കൊടുംചൂടില്‍ നഗരയാത്രയ്ക്ക് ആശ്വാസം പകരാന്‍ എ.സി. സബര്‍ബന്‍ തീവണ്ടി സജ്ജമായി. ചെന്നൈയിലെ ആദ്യ എ.സി. തീവണ്ടി ചെന്നൈ ബീച്ച്-താംബരം റൂട്ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഓടിത്തുടങ്ങും. രണ്ടാമത്തെ തീവണ്ടിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും.

To advertise here,

പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യില്‍ നിര്‍മിച്ച 12 കോച്ചുകളടങ്ങിയ എ.സി. സബര്‍ബന്‍ തീവണ്ടി ബുധനാഴ്ചയാണ് അവതരിപ്പിച്ചത്. അടുത്തുതന്നെ ഇത് ദക്ഷിണ റെയില്‍വേക്ക് കൈമാറും.

കൊടും ചൂടില്‍ കുളിരുപകരുമെന്നതിനു പുറമേ, ഓട്ടോമാറ്റിക് വാതിലുകളും സി.സി.ടി.വി. ക്യാമറകളും എല്‍.ഇ.ഡി. ഡിസ്പ്ലേയും പോലുള്ള ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച തീവണ്ടിക്ക് അറ്റകുറ്റപ്പണികള്‍ വളരെ കുറച്ചുമാത്രമേ വേണ്ടി വരൂ. മെട്രോ വണ്ടികളിലേതിനു സമാനമായ ഇലക്ട്രോ ന്യൂമാറ്റിക് ബ്രേക്കിങ് സംവിധാനം 35 ശതമാനത്തോളം ഊര്‍ജലാഭമുണ്ടാക്കും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എന്‍ജിന്‍ ഡ്രൈവറുമായോ ഗാര്‍ഡുമായോ സംസാരിക്കാനുള്ള സൗകര്യമുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വണ്ടിയില്‍ 1,320 പേര്‍ക്ക് ഇരുന്നും 3,800 പേര്‍ക്ക് നിന്നും യാത്രചെയ്യാനാവും.

ദക്ഷിണ റെയില്‍വേക്ക് ലഭിക്കുന്ന ആദ്യ എ.സി. സബര്‍ബന്‍ തീവണ്ടിയാണിത്. മുംബൈ സബര്‍ബന്‍ പാതയില്‍ സെന്‍ട്രല്‍ റെയില്‍വേയും വെസ്റ്റേണ്‍ റെയില്‍വേയും ദിവസവും 96 എ.സി. സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ചെന്നൈയിലെ എ.സി. വണ്ടിയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. സബര്‍ബന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിനു സമാനമായിരിക്കും ഇതെന്നാണ് അറിയുന്നത്.