകകപ്പ് വിജയങ്ങളും രാജ്യാന്തര പ്രശസ്തിയും ധോണിയെ തേടിയെത്തിയിട്ടും ഈ ചെറിയ ധാബയോടുള്ള പ്രിയം അദ്ദേഹം മറന്നില്ല.

താരം കടന്നുപോകുമ്പോൾ ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാൻ ഇന്നും ധോണി എത്തുമ്പോൾ പ്രത്യേക സജ്ജീകരണങ്ങളാണ് ധാബയിൽ ഒരുക്കാറുള്ളത്. 

ധാബയുടെ പിന്നാമ്പുറത്ത് ശിവവിഗ്രഹത്തിന് സമീപം ധോണിക്കായി മാത്രം ഒരു മേശ ഒരുക്കിനൽകാറുണ്ട്. 

ആരാധകരുടെ വലിയ തിരക്ക് ഒഴിവാക്കാൻ വിശ്വസ്തരായ ജീവനക്കാർ മാത്രമാണ് ഭക്ഷണം വിളമ്പുക.

ഒരിക്കൽ ഇവിടെ ഭക്ഷണം കഴിച്ച ശേഷം ജീവനക്കാർക്കായി ധോണി 6,000 രൂപ ടിപ്പ് നൽകിയതായും പറയപ്പെടുന്നു.

ധോണിയുടെ പ്രിയപ്പെട്ട മെനു

ഈ ധാബയിലെത്തിയാൽ ഓർഡർ ചെയ്യുന്ന കാര്യത്തിൽ ഇന്നും ധോണിക്ക് യാതൊരു മാറ്റവുമില്ല. 

ബോൺലെസ്സ് ചില്ലി ചിക്കൻ, ബട്ടർ നാൻ, മാംഗോ ഡ്രിങ്ക് എന്നിവയാണ് ധോണി സ്ഥിരമായ ഓർഡർ ചെയ്യാറുള്ളത്. 

ഭക്ഷണത്തോടുള്ള ഇഷ്ടം മാത്രമല്ല ധോണിയെ ഈ ധാബയുമായി അടുപ്പിച്ചു നിർത്തുന്നത്. 2007-ൽ ഉടമ സഞ്ജയ് മുഖർജിയുടെ മകന്റെ പൂണൂൽ ചടങ്ങിന്  ധോണി ഈ കുടുംബത്തിന് മാരുതി സ്വിഫ്റ്റ് കാർ സമ്മാനമായി നൽകിയെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.

"അത് ക്യാമറകൾക്ക് മുന്നിൽ കാണിക്കാൻ വേണ്ടി ചെയ്ത ഒരു പ്രകടനമായിരുന്നില്ല. അവിടെ അത് പകർത്താൻ ക്യാമറക്കണ്ണുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല." - വൈറൽ പോസ്റ്റിൽ പറയുന്നു.