കാരവനിൽ തേക്കടിയിലെത്തിയ വിനോദ സഞ്ചാരികൾ
ടൂറിസം രംഗത്തിന് ഉണര്‍വ് പകര്‍ന്ന് കാരവനില്‍ ലോകം ചുറ്റുന്ന വിദേശ വിനോദസഞ്ചാരി സംഘം തേക്കടിയിലെത്തി. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള 31 അംഗസംഘമാണ് 16 കാരവാനിലായി തിങ്കളാഴ്ച ഉച്ചയോടെ എത്തിയത്. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് ഇത്ര വലിയൊരു കാരവന് സംഘം തേക്കടിയിലെത്തിയത്.
അഞ്ച് രാജ്യങ്ങള്‍ പിന്നിട്ട് റോഡുമാര്‍ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി സഞ്ചാരികള്‍ പറഞ്ഞു. വാഹനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രൂപമാറ്റംവരുത്തി എന്നാരോപിച്ച് പതിനായിരം രൂപ പിഴ ഈടാക്കാനും ശ്രമിച്ചു. ഒടുവില്‍ ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ചില്ലറ കല്ലുകടിയുണ്ടായെങ്കിലും ഇവര്‍ക്ക് കൊച്ചിയും തേക്കടിയും ഏറെ ഇഷ്ടപ്പെട്ടു.
33,000 യൂറോ, അതായത് 30 ലക്ഷം രൂപ
ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള വ്യവസായ സംരംഭകരും പങ്കാളികളുമാണ് ലോകയാത്ര നടത്തുന്നത്. ജര്‍മനിയില്‍നിന്നുള്ള സംഘം സ്വിറ്റ്സര്‍ലന്‍ഡിലെത്തി അവിടെനിന്നാണ് നാലരമാസം മുന്‍പ് യാത്ര തിരിച്ചത്. ജോണ്‍ സ്ലാഹിനാണ് ക്യാപ്ടന്.
പത്ത് ടണ്‍ ഭാരമുള്ള 16 കാരവന് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഒരു ചെറുകുടുംബത്തിനു കഴിയാവുന്നതരത്തില്‍ രൂപമാറ്റം ഒരോ വാഹനങ്ങളില്‍ നടത്തിയിട്ടുണ്ട്.
കിടക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വാഹനത്തില്‍ സൗകര്യമുണ്ട്. എല്ലാ വാഹനങ്ങളിലും സോളാര്‍ പാനലുകള്‍ ഉണ്ട്.
സംഘം ഇതിനോടകം തുര്‍ക്കി, ഇറാന്, ജോര്‍ജിയ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. ഓസ്ട്രേലിയയില്‍ യാത്ര അവസാനിക്കും.
ലോക സഞ്ചാരത്തിനായി ഓരോരുത്തരും 33,000 യൂറോയാണ് ചെലവഴിക്കുന്നത്. ഇത് മുപ്പത് ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ്. അടുത്തദിവസം കന്യാകുമാരിവഴി തമിഴ്നാട്ടിലേക്ക് പോകും. മൂന്നുമാസംകൊണ്ട് ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഗോവയില്‍നിന്ന് കേരളത്തിലെത്തിയത്. തേക്കടി ടൂറിസം പ്രമോഷന് സംഘം വലിയ സ്വീകരണവും സഞ്ചാരികള്‍ക്കായി ഒരുക്കി. വൈല്‍ഡ് അവന്യൂ തേക്കടിയാണ് സൗജന്യമായി മുഴുവന്‍ സൗകര്യങ്ങളും ഒരുക്കികൊടുത്തത്.
Content Highlights: caravan tourism world tour thekkady
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..