ബെംഗളൂരു: ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നടപടി. നിര്‍മാണക്കരാറില്‍നിന്ന് എല്‍ ആന്‍ഡ് ടി കമ്പനി പിന്‍മാറിയതിനെത്തുടര്‍ന്ന് മുടങ്ങിയ പണികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ടാം ഇടനാഴിയായ മല്ലിഗെ ലൈനിന്റെ നിര്‍മാണത്തിനാണ് കെ-റൈഡ്(കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കമ്പനി) ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

To advertise here,

സ്ഥലം ഏറ്റെടുത്തുനല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് രണ്ടാം ഇടനാഴിയായ ബയ്യപ്പനഹള്ളി-ചിക്കബാനവാര വരെയുള്ള മല്ലിഗെലൈന്‍, നാലാം ഇടനാഴിയായ ഹീലലിഗേ-രാജനകുണ്ഡേ കനക ലൈന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്‍ ആന്‍ഡ് ടി പിന്‍മാറിയത്. ഇതില്‍ മല്ലിഗെ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ നടപടി ആരംഭിച്ചത്. മൂന്ന് വ്യത്യസ്ത പാക്കേജുകളായിട്ടാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. രണ്ട് പാക്കേജുകളില്‍ ഉള്‍പ്പെടുന്ന പണികള്‍ 18 മാസത്തിനകവും ഒരു പാക്കേജ് 24 മാസത്തിനുള്ളിലും തീര്‍ക്കണം.

നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് മെട്രോ റെയില്‍ പോലെത്തന്നെ സബര്‍ബന്‍ റെയിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ബെംഗളൂരു സൗത്ത് എന്നീ മൂന്ന് ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സബര്‍ബന്‍ റെയില്‍പാതയ്ക്ക് നാല് ഇടനാഴികളിലായി 148 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഒന്നും മൂന്നും ഇടനാഴികളായ സമ്പിഗേ, പാരിജാത ലൈനുകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല.

മല്ലിഗെ, കനക ലൈനുകളുടെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നിര്‍മാണം വൈകിയതോടെ രണ്ടുവര്‍ഷമെങ്കിലും നീളാനാണ് സാധ്യത.

മല്ലിഗെ ലൈനിലെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ജനുവരിയിലാകും പൂര്‍ത്തിയാക്കുക. അതിനുശേഷം കരാര്‍ നല്‍കി പണിപൂര്‍ത്തിയാക്കാന്‍ 24 മാസം കഴിയണം. കനക ലൈനിലെ പണികള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുമില്ല.

മല്ലിഗെ ലൈനില്‍ 14 സ്റ്റേഷനുകളുണ്ട്. ഇതില്‍ ആറെണ്ണം ആകാശപാതയിലായിരിക്കും. ചിക്കബാനവാര, മയദാരഹള്ളി, ഷെട്ടിഹള്ളി, ജാലഹള്ളി, യശ്വന്തപുര, ലൊട്ടഗോലഹള്ളി, ഹെബ്ബാള്‍, കനകനഗര്‍, നാഗവാര, കാവേരിനഗര്‍, ബാനസവാടി, സേവാനഗര്‍, കസ്തൂരി നഗര്‍, ബയ്യപ്പനഹള്ളി എന്നിവയാണ് സ്റ്റേഷനുകള്‍. 25.01 കിലോ മീറ്ററാണ് ദൈര്‍ഘ്യം.

സബര്‍ബന്‍ റെയില്‍ പാതയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് കനക ലൈനാണ് (46.24 കിലോ മീറ്റര്‍). 19 സ്റ്റേഷനുകളുണ്ട്. രാജനകുണ്ഡെ, മുദ്ദേനഹള്ളി, യെലഹങ്ക , ജക്കൂര്‍, ഹെഗ്ഡെ നഗര്‍, തന്നിസാന്ദ്ര, ഹെന്നൂര്‍, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗനഹള്ളി, കഗദാസപുര, ദൊഡ്ഡേനകുണ്ഡി, മാറത്തഹള്ളി, ബെലന്തൂര്‍ റോഡ്, കര്‍മലാരം, അംബേദ്കര്‍ നഗര്‍, ഹുസ്‌കൂര്‍, സിങ്കേനഅഗ്രഹാര, ബൊമ്മസന്ദ്ര, ഹീലലിഗേ എന്നിവയാണ് സ്റ്റേഷനുകള്‍.